ഓടച്ചൂട്ടുകൾ തെളിഞ്ഞു; തിരുവപ്പന ഉത്സവത്തിന് തുടക്കം
Mail This Article
ശ്രീകണ്ഠപുരം ∙ കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തെ ഒരു മാസം നീണ്ടു നിൽക്കുന്ന തിരുവപ്പന ഉത്സവത്തിന് ആചാരപ്പെരുമയോടെ തുടക്കം. സന്ധ്യയോടെ അഞ്ഞൂറ്റാൻ, പെരുവണ്ണാൻ, തന്ത്രി, കരക്കാട്ടിടം വാണവർ, ചന്തൻ എന്നിവരും മറ്റ് അടിയന്തിരക്കാരും പാടിയിൽ പ്രവേശിച്ചതോടെയാണു തുടക്കമായത്. രാവിലെ മുതൽ താഴെ പൊടിക്കളത്ത് പ്രത്യേക പൂജകൾ ഉണ്ടായിരുന്നു. കരക്കാട്ടിടം വാണവർ എസ്.കെ.കുഞ്ഞിരാമൻ നായനാർ അടിയന്തിരക്കാർക്ക് കൈയിട്ടം നൽകി. ഓടച്ചൂട്ടുകൾ കത്തിച്ച് പരമ്പരാഗത ആചാര പ്രകാരമായിരുന്നു പാടിയിൽ കയറിയത്. കാട്ടിലെ പാടിയിൽ രാത്രി തന്ത്രിയുടെ കാർമികത്വത്തിൽ 25 കലശപൂജ നടത്തി.
നായനാരുടെ കങ്കാണിയറയിൽ വിളക്കു തെളിച്ചു. തുടർന്ന് മുത്തപ്പന്റെ ജീവിതത്തിലെ ബാല്യം, കൗമാരം, യൗവനം, വാർധക്യം എന്നീ 4 ഘട്ടങ്ങളെ പ്രതിനിധീകരിച്ച് പുതിയ മുത്തപ്പൻ, പുറങ്കാല മുത്തപ്പൻ, നാടുവാഴീശൻ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടി. പുലർച്ചെ വെള്ളാട്ടവും ഉണ്ടായിരുന്നു. പുതിയ ചന്തൻ മുത്തപ്പനിൽനിന്ന് സ്ഥാനമേറ്റു. കാട്ടിൽ രാത്രി മാത്രം നടക്കുന്ന ഉത്സവം കാണാൻ കേരളത്തിനകത്തും പുറത്തു നിന്നടക്കം ഭക്തജനങ്ങളെത്തുക പതിവാണ്.
ജാതി, മത വ്യത്യാസമില്ലാതെ എല്ലാവർക്കും കയറാനും ദർശനം നടത്താനും സൗകര്യമുള്ള സ്ഥലമാണ് കുന്നത്തൂർ പാടി. ഇന്ന് മുതൽ എല്ലാ ദിവസവും വൈകിട്ട് പാടിയിൽ വെള്ളാട്ടം, രാത്രി 11ന് തിരുവപ്പന, പുലർച്ചെ വെള്ളാട്ടം, ഒന്നിടവിട്ട ദിവസങ്ങളിൽ മൂലം പെറ്റ ഭഗവതി എന്നിവ ഉണ്ടായിരിക്കും. പാടിയിൽ എത്തുന്ന എല്ലാവർക്കും താഴെ പൊടിക്കളത്ത് ഉച്ചയ്ക്കും രാത്രിയിലും അന്നദാനം ഏർപ്പെടുത്തിയിട്ടുണ്ട്.