കുനാഫയും കേക്കിൽ, പേര് ‘കുനാഫ കാഷ്യു മാജിക്’; ഇത്തിരി പുളിയും നുണയാൻ ‘ലെമൺ ആൻഡ് ബെറി’
Mail This Article
കണ്ണൂർ ∙ മലബാറുകാരുടെ പ്രിയ പലഹാരമായ കുനാഫയുടെ കേക്ക് ക്രിസ്മസിനൊന്നു രുചിച്ചുനോക്കിയാലോ.. ‘കുനാഫ കാഷ്യു മാജിക്’ എന്ന പേരിൽ ബേക്കറികളിൽ കുനാഫ കേക്കും പുത്തൻരുചിയായി എത്തിയിട്ടുണ്ട്. ക്രിസ്മസിന് മധുരത്തോടൊപ്പം ഇത്തിരി പുളിയും നുണയാൻ ചെറുനാരങ്ങ കേക്കും തയാറാണ് (ലെമൺ ആൻഡ് ബെറി).
സ്നേഹത്തിന്റെയും പങ്കിടലിന്റെയും രുചിയാണു ക്രിസ്മസ് കേക്കിനു കൂടുതൽ മധുരമേകുന്നത്. ഒരു ക്രിസ്മസ് കൂടിയടുക്കുമ്പോൾ പുതിയ രുചികൾ നിറയ്ക്കാൻ വ്യത്യസ്ത കേക്കുകൾ എത്തിത്തുടങ്ങി. 141 വർഷങ്ങൾക്കു മുൻപ് ഇന്ത്യയുടെ നാവിൽ ആദ്യമായി കേക്കിന്റെ രുചിയറിയിച്ച മാമ്പള്ളി കുഞ്ഞമ്പുവിൽനിന്നു പാരമ്പര്യമായി കിട്ടിയ രുചിക്കൂട്ടിൽ തയാറാക്കിയ ‘ഐസിങ് കേക്ക്’ ഇത്തവണത്തെ ക്രിസ്മസിലും ഇടംപിടിച്ചിട്ടുണ്ട്.
സായ്പ് കൊടുത്ത കേക്ക് രുചിച്ചുനോക്കി പുതിയ ചേരുവകൾ സ്വയം കണ്ടെത്തി അതേ രുചിയിലാണു കുഞ്ഞമ്പു കേക്കുണ്ടാക്കിയത്. കാലംകടന്നു പോകവേ ആദ്യ കേക്കിനു മുകളിൽ പഞ്ചസാരയും മുട്ടയും ചേർത്തു ഫ്രോസ്റ്റിങ് ചെയ്തു. ഐസിങ് കേക്കുണ്ടായി. സാധാരണ ദിവസങ്ങളിൽ ഐസിങ് കേക്കുകൾ കിട്ടാറില്ല. എന്നാൽ ക്രിസ്മസ് കാലത്ത് പാരമ്പര്യത്തിന്റെ മിഴിവോടെ കടകളിൽ അവ ഇടംനേടും.
ഓട്സ്, ഗോതമ്പ് എന്നിവകൊണ്ടു മാത്രമല്ല ബ്ലൂബറി, സ്ട്രോബറി, മാമ്പഴം തുടങ്ങി ഒട്ടുമിക്ക പഴങ്ങളുടെയും കേക്കുണ്ട്.പ്ലമ്മും മുന്തിരിയും കശുവണ്ടിയും പഴങ്ങളും നിറഞ്ഞ പ്ലം കേക്കും ക്രിസ്മസിനെ കാത്തിരിക്കുകയാണ്. ഇന്നു പല ബ്രാൻഡുകളിലും രൂപത്തിലും വിപണിയിൽ അവ ഇടംനേടി. ‘റിച്ച് പ്ലം’ കേക്കാണ് പ്ലം കേക്കിൽ ആളുകൾക്ക് കൂടുതൽ പ്രിയം.