ചുഴലിയിൽ രാത്രി വീണ്ടും പുലി; തിരച്ചിൽ നടത്തി നാട്ടുകാർ
Mail This Article
ശ്രീകണ്ഠപുരം∙ഒരാഴ്ചയായി പുലിപ്പേടി നിലനിൽക്കുന്ന ഈ മേഖലയിൽ വീണ്ടും പുലിയെ കണ്ടെന്ന് പരാതി. 14ന് രാത്രി വൈകി ചുഴലി നവപ്രഭ വാനശാലയുടെ മുന്നിലെ റോഡ് മുറിച്ചു കടന്ന് ജുമാമസ്ജിദ് പരിസരത്തേക്ക് ഓടുന്നത് കണ്ടതായി വാഹനയാത്രക്കാർ അറിയിച്ചതിനെ തുടർന്ന് രാത്രിയിൽ നാട്ടുകാർ വ്യാപക പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
ഒരാഴ്ചയായി ചെങ്ങളായി പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും പുലിപ്പേടി നിലനിൽക്കുന്നുണ്ട്. ചുഴലി കൊളത്തൂർ റോഡിൽ മലപ്പട്ടം സ്വദേശിയായ ഒരാൾ രാത്രിയിൽ പുലിയെ കണ്ടതായാണ് ആദ്യത്തെ പരാതി. രാത്രി കാറിൽ പോകുമ്പോൾ കണ്ടതായാണ് പറഞ്ഞത്. അടുത്ത ദിവസം വനം വകുപ്പ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. 2 ദിവസം കഴിഞ്ഞപ്പോൾ ഇവിടെ നിന്ന് 4 കിലോമീറ്റർ ദൂരെ എടക്കളം തട്ടിൽ പുലിയെ കണ്ടു.
രാവിലെ ചെങ്കല്ല് കയറ്റാൻ എത്തിയ ലോറിക്കാരാണ് പുലിയെ കണ്ടത്. തളിപ്പറമ്പിൽ നിന്ന് എത്തിയ വനംവകുപ്പ് സംഘം ഇവിടെ നടത്തിയ പരിശോധനയിൽ കാൽപാടുകൾ പുലിയുടേതു തന്നെയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് ആറളത്ത് നിന്ന് 6 അംഗ ആർആർടി സംഘം സ്ഥലത്ത് എത്തി ഡ്രോൺ നിരീക്ഷണം നടത്തിയിട്ടും കണ്ടെത്താൻ കഴിയാതെ മടങ്ങുകയായിരുന്നു.
3 ദിവസം മുൻപ് ഇതിനടത്ത എടന്നൂരിൽ രാവിലെ റബർ ടാപ്പിങ് തൊഴിലാളി പുലിയെ കണ്ടതായി പറഞ്ഞു. ഇവിടെയും വനംവകുപ്പ് സംഘം എത്തി പരിശോധന നടത്തിയിരുന്നു. ഇതേ സമയത്ത് തന്നെ ഏരുവേശി പഞ്ചായത്തിലെ ഏറ്റുപാറയിലും പുലിയെ കണ്ടതായി പരാതി ഉയർന്നു. എടക്കളംതട്ടിൽ കണ്ടത് പുലിയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ചെങ്ങളായി പഞ്ചായത്തിൽ എവിടെയോ പുലി മറഞ്ഞിരിപ്പുണ്ടെന്ന ആശങ്ക വനംവകുപ്പിനും പഞ്ചായത്തിനും ഉണ്ട്.