അനധികൃത ബോർഡ് നീക്കാനുള്ള സമയപരിധി കഴിഞ്ഞു; സെക്രട്ടറിമാരുടെ കീശകീറും
Mail This Article
കണ്ണൂർ∙ പാതയോരങ്ങളിലെ അനധികൃത ബോർഡുകളും ബാനറുകളും കൊടികളും നീക്കാനുള്ള പരക്കംപാച്ചിലിലായിരുന്നു തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ. ഇന്നുമുതൽ ബോർഡോ ബാനറോ കൊടിയോ പാതയോരത്തു കണ്ടാൽ സെക്രട്ടറിമാർ ഓരോന്നിനും 5000 രൂപ വീതം സ്വന്തം കീശയിൽനിന്നെടുത്തു പിഴ നൽകേണ്ടി വരും. അനധികൃത ബോർഡുകൾ നീക്കി പിഴ ചുമത്തിയില്ലെങ്കിൽ തദ്ദേശ സ്ഥാപന സെക്രട്ടറിമാരിൽ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. എഫ്ഐആറും റജിസ്റ്റർ ചെയ്യണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി. വീഴ്ച വരുത്തിയാൽ സ്റ്റേഷൻ ഹൗസ് ഓഫിസർ ഉത്തരവാദിയായിരിക്കും.
വേണ്ട നിർദേശങ്ങൾ നൽകി സംസ്ഥാന പൊലീസ് മേധാവി 7 ദിവസത്തിനുള്ളിൽ സർക്കുലർ പുറപ്പെടുവിക്കണം. എല്ലാം നീക്കാൻ ഹൈക്കോടതി നൽകിയ അവസാനദിനം ഇന്നലെയായിരുന്നു. സെക്രട്ടറിമാരുടെയും എൻജിനീയർമാരുടെയും നേതൃത്വത്തിൽ സ്ക്വാഡ് ആയിട്ടായിരുന്നു ബോർഡ് നീക്കാനിറങ്ങിയത്. ബോർഡ് നീക്കം ചെയ്യുമ്പോൾ ഭീഷണിയുണ്ടായാൽ നേരിടാൻ പൊലീസ് സഹായം തേടിയിരുന്നു. ദേശീയപാതയിലും നഗരമധ്യത്തിലുമെല്ലാമുള്ള ബോർഡുകൾ മിക്കയിടത്തും നീക്കം ചെയ്തു.
പിഴയീടാക്കി, ലക്ഷങ്ങൾ
∙ കണ്ണൂർ കോർപറേഷനിൽ 121 ബോർഡുകളും 3 ബാനറുകളുമാണ് ഹൈക്കോടതി നിർദേശത്തെ തുടർന്ന് നീക്കിയത്. 6.2 ലക്ഷം രൂപ പിഴയീടാക്കി. തലശ്ശേരി നഗരസഭയിൽ 40 ബോർഡുകൾ നീക്കിയതായി സെക്രട്ടറി എൻ.സുരേഷ്കുമാർ അറിയിച്ചു. 45,000 രൂപ പിഴയീടാക്കി. കൂത്തുപറമ്പ് നഗരസഭ 123 ബോർഡുകളാണു നീക്കിയത്. 85,000 രൂപയാണു പിഴയായി ലഭിച്ചത്. മട്ടന്നൂരിൽ ചെറുതും വലതുമായ ആയിരത്തോളം ബോർഡുകളും ബാനറുകളും നീക്കിയെങ്കിലും ആരിൽനിന്നും പിഴയീടാക്കിയിട്ടില്ല. പയ്യന്നൂരിൽ 87 ബോർഡുകൾ നീക്കം ചെയ്തു. 18,000 രൂപ പിഴ ഈടാക്കി. ബാക്കിയുള്ളവർക്ക് നോട്ടിസ് നൽകി.
ഇരിട്ടിയിൽ ഭൂരിഭാഗം സ്ഥാപനങ്ങളും നിർദേശം വന്നതോടെ സ്വമേധയാ നീക്കിയെന്നും 3 സ്ഥാപനങ്ങൾ സ്ക്വാഡ് എത്തിയപ്പോൾ സ്വന്തം നിലയിൽ നീക്കിയെന്നും സെക്രട്ടറി രാഗേഷ് പാലേരിവീട്ടിൽ പറഞ്ഞു. ശ്രീകണ്ഠപുരം ടൗണിലെ എല്ലാ ബോർഡുകളും നഗരസഭ ശുചീകരണത്തൊഴിലാളികളെ ഉപയോഗിച്ചു നീക്കി. പിഴ ഈടാക്കിയിട്ടില്ല. ജില്ലയിലെ പഞ്ചായത്തുകളിലെല്ലാം അനധികൃത ബോർഡുകൾ നീക്കം ചെയ്യാൻ സ്ക്വാഡ് ഇറങ്ങിയിരുന്നു.
അഞ്ചരക്കണ്ടി, ചെമ്പിലോട്, പെരളശ്ശേരി പഞ്ചായത്ത് പരിധിയിൽ ബോർഡുകൾ നീക്കുന്ന ജോലി പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ രാത്രിയും തുടർന്നു. കുഞ്ഞിമംഗലത്ത് അതത് സംഘടനകളെ കൊണ്ടു തന്നെ ബോർഡുകൾ നീക്കം ചെയ്യിച്ചു. ഉളിക്കലിൽ സംഘടനകളും വ്യക്തികളും ബോർഡുകൾ എടുത്തു മാറ്റി. പിഴ ചുമത്തിയില്ല. പായത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തവ പഞ്ചായത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ഉടമകളുടെ യോഗം വിളിക്കും. പടിയൂരിൽ ബോർഡുകൾ നീക്കാൻ രാഷ്ടീയപാർട്ടികൾക്കും സംഘടനകൾക്കും ഇന്നു കൂടി സമയം അനുവദിച്ചു. നാളെ മുതൽ പിഴ ഈടാക്കും. അയ്യൻകുന്നിൽ ബോർഡുകളും ബാനറുകളും നീക്കി. ചെറുപുഴയിൽനിന്ന് 5 ബോർഡുകൾ നീക്കി.
ദേശീയപാതയുടെ മധ്യത്തിൽ ബോർഡുകൾ തൂക്കി സിപിഎം
∙ ദേശീയപാതയുടെ മധ്യത്തിലെ ഡിവൈഡറിലെ വിളക്കുകാലുകളിൽ ഇന്നലെ രാത്രിയോടെ സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഇരുപതിലേറെ ബോർഡുകൾ തൂക്കി. ഇതു പരിശോധിക്കുമെന്നു നഗരസഭാ അധികൃതർ പറഞ്ഞു. മുനിസിപ്പൽ ജീവനക്കാരുടെ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം നടക്കുന്നതിനാൽ തളിപ്പറമ്പിൽ ബോർഡുകൾ നീക്കാൻ സ്ക്വാഡ് ഇറങ്ങിയിട്ടില്ല. നഗരത്തിൽ ദേശീയപാതയുടെ വശങ്ങളിലുള്ള മിക്ക ബോർഡുകളും നീക്കിയിട്ടില്ല. ഇവ നീക്കം ചെയ്യാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും നീക്കിയില്ലെങ്കിൽ അടുത്ത ദിവസം അധികൃതർ തന്നെ നീക്കം ചെയ്യുമെന്നും സെക്രട്ടറി അറിയിച്ചു.