ബസുകൾക്ക് കുരുക്കിട്ട് മാങ്ങാട്ടുപറമ്പ് അടിപ്പാത; വെറും 4 മീറ്റർ മാത്രം വീതി, ബസുകൾക്ക് കടന്നുവരാനാകില്ല
Mail This Article
കല്യാശ്ശേരി ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി മാങ്ങാട്ടുപറമ്പിൽ നിർമിച്ച അടിപ്പാത ആർക്കുവേണ്ടി? കണ്ണപുരം റോഡിലേക്ക് ഈ വഴി സർവീസ് നടത്തുന്ന ബസുകളടക്കം വലിയ വാഹനങ്ങൾ എങ്ങനെ കടക്കുമെന്ന ചോദ്യത്തിനും മറുപടിയില്ല. തളിപ്പറമ്പ്–ചെറുകുന്ന് റൂട്ടിൽ സർവീസ് നടത്തുന്ന 23 സ്വകാര്യ ബസുകളുടെ യാത്രയാണ് ഇതോടെ പ്രതിസന്ധിയിലാകുന്നത്.
വീതിയേറിയ കണ്ണപുരം റോഡിന് ചേർന്ന് വെറും 4 മീറ്റർ വീതിയിലാണ് അടിപ്പാത നിർമിച്ചത്. ഉയരം വെറും 3.5 മീറ്റർ മാത്രം. അടിപ്പാതയിലൂടെ കടന്നുപോകുന്ന ചെറുവാഹനങ്ങൾ പോലും പലപ്പോഴും കുരുക്കിലാകുന്നു. കണ്ണപുരം റോഡിൽ നിന്നു സർവീസ് റോഡിലേക്ക് കടക്കാനും വലിയ വാഹനങ്ങൾ ഏറെ പ്രയാസപ്പെടുന്നുണ്ടെന്നു പരാതി ഉയർന്നു. തളിപ്പറമ്പ് നിന്നുള്ള ബസുകൾക്ക് കണ്ണപുരം റോഡിലേക്ക് കടക്കാൻ 3 കിലോമീറ്ററിലധികം ദൂരം ചുറ്റിവരണം. നിലവിൽ ബസുകൾ കല്യാശ്ശേരി മാങ്ങാട് എത്തി തിരിച്ചുവരേണ്ടി വരുന്നു. ഇതുകാരണം ബസുകൾക്ക് കൃത്യസമയത്ത് ഓടിയെത്താൻ പോലും സാധിക്കുന്നില്ല. ദിവസേനയുള്ള അധികഓട്ടം ഇന്ധന നഷ്ടമുണ്ടാക്കുന്നതായും ജീവനക്കാർ പറഞ്ഞു.
കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരാനുള്ള പ്രധാന റോഡ് അടഞ്ഞുപോയിട്ടും ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ ജനപ്രതിനിധികൾക്ക് സാധിക്കുന്നില്ല. കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാംപസ്, റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസ്, ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്ന റോഡിലേക്കുള്ള പ്രവേശനമാണ് തടസ്സപ്പെട്ടിരിക്കുന്നത്. ജനവാസ കേന്ദ്രമായ മാങ്ങാട്ടുപറമ്പ്, മൊറാഴ, കണ്ണപുരം പ്രദേശത്തേക്കുള്ള പ്രധാന പാത കൂടിയാണിത്.
ബസുകൾക്ക് കടന്നുപോകാൻ ധർമശാലയിൽ തന്നെ പാത ഒരുക്കണമെന്നു ആവശ്യപ്പെട്ടു ബസ് ജീവനക്കാരും ഉടമകളും ശക്തമായ പ്രതിഷേധ സമരത്തിനൊരുങ്ങുകയാണ്. ശാശ്വതമായ പരിഹാരം നിർദേശിക്കപ്പെടാതെ പോയതിനാൽ കണ്ണപുരം റോഡ് റൂട്ടിൽ പൊതുഗതാഗത സംവിധാനം തന്നെ ഇല്ലാതാകുമെന്ന ഭീതിയിലാണ് നാട്ടുകാർ.