നാലര മാസത്തിനുശേഷം പേര്യ ചുരത്തിലൂടെ യാത്ര; ആഘോഷമാക്കി നാട്ടുകാർ
Mail This Article
ചന്ദനത്തോട്∙ ‘ഭഗവാൻ’ കടന്നുപോയതോടെ, നാലര മാസത്തിനുശേഷം പേര്യ ചുരത്തിലൂടെ വയനാട്ടിൽ നിന്ന് കണ്ണൂർ ജില്ലയിലേക്കുള്ള ബസ് സർവീസ് പുനരാരംഭിച്ചു. ചെറുവാഹനങ്ങളെയും കടത്തിവിട്ടു തുടങ്ങി. എന്നാൽ, ഭാരം കയറ്റിയ വലിയ വാഹനങ്ങൾക്കുള്ള നിരോധനം ഏതാനും ദിവസം കൂടി തുടരുമെന്ന് മരാമത്ത് വകുപ്പ് അറിയിച്ചു.
ഇന്നലെ രാവിലെ റോഡ് തുറന്നുകൊടുത്തത് ജനം ആഘോഷമാക്കി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം.റിജി അധ്യക്ഷത വഹിച്ചു. തവിഞ്ഞാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പാറയ്ക്കൽ, കർമസമിതി പ്രസിഡന്റ് സി.ടി.പ്രേംജിത്ത്, തവിഞ്ഞാൽ പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന പ്രിൻസ്, ലൈജു തോമസ്, കണിച്ചാർ പഞ്ചായത്തംഗം ജിമ്മി ഏബ്രഹാം, ആനി ബസന്റ്, എം.രാജൻ, കെ.സി.നാസർ പ്രസംഗിച്ചു.
വയനാട് പേര്യ സ്വദേശി കെ.സി.നാസറിന്റെ വാഹനമാണ് ആദ്യമായി കണ്ണൂർ ജില്ലയിൽ പ്രവേശിച്ചത്. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനം വയനാട് ജില്ലയിൽ പ്രവേശിച്ചു. തുടർന്നാണ് ആദ്യ ബസ് കടന്നുപോയത്. പ്രൈവറ്റ് ബസ് ‘ഭഗവാൻ’ ആണ് നാലര മാസത്തിന് ശേഷം ആദ്യമായി പേര്യ ചുരമിറങ്ങി കണ്ണൂരിലെത്തിയത്. പേര്യയിലെ നാട്ടുകാർ യാത്രക്കാർക്കു പായസം വിതരണം ചെയ്തു. ജൂലൈ 30ന് വയനാട്ടിലുണ്ടായ പ്രകൃതിദുരന്തത്തോടൊപ്പമാണ് കണ്ണൂർ, വയനാട് ജില്ലകളുടെ അതിർത്തിയിലുള്ള പേര്യ ചുരത്തിലെ റോഡ് തകർന്നത്. ചുരത്തിലെ നാലാം വളവിനു സമീപമാണു റോഡിൽ വലിയവിള്ളൽ രൂപപ്പെട്ടത്. വിള്ളൽ വികസിച്ചതോടെ വാഹനഗതാഗതം നിരോധിക്കുകയായിരുന്നു.