എടൂരിൽ വീടിനു തീപിടിച്ചു; ഗ്യാസ് സിലിണ്ടർ ഊരി മാറ്റിയതിനാൽ ദുരന്തം ഒഴിവാക്കി
Mail This Article
ഇരിട്ടി∙ എടൂർ പഴയ പോസ്റ്റ് ഓഫിസ് ജംക‌്ഷനു സമീപം വട്ടക്കുന്നേൽ കുട്ടപ്പന്റെ വീടിന്റെ ചിമ്മിനിക്കു തീപിടിച്ചു. സംഭവ സമയം അടുക്കള ഭാഗത്ത് ആരും ഇല്ലാതിരുന്നതിനാലും വേഗം കെടുത്താനായതിനാലും കൂടുതൽ അപകടം ഒഴിവായി. അടുക്കളഭാഗം പൂർണമായും കത്തിനശിച്ചു. ഇന്നലെ 10 നാണ് സംഭവം.വീടിന്റെ ചിമ്മിനിക്കുള്ളിൽ ഉണക്കാനിട്ട റബർ ഷീറ്റിന് തീ പിടിച്ചു പടരുകയായിരുന്നെന്നാണ് സൂചന. പുക ഉയരുന്നതു കണ്ട് റബർ തോട്ടത്തിൽ പാലെടുത്തുകൊണ്ടിരുന്ന ആൾ ബഹളം വച്ചതോടെ പ്രദേശവാസികളും ഇരിട്ടിയിൽ നിന്നു അഗ്നിരക്ഷാ സേനയും എത്തി തീ അണയ്ക്കുകയായിരുന്നു.
അടുക്കളയിലെ അസ്പ്പറ്റോസ് ഷീറ്റ്, പാത്രങ്ങൾ, വയറിങ് ഉൾപ്പെടെ കത്തിനശിച്ചു. 150 റബർ ഷീറ്റുകളും കത്തിനശിച്ചു. തീ കത്തിയതിൽ വീടിന്റെ ചിമ്മിനി ഉൾപ്പെടെ പലസ്ഥലങ്ങളിലും ചുമരിൽ വിള്ളൽ വീണിട്ടുണ്ട്. വീടിന്റെ സെന്റർ ഹാളിലെ പിവിസി റൂഫിങ് കത്തിനശിച്ചു. തീ പടരുന്നതിനു മുൻപു തന്നെ ആളുകളെത്തി ഗ്യാസ് സിലിണ്ടർ ഊരി മാറ്റിയതും ദുരന്തം ഒഴിവാക്കി.