10,000 കോഴികളെ വളർത്തി ഒന്നര മാസം കൊണ്ട് ഒന്നര ലക്ഷം രൂപ സമ്പാദിക്കാം; ലാഭം നിറയ്ക്കാം
Mail This Article
കണ്ണൂർ∙ 10,000 കോഴികളെ വളർത്തി ഒന്നര മാസം കൊണ്ട് ഒന്നര ലക്ഷം രൂപ വരുമാനമുണ്ടാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ കുടുംബശ്രീ മിഷന്റെ കേരള ചിക്കൻ പദ്ധതിയിൽ ചേരാം. ഇത്രയും കോഴികളെ വളർത്താനുള്ള അടിസ്ഥാന സൗകര്യങ്ങളുള്ള കൂടൊരുക്കിയാൽ മാത്രം മതി. കോഴിക്കുഞ്ഞുങ്ങൾ, തീറ്റ, മരുന്ന് എന്നിവയെല്ലാം കേരള ചിക്കൻ കമ്പനി എത്തിക്കും. വളർത്തുക, വിൽക്കുക, ലാഭമെടുക്കുക എന്നതു മാത്രമേ സംരംഭകർ ചെയ്യേണ്ടതുള്ളൂ.
കോഴിയിറച്ചി കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കുന്ന സർക്കാർ പദ്ധതിയാണ് കേരള ചിക്കൻ. കുടുംബശ്രീ മിഷൻ സംസ്ഥാനമാകെ കേരള ചിക്കൻ ആരംഭിച്ചെങ്കിലും ആവശ്യം കൂടിയതോടെ കൂടുതൽ പേരെ അംഗങ്ങളാക്കാനുള്ള വലിയ പദ്ധതിയാണു നടപ്പാക്കുന്നത്. കുടുംബശ്രീ അംഗങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കോ പദ്ധതിയിൽ ചേരാം. സിഡിഎസ് വഴിയാണു അപേക്ഷ നൽകേണ്ടത്. ഫാം പുതിയതായി ആരംഭിക്കാൻ താൽപര്യമുള്ളവർക്കും നിലവിൽ ഫാം നടത്തുന്നവർക്കും അപേക്ഷിക്കാം.
ഒരു കോഴിക്ക് 1.2 ചതുരശ്ര അടി സ്ഥലം എന്നരീതിയിൽ 1000 മുതൽ 10000 കോഴികളെ വരെ വളർത്താവുന്ന ഫാം ആണു വേണ്ടത്. ഫാം തുടങ്ങാൻ വ്യവസായ വകുപ്പ്, ഖാദി ബോർഡ് എന്നിവയിൽനിന്നു വായ്പ ലഭിക്കും. 20 ലക്ഷം രൂപ ലോണെടുത്താൽ 7 ലക്ഷം രൂപ സബ്സിഡിയുണ്ട്. കുടുംബശ്രീ വഴി നടപ്പാക്കുന്ന പദ്ധതിക്ക് കേരള ചിക്കൻ കമ്പനിക്ക് ഒരു സെക്യൂരിറ്റിയും നൽകേണ്ടതില്ല.
കോഴി 40 ദിവസം വളർച്ചയാകുമ്പോൾ കമ്പനി തിരിച്ചെടുക്കും. ഒരു കിലോയ്ക്ക് 6–13 രൂപയാണു വളർത്തുകൂലി. ഒരു കോഴിയിൽ നിന്ന് 20 -26 രൂപ 40 ദിവസം കൊണ്ടു ലഭിക്കും. 10,000 കോഴിയെ വളർത്തുന്ന ഒരു സംരംഭകന് എല്ലാ ചെലവും കഴിഞ്ഞ് ഒന്നര ലക്ഷം രൂപ ലാഭം കിട്ടുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം.വി.ജയൻ പറഞ്ഞു. അടുത്തുള്ള സിഡിഎസുമായോ 8075089030 എന്ന നമ്പറിലോ ബന്ധപ്പെടാം.
പദ്ധതി നടപ്പാക്കൽ ഇങ്ങനെ..
∙ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞും തീറ്റയും കമ്പനി ലഭ്യമാക്കും. മരുന്ന്, വാക്സീൻ എന്നിവയ്ക്കു ചെലവായ തുകയും ലഭിക്കും.
∙ തദ്ദേശ സ്ഥാപനത്തിന്റെ ഫാം ലൈസൻസ് ഉണ്ടായിരിക്കണം. എന്നാൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ആദ്യത്തെ ഒരു വർഷത്തേക്ക് ലൈസൻസ് വേണ്ടതില്ല. അത് സംസ്ഥാനമാകെ ഉടൻ നടപ്പാകും.
∙ഫാമിലേക്കുള്ള വഴി വലിയ വാഹനങ്ങൾക്ക് പോവാൻ സൗകര്യം വേണം.
∙വ്യക്തിക്കോ നാലുപേരടങ്ങുന്ന സംഘമായോ തുടങ്ങാം.
∙ഗ്രൂപ്പ് അംഗങ്ങൾ ഒരേ സിഡിഎസിന് കീഴിൽ പ്രവർത്തിക്കുന്നവരായിരിക്കണം.
∙ അപേക്ഷ ലഭിച്ചതിനുശേഷം ചെയർപഴ്സനും ബ്ലോക്ക് കോ ഓർഡിനേറ്ററും ഫാം സന്ദർശിച്ച് അടിസ്ഥാന സൗകര്യം വിലയിരുത്തണം. ഫാം സൂപ്പർവൈസർ ഫാം സന്ദർശിച്ചശേഷം കമ്പനിയുടെ മാനദണ്ഡം പ്രകാരമാണോ എന്നു വിലയിരുത്തും. തുടർന്ന് അപേക്ഷ ജില്ലാ മിഷനിൽ സമർപ്പിക്കും.