നഷ്ടമായത് ജനകീയനായ രാഷ്ട്രീയ നേതാവിനെ'; നാടാകെ വെളിച്ചം പകർന്ന സികെ
Mail This Article
പാനൂർ∙ പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അശോകന്റെ(സികെ) വിയോഗത്തിലൂടെ നാടിനു നഷ്ടമായത് ജനകീയനായ രാഷ്ട്രീയ നേതാവിനെ. കഴിഞ്ഞ 4 വർഷം പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. നടനും കലാകാരനും സാംസ്കാരിക പ്രവർത്തകനുമായ അശോകൻ പഞ്ചായത്തിലെ വിദ്യാലയങ്ങളുടെ വികസനത്തിന് ഏറെ താൽപര്യം കാണിച്ചു. കുട്ടികളുടെ വ്യക്തിത്വ വികസനത്തിൽ അതീവ തൽപരനായിരുന്നുവെന്ന് പഞ്ചായത്തിലെ അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.
'ഒരു വെളിച്ചം നാടാകെ വെളിച്ചം' പന്ന്യന്നൂരിന്റെ തനതു പദ്ധതിയായിരുന്നു. എല്ലാ വീട്ടുകാരുടെയും പിന്തുണയോടെ നടപ്പിലാക്കിയ വെളിച്ച വിപ്ലവ പദ്ധതിയിയുടെ മുഖ്യ സൂത്രധാരൻ പഞ്ചായത്ത് പ്രസിഡന്റു തന്നെയായിരുന്നു. കാൽ നൂറ്റാണ്ടു കാലം സിപിഎം ലോക്കൽ സെക്രട്ടറിയായി പ്രവർത്തിക്കാൻ കഴിഞ്ഞത് സംഘടനാ പ്രവർത്തന മികവിലാണ്. മലബാർ കാൻസർ സെന്ററുമായി സഹകരിച്ച് കോവിഡ് ബാധിതരെ നേരിൽക്കണ്ട് തയാറാക്കിയ പഠന റിപ്പോർട്ട് മന്ത്രി വീണ ജോർജിനു കൈമാറിയത് ശ്രദ്ധയാകർഷിച്ച പ്രവർത്തനമായിരുന്നു.
മലബാർ കാൻസർ സെന്ററുമായി സഹകരിച്ച് കാൻസർ രോഗികളെ കണ്ടെത്തി തുടർ ചികിത്സയ്ക്കു വിധേയരാക്കാൻ നടത്തിയ പഞ്ചായത്തിന്റെ പ്രവർത്തനം അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് അശോകൻ നാടിനോട് വിട പറഞ്ഞത്. മാലിന്യമുക്ത നവകേരളം പദ്ധതി ചിട്ടയായി നടത്തിയ പഞ്ചായത്തുകളിൽ ഒന്നായിരുന്നു പന്ന്യന്നൂർ. പഞ്ചായത്ത് സ്റ്റേഡിയം, സ്വിമ്മിങ് പൂൾ, ഫിറ്റ്നസ് സെന്റർ എന്നിവയുടെ സ്ഥലമെടുപ്പിനായുള്ള ഓട്ടത്തിനിടയിലാണ് സികെയെ രോഗം കീഴ്പ്പെടുത്തിയത്.
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. ഭാര്യയാണ് വൃക്ക നൽകിയത്. ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലായ സികെ പാർട്ടിയുടെയും സുഹൃത്തുക്കളുടെയും നിരന്തര അഭ്യർഥന മാനിച്ചാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചതും പ്രസിഡന്റായതും. കക്ഷിരാഷ്ട്രീയത്തിനതീതമായി ബന്ധമുള്ള സി.കെ.അശോകൻ എന്ന സികെ ഇനി ഓർമ.
∙ പന്ന്യന്നൂർ പഞ്ചായത്തിൽ ഇന്ന് ഉച്ചവരെ ഹർത്താൽ