വീട്ടിൽ എത്തണമെങ്കിൽ ഇനി ടാക്സി പിടിക്കണം; 20 മുതൽ 30 വരെ ട്രെയിനിലും കെഎസ്ആർടിസിയിലും ടിക്കറ്റില്ല
Mail This Article
കണ്ണൂർ∙ ക്രിസ്മസ്– പുതുവത്സരാഘോഷത്തിനു നാട്ടിലെത്താൻ തിരുവനന്തപുരത്തോ ബെംഗളൂരുവിലോ ഉള്ള കണ്ണൂരുകാർ ആഗ്രഹിക്കുന്നെങ്കിൽ ഇനി ടാക്സി പിടിക്കുകയോ സ്വന്തം വാഹനം ഉപയോഗിക്കുകയോ വേണ്ടിവരും. ട്രെയിനിലോ കെഎസ്ആർടിസിയിലോ റിസർവേഷൻ ചെയ്തു നാട്ടിലേക്കു വരാമെന്ന് ആരും കരുതേണ്ട. ക്രിസ്മസ് അവധിക്കാലം തുടങ്ങുന്ന 20 മുതൽ 30 വരെ ട്രെയിനിലും കെഎസ്ആർടിസിയിലും ടിക്കറ്റൊന്നും ലഭിക്കാനില്ല. സ്വകാര്യ ബസ് സർവീസുകളെ ആശ്രയിക്കാമെന്നുവച്ചാൽ കഴുത്തറപ്പൻ ചാർജും. സീസൺ ആയതോടെ ടിക്കറ്റ് നിരക്ക് ഇരട്ടിവരെയാക്കിയിരിക്കുകയാണ് സ്വകാര്യ ബസ് സർവീസുകൾ.
ബെംഗളൂരുവിൽനിന്നു കണ്ണൂരിലേക്ക് കെഎസ്ആർടിസിക്ക് നിത്യേന അഞ്ച് സർവീസുകളാണുള്ളത്. രാവിലെ ഒന്നും രാത്രി നാലെണ്ണവും. തിരിച്ചും അഞ്ച് സർവീസ്. 20 മുതൽ ഈ ബസിലൊന്നും റിസർവേഷൻ ടിക്കറ്റുകളില്ല. ഏതു ദിവസം നോക്കിയാലും ‘സോൾഡ് ഔട്ട്’ എന്നേ കാണൂ. ഓഡിനറി 480, സ്ലീപ്പർ 640 എന്നിങ്ങനെയാണ് ചാർജ്. ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് നിത്യേന രണ്ട് ട്രെയിൻ സർവീസുകളാണുള്ളത്. കോഴിക്കോട്ടു വഴി വരുന്ന യശ്വന്ത്പുര എക്സ്പ്രസും (16527) മംഗളൂരു വഴി വരുന്ന 16511 നമ്പർ ട്രെയിനും. രണ്ടിലും 2025 ജനുവരി മുതലേ റിസർവേഷൻ ഉള്ളൂ. യശ്വന്ത്പുരയിൽ സ്ലീപ്പറിൽ വെയ്റ്റിങ് ലിസ്റ്റ് നമ്പർ 190നു മുകളിലേക്കാണ് 20 മുതലുള്ള ദിവസങ്ങൾ. സെക്കൻഡ് എസിയിലും തേർഡ് എസിയിലുമൊക്കെ ഇതുതന്നെ അവസ്ഥ.
മാസങ്ങൾക്കു മുൻപേ റിസർവേഷൻ ചെയ്തവർക്കു മാത്രമേ സമാധാനത്തോടെ നാട്ടിലെത്താൻ സാധിക്കൂ എന്നതാണ് അവസ്ഥ. ഇനി പ്രൈവറ്റ് ബസുകളിൽ നാട്ടിലെത്താമെന്നു കരുതിയാൽ കീശ കീറിയതുതന്നെ. ബെംഗളൂരുവിൽനിന്ന് ഇരിട്ടി, കണ്ണൂർ, തലശ്ശേരി ഭാഗത്തേക്കുള്ള ബസുകൾക്ക് 2000–2500 രൂപയാണ് അവധി ദിവസങ്ങളിൽ ഈടാക്കുന്നത്. സാധാരണ നോൺ എസി 1000, എസി 1100 വരെ ചാർജ് ഈടാക്കിയിടത്താണ് ഇപ്പോൾ തോന്നിയതുപോലെ പണം വാങ്ങുന്നത്. നാലംഗ കുടുംബം നാട്ടിലെത്താൻ 10,000 രൂപ ബസ് ചാർജ് മാത്രമായി നൽകണം.
കണ്ണൂർ ജില്ലയിലെ ആയിരക്കണക്കിനു വിദ്യാർഥികളും ഐടി മേഖലയിലെ ജീവനക്കാരുമാണ് ബെംഗളൂരുവിലുള്ളത്. പലരും വാഹനം വാടകയ്ക്കെടുത്തും സ്വന്തം വാഹനത്തിലുമായി നാട്ടിലെത്താനുള്ള പെടാപ്പാടിലാണ്. വിദ്യാർഥികളാണ് ഏറ്റവുമധികം പ്രയാസമനുഭവിക്കുക. വിമാനടിക്കറ്റുകളുടെ ചാർജും വിമാനം ഉയരുംപോലെയാണ്. ദിവസേന ചാർജ് കൂട്ടിക്കൊണ്ടിരിക്കുകയാണ് കമ്പനികൾ. കെഎസ്ആർടിസി സ്പെഷൽ ബസുകൾ ഏർപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ബെംഗളൂരു മലയാളികൾ.
കേരളത്തിലും ഇതുതന്നെ സ്ഥിതി !
∙ തിരുവനന്തപുരത്തുനിന്ന് മലബാറിലേക്കുള്ള യാത്രയും അതിദയനീയാവസ്ഥയിലാണ്. ഒറ്റ ട്രെയിനിലും റിസർവേഷൻ ഇല്ലെന്നതാണു സ്ഥിതി. സാധാരണ എല്ലാ കൊല്ലവും ക്രിസ്മസ്– പുതുവത്സരത്തിനു സ്പെഷൽ ട്രെയിൻ ഏർപ്പെടുത്താറുണ്ട് റെയിൽവേ. എന്നാൽ ക്രിസ്മസിന് 9 ദിവസം മാത്രമേ ബാക്കിയുള്ളൂവെന്നിരിക്കെ ഇതുവരെ ഒരു ട്രെയിനും പ്രഖ്യാപിച്ചിട്ടില്ല.