ഇരിട്ടി താലൂക്ക് അദാലത്ത്: തീർപ്പായത് 146 പരാതികൾ
Mail This Article
ഇരിട്ടി∙ ഇരിട്ടി താലൂക്ക്തല ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തിൽ 146 പരാതികൾ തീർപ്പായി. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും ഒ.ആർ.കേളുവും മണിക്കൂറോളം നേരിട്ടിരുന്നു 438 പരാതിക്കാരെ കേട്ടു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടു ചർച്ച നടത്തിയ ശേഷം ആണ് മന്ത്രിമാർ തീർപ്പ് കൽപിച്ചത്. നേരത്തെ ഓൺലൈനായും നിശ്ചിത സമയ പരിധിക്കുള്ളിലും ആയി 208 പരാതികളാണ് ലഭിച്ചത്. ഇന്നലെ പുതിയതായി 230 പരാതികൾ കൂടി എത്തി. 34 പേർക്ക് മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്തു. എംഎൽഎമാരായ കെ.കെ.ശൈലജ, സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, എഡിഎം സി.പത്മചന്ദ്ര കുറുപ്പ് എന്നിവർ നേതൃത്വം നൽകി. ഇതോടെ ജില്ലയിലെ താലൂക്ക്തല അദാലത്തുകൾക്കു സമാപനമായി.
അദാലത്തിൽ എടുത്ത തീരുമാനങ്ങൾ ഉദ്യോഗസ്ഥർ നടപ്പിലാക്കുമ്പോൾ മാത്രമേ അദാലത്തിൽ എത്തിയവർക്ക് നീതി ലഭിക്കൂവെന്നു സമാപനത്തിൽ മന്ത്രി ഒ.ആർ.കേളു പറഞ്ഞു. ജനങ്ങളുമായി ഹൃദയബന്ധം സ്ഥാപിക്കുന്ന ജനകീയ പരിപാടിയാണ് താലൂക്ക് അദാലത്തെന്നു ഉദ്ഘാടനത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. പൊതുജനങ്ങളുടെ പരാതികളിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ കരുതലോടെയാണു പരിഹാരം കാണുന്നത്. ജനങ്ങളുടെ വിവിധ പ്രശ്നങ്ങൾ നിയമപരമായി നേരിട്ട് സമയോചിതമായി പരിഹരിച്ച് മുന്നോട്ടു പോകും. സർക്കാർ തലത്തിൽ ശ്രദ്ധ കൊടുക്കേണ്ട വിഷയങ്ങൾ ഉണ്ടെങ്കിൽ അവ ബന്ധപ്പെട്ട വകുപ്പ് വഴി സർക്കാരിലേക്ക് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇരിട്ടി നഗരസഭാ അധ്യക്ഷ കെ.ശ്രീലത, മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത്, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബി.ഷംസുദ്ദീൻ (പടിയൂർ), പി.രജനി (പായം), ടി.ബിന്ദു (മുഴക്കുന്ന്), സി.ടി.അനീഷ് (കേളകം), റോയി നമ്പുടാകം (കൊട്ടിയൂർ), കെ.പി.രാജേഷ് (ആറളം), ആന്റണി സെബാസ്റ്റ്യൻ (കണിച്ചാർ), സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, അസിസ്റ്റന്റ് കലക്ടർ ഗ്രന്ഥേ സായി കൃഷ്ണ, ഡിഎം ഡപ്യൂട്ടി കലക്ടർ കെ.വി.ശ്രുതി, ഡിഎഫ്ഒ ടി.കാർത്തിക്, ഇരിട്ടി തഹസിൽദാർ സി.വി.പ്രകാശൻ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പുതിയതായി ലഭിച്ച പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾ മുഖേന പരിശോധിച്ച് പിന്നീട് തീരുമാനം അറിയിക്കും.
