ഹജ് ഹൗസ് ഒരു വർഷത്തിനകമെന്നു മന്ത്രി; ഉംറ യാത്രക്കാർക്കും പ്രയോജനപ്പെടുത്താം
Mail This Article
മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഹജ് ഹൗസ് ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. ഹജ് ഹൗസ് നിർമാണത്തിന് കണ്ടെത്തിയ സ്ഥലം സന്ദർശിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ രണ്ടാമത്തെ ഹജ് ഹൗസാണ് ഇത്. ഉംറ യാത്രക്കാർക്ക് കൂടി പ്രയോജനപ്പെടുന്ന വിധത്തിലാണ് നിർമിക്കുക. തീർഥാടനം ഇല്ലാത്ത സമയത്ത് മറ്റു പരിപാടികൾക്ക് വാടകയ്ക്ക് നൽകുമെന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ വിമാനത്താവളത്തിലെ ഹജ് പുറപ്പെടൽ വളരെ ആഘോഷത്തോടെയാണ് ജനങ്ങൾ ഏറ്റെടുത്തത്. മുൻവർഷത്തെ അപേക്ഷിച്ചു കൂടുതൽ ആളുകൾ ഈ വർഷം കണ്ണൂരിൽ നിന്ന് യാത്ര ചെയ്തു. മറ്റു വിമാനത്താവളത്തിൽ നിന്നുള്ളതിനേക്കാൾ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമായതും നേട്ടമായി. ഇത് കൂടുതൽ യാത്രക്കാരെ കണ്ണൂരിൽനിന്ന് പുറപ്പെടാൻ പ്രേരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
വിമാനത്താവളത്തിൽ കുറ്റിക്കരയിലെ മൂന്നാം ഗേറ്റിനു സമീപമാണ് ഹജ് ഹൗസ് നിർമിക്കുന്നത്. 2.5 ഏക്കർ സ്ഥലമാണ് ഇതിനായി കിയാൽ വിട്ടുനൽകിയത്. കിയാൽ മാനേജിങ് ഡയറക്ടർ സി.ദിനേശ് കുമാർ, സിഒഒ അശ്വിനി കുമാർ എന്നിവർ ഹജ് ഹൗസ് നിർമിക്കുന്ന സ്ഥലം, റോഡ് കണക്ടിവിറ്റി, പാർക്കിങ് ഏരിയ തുടങ്ങിയ കാര്യങ്ങൾ മന്ത്രിക്ക് വിശദീകരിച്ചു കൊടുത്തു.
കെ.കെ.ശൈലജ എംഎൽഎ, സംസ്ഥാന ഹജ് കമ്മിറ്റി ഹുസൈൻ സഖാഫി ചുള്ളിക്കോട്, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.മിനി, മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ.ഷാജിത്ത്, സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി, ഹജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് റാഫി, ഷംസുദ്ദീൻ നീലേശ്വരം, ഒ.വി.ജാഫർ, പി.ടി.അക്ബർ, ഹജ് ജില്ലാ ട്രെയ്നിങ് ഓർഗനൈസർ നിസാർ അതിരകം, തലശ്ശേരി തഹസിൽദാർ എം.വിജേഷ് എന്നിവർ പങ്കെടുത്തു.
അടുത്ത ഹജ് ക്യാംപ് പഴയ കാർഗോ കെട്ടിടത്തിൽ
∙ ഉദ്ഘാടനം കാത്തുകിടന്നിരുന്ന രാജ്യാന്തര കാർഗോ കെട്ടിടത്തിലായിരുന്നു കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഹജ് ക്യാംപ് പ്രവർത്തിച്ചിരുന്നത്. അടുത്ത മാസം ഉദ്ഘാടനം കഴിഞ്ഞാൽ ഇവിടെ ഹജ് ക്യാംപ് നടത്താൻ കഴിയില്ല. 2025ലെ ഹജ് ക്യാംപിൽ 5,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. പഴയ കാർഗോ കെട്ടിടത്തിൽ ക്യാംപിന് സൗകര്യം ഒരുക്കാമെന്ന് കിയാൽ അധികൃതർ അറിയിച്ചതിനെ തുടർന്ന് മന്ത്രി വി.അബ്ദുറഹിമാനും സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാനും കമ്മിറ്റി അംഗങ്ങളും ആഭ്യന്തര കാർഗോ കെട്ടിടം സന്ദർശിച്ചു.
രാജ്യാന്തര കാർഗോ കെട്ടിടം ഉദ്ഘാടനം പുതുവർഷത്തിൽ
മട്ടന്നൂർ ∙ കണ്ണൂർ വിമാനത്താവളത്തിലെ രാജ്യാന്തര കാർഗോ കെട്ടിടത്തിന്റെ ഉദ്ഘാടനം അടുത്ത മാസം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിമാനത്താവളത്തിൽ എയർ ട്രാഫിക് കൺട്രോൾ സ്റ്റേഷനു സമീപമാണ് രാജ്യാന്തര കാർഗോ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 59,000 മെട്രിക് ടൺ സംഭരണശേഷിയാണ് ടെർമിനലിനുള്ളത്.
2021 ഫെബ്രുവരി 18ന് ആണ് 12,000 മെട്രിക് ടൺ സംഭരണ ശേഷിയുള്ള ആഭ്യന്തര കാർഗോ കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഒക്ടോബർ 16 മുതൽ ചരക്കുനീക്കം തുടങ്ങി. 3 വർഷത്തിനുശേഷമാണ് രാജ്യാന്തര കാർഗോ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്. ഇതോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തെ എയർ കാർഗോ ഹബ് ആയി ഉയർത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. നിലവിൽ വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ആഭ്യന്തര കാർഗോ കെട്ടിടത്തിൽ നിന്നാണ് ആഭ്യന്തര, രാജ്യാന്തര ചരക്കുനീക്കം നടക്കുന്നത്. പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോടെ രാജ്യാന്തര ചരക്ക് നീക്കം ഇവിടേക്ക് മാറും. പഴയ കാർഗോ കെട്ടിടം ആഭ്യന്തര ചരക്ക് നീക്കത്തിനു മാത്രമായി ഉപയോഗപ്പെടുത്തും.