86 വർഷങ്ങൾക്കു ശേഷം കരിവെള്ളൂരിലെ അരങ്ങിൽ പാട്ടബാക്കി നാടകം
Mail This Article
കരിവെള്ളൂർ∙ ആദ്യത്തെ രാഷ്ട്രീയ നാടകമായ കെ.ദാമോദരൻ രചിച്ച പാട്ടബാക്കി 86 വർഷങ്ങൾക്കു ശേഷം കരിവെള്ളൂരിൽ അരങ്ങേറി.1938 ൽ അഭിനവ് ഭാരത് യുവക് സംഘത്തിന്റെ അയത്രവയൽ സമ്മേളനത്തിലാണു പാട്ടബാക്കി ആദ്യമായി കരിവെള്ളൂരിൽ അരങ്ങേറിയത്. റീഡിംഗ് തീയേറ്റർ സങ്കേതം ഉപയോഗിച്ചു വാചികാഭിനയത്തിലൂടെയാണ് കഴിഞ്ഞ ദിവസം നാടകം രക്തസാക്ഷി നഗറിൽ അരങ്ങേറിയത്. സാധാരണ നാടകങ്ങളിൽ നിന്നു വ്യത്യസ്തമായി കൂടുതൽ വെളിച്ചമോ രംഗപടങ്ങളോ ഇല്ലാതെ സംഭാഷണങ്ങളിലൂടെ മാത്രമാണ് നാടകം മുന്നോട്ട് നീങ്ങിയത്.
കരിവെള്ളൂരിലെ ഒട്ടേറെ കലാകാരന്മാർ പാട്ടബാക്കിയിലൂടെ അരങ്ങിലെത്തി. ഉദിനൂർ ബാലഗോപലനാണു സംവിധാനം ചെയ്തത്. കരിവെള്ളൂർ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പുകസ പള്ളിക്കൊവ്വൽ യൂണിറ്റാണ് പാട്ടബാക്കി അരങ്ങിലെത്തിച്ചത്.പാട്ടബാക്കി കലയും കാലവും എന്ന വിഷയത്തിൽ സാഹിത്യകാരൻ ഇ.പി.രാജഗോപാലൻ പ്രഭാഷണം നടത്തി. ടി.വി.നിഷാദ് അധ്യക്ഷത വഹിച്ചു. എം.ശശിമോഹനൻ പ്രസംഗിച്ചു.