27 വർഷത്തെ കാത്തിരിപ്പിന് അറുതി; പടിയൂരിലെ 22 കുടുംബങ്ങൾക്ക് ഇനി നികുതി അടയ്ക്കാം
∙മുഴക്കുന്ന് പാല പ്രദേശത്ത് നിന്നും 1997ൽ കുടിയൊഴിപ്പിക്കപ്പെട്ട് അതേ വർഷം പടിയൂർ വില്ലേജിൽ ഭൂമി അനുവദിച്ച 22 കുടുംബങ്ങളുടെ നികുതി സ്വീകരിക്കാൻ അദാലത്തിൽ തഹസിൽദാർക്ക് മന്ത്രി ഒ.ആർ.കേളു നിർദേശം നൽകി. ഈ കുടുംബങ്ങളുടെ 27 വർഷത്തെ കാത്തിരിപ്പിനാണ് ഇതോടെ അറുതിയാകുന്നത്. ഇതുവരെ ഭൂനികുതി സ്വീകരിക്കാത്തതു ചൂണ്ടിക്കാട്ടി 22 കുടുംബങ്ങളുടെ പരാതിയുമായി കെ.എൻ.ശങ്കരനാണ് അദാലത്തിൽ എത്തിയത്. നികുതി രസീത് ഇല്ലാത്തതിനാൽ ആദിവാസികൾ ഉൾപ്പെടെയുള്ളവർക്ക് സർക്കാരിൽ നിന്ന് വീടോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്നും പരാതിക്കാരൻ പറഞ്ഞു. ഒരു മാസത്തിനുള്ളിൽ എല്ലാ വിഷയവും പരിഹരിച്ച് അതിർത്തി നിർണയം നടത്തി നികുതി സ്വീകരിക്കണമെന്നാണ് ഇരിട്ടി തഹസിൽദാർക്ക് മന്ത്രി നിർദേശം നൽകിയത്.
മലിനജലപ്രശ്നം: ക്രഷറിൽ പരിശോധന നടണം
∙സമീപ വീടുകളിലേക്ക് മലിനജലം ഒഴുക്കുന്നുവെന്ന എടക്കാനം ഹിന്ദുസ്ഥാൻ സാൻഡ് മൈനിങ് യൂണിറ്റിന് എതിരായ പരാതിയിൽ പരിശോധന നടത്തി നടപടിയെടുക്കാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർക്ക് നിർദേശം നൽകി. എടക്കാനത്തെ പി.എൻ.ദാമോദരന്റെ പരാതിയിലാണ് മന്ത്രിയുടെ ഇടപെടൽ. മലിനജലം പരാതിക്കാരന്റെ പറമ്പിലേക്ക് ഒഴുക്കുന്നുവെന്നു പരിശോധനയിൽ കണ്ടെത്തിയാൽ സ്റ്റോപ് മെമ്മോ നൽകി പ്രവർത്തനം നിർത്തി വയ്പിക്കാനും മന്ത്രി നിർദേശം നൽകി.
വന്യജീവിശല്യം: സ്ഥലം ഏറ്റെടുക്കുന്നത് പരിശോധിക്കണം
∙കൊട്ടിയൂരിലെ ജോയ് കരിന്തോളിന്റെ വനത്തോടു ചേർന്ന് കിടക്കുന്ന ഭൂമി ഏറ്റെടുക്കാനാകുമോയെന്നു പരിശോധിക്കാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കണ്ണൂർ ഡിഎഫ്ഒയെ ചുമതലപ്പെടുത്തി. വന്യജീവിശല്യം മൂലം പൊറുതുമുട്ടിയാണു ഭിന്നശേഷിക്കാരനായ ജോയ് അദാലത്തിന് എത്തിയത്. കൃഷി നടത്തി ഉപജീവനം കണ്ടെത്താൻ കഴിയാത്ത അവസ്ഥ. പ്രായാധിക്യം മൂലം മറ്റ് പണികൾക്കൊന്നും പോകാനും പറ്റുന്നില്ല. അതിനാൽ, വനത്തോടു ചേർന്ന് കിടക്കുന്ന സ്വന്തം സ്ഥലം പണം നൽകി ഏറ്റെടുക്കണമെന്നായിരുന്നു ജോയിയുടെ ആവശ്യം. നടപടികൾ കാലതാമസം കൂടാതെ സ്വീകരിക്കാനും മന്ത്രി നിർദേശിച്ചു.
