മട്ടന്നൂരിൽ ക്ലോക്ക് ടവർ വരുന്നു; ഗതാഗത സംവിധാനം മാറ്റി
Mail This Article
മട്ടന്നൂർ∙ നഗരത്തിലെ പ്രധാന ജംക്‌ഷനിൽ ക്ലോക്ക് ടവർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നിലവിലെ വാഹന ഗതാഗത സംവിധാനം മാറ്റി പുതിയ ക്രമീകരണം തുടങ്ങി. മട്ടന്നൂർ -ഇരിട്ടി റോഡ് ജംക്‌ഷനിലാണ് ക്ലോക്ക് ടവർ സ്ഥാപിക്കുന്നത്. മട്ടന്നൂർ നഗരസഭയും പൊലീസും പൊതുമരാമത്ത് വകുപ്പും സംയുക്തമായി തീരുമാനിച്ചാണു പുതിയ പരിഷ്കാരം നടപ്പാക്കുന്നത്. ഇരിട്ടി, കണ്ണൂർ, തലശ്ശേരി റോഡുകൾ കൂടിച്ചേരുന്ന മട്ടന്നൂർ ജംക്‌ഷനിലാണ് 15 ലക്ഷം രൂപ ചെലവഴിച്ചു ക്ലോക്ക് ടവർ സ്ഥാപിക്കുന്നത്. കെ.കെ.ശൈലജ എംഎൽഎയുടെ വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്.
ഇതിനായി ഇവിടെയുള്ള ട്രാഫിക് സിഗ്‌നലും ഹൈമാസ്റ്റ് ലൈറ്റും നീക്കം ചെയ്തു. ട്രാഫിക് സിഗ്‌നൽ സ്ഥാപിച്ചിട്ട് വർഷങ്ങളായെങ്കിലും പ്രവർത്തിച്ചിരുന്നില്ല. ഇന്നലെ മുതൽ പുതിയ ഗതാഗത ക്രമീകരണം പാലിച്ചാണ് വാഹനങ്ങൾ കടന്നു പോകുന്നത്. വാഹന യാത്രക്കാർ ഇതുമായി സഹകരിക്കണമെന്ന് നഗരസഭ ചെയർമാൻ എൻ.ഷാജിത്ത് പറഞ്ഞു. നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായാണ് മട്ടന്നൂരിൽ ക്ലോക്ക് ടവറും ഓപ്പൺ ഓഡിറ്റോറിയവും സ്ഥാപിക്കുന്നത്. ഓഡിറ്റോറിയത്തിന്റെ പ്രവൃത്തി ബസ് സ്റ്റാൻഡ് പരിസരത്തു പുരോഗമിച്ചു വരികയാണ്.