നിജിലക്ക് എഎവൈകാർഡിന് അനുമതിയായി
∙ചാവശ്ശേരി സ്വദേശിനി എ.നിജിലയുടെ റേഷൻ കാർഡ് അന്ത്യോദയ അന്ന യോജനയാക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉറപ്പുനൽകി. ഭിന്നശേഷിക്കാരനായ മകനും രോഗിയായ ഭർത്താവും സ്ഥിരം മരുന്നു കഴിക്കുന്നതിനാൽ എഎവൈ കാർഡ് അനുവദിക്കണമെന്നായിരുന്നു നിജിലയുടെ അപേക്ഷ.
സരോജിനി അമ്മയ്ക്ക് അഭയം നൽകും
∙2 മക്കളും മരിച്ച് അനാഥയായ പഴശ്ശി കയനി കുഴിക്കൽ ഹൗസിൽ സരോജിനി അമ്മയെ അഴീക്കോട് ഗവ. വൃദ്ധസദനത്തിൽ പ്രവേശിപ്പിക്കാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജില്ലാ സാമൂഹ്യനീതി ഓഫിസർക്ക് നിർദേശം നൽകി. 5 സഹോദരങ്ങൾ ഉണ്ടെങ്കിലും ആരും സംരക്ഷിക്കാത്തതിനാൽ ഇവർ നിലവിൽ സ്വകാര്യ അനാഥാലയത്തിലാണ് താമസിക്കുന്നത്. അവിടെ നിന്ന് ഈ മാസം മാറണമെന്ന് അറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണ് സരോജിനി അമ്മ അദാലത്തിൽ എത്തിയത്. തന്റെ സ്വത്ത് സർക്കാരിലേക്ക് നൽകാൻ ആഗ്രഹിക്കുന്നതായും പകരം തന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം എന്നുമായിരുന്നു സരോജിനി അമ്മയുടെ ആവശ്യം.
ബിന്ദുവിന് ഇനി ഉറങ്ങാം,പുഴയെ ഭയക്കാതെ
∙കാഞ്ഞിരപ്പുഴയോട് ചേർന്നുള്ള പുരയിടത്തിന്റെ അതിര് ഇടിഞ്ഞുതാഴുന്നതിനാൽ വീട് അപകടാവസ്ഥയിലാണെന്ന പേരാവൂർ തൊണ്ടിയിൽ സ്വദേശി ബിന്ദുവിന്റെ പരാതിയിൽ പരിഹാരം. റിവർ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് മതിൽ കെട്ടാനുള്ള നടപടി സ്വീകരിക്കാൻ മന്ത്രി കലക്ടർക്ക് നിർദേശം നൽകി.
കർഷക പെൻഷൻ:സിറിയക്കിന് ആശ്വാസം
∙ആറളം ചെടിക്കുളത്തെ എം.എം സിറിയക്കിന് കർഷക പെൻഷൻ കുടിശിക അനുവദിക്കും. ആധാർ ഡ്യൂപ്ലിക്കേഷൻ കാരണമാണ് പെൻഷൻ മുടങ്ങിയതെന്നു പ്രിൻസിപ്പൽ കൃഷി ഓഫിസർ മറുപടി നൽകിയെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ വിഷയം പരിഹരിക്കണമെന്ന് മന്ത്രി ഒ.ആർ.കേളു നിർദേശിച്ചു. 2021 മുതൽ ഏതാനും മാസങ്ങളിൽ മാത്രമാണു പെൻഷൻ ലഭിച്ചതെന്നും 2021 - 24 വരെയുള്ള കാലയളവിൽ 31 മാസങ്ങളിലെ പെൻഷൻ മുടങ്ങിയെന്നും കാണിച്ചാണ് സിറിയക് അദാലത്തിൽ പരാതിയുമായി എത്തിയത്.