ADVERTISEMENT

ഇരിട്ടി∙ സംസ്ഥാനത്ത് വാഹനാപകടങ്ങൾ ലഘൂകരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി മോട്ടർ വാഹന വകുപ്പും പൊലീസും നഗര മേഖലയിലും സംയുക്ത പരിശോധന തുടങ്ങി. അപകട സാധ്യത വിലയിരുത്തി മോട്ടർ വാഹന വകുപ്പ് ബ്ലാക്ക് സ്പോട്ടുകളായി കണ്ടെത്തിയ ജബ്ബാർക്കടവ്, കീഴൂർ കൂളിച്ചെമ്പ്ര, ഇരിട്ടി പഴയ സ്റ്റാൻഡ് ബസ് സ്റ്റോപ്, പയഞ്ചേരി എൽപി സ്കൂൾ – വായനശാല, പുന്നാട് ബസ് സ്റ്റോപ്, പയഞ്ചേരി ജുമാമസ്ജിദ് പരിസരം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.

ആദ്യദിനം 90 വണ്ടികൾ പരിശോധിച്ചതിൽ 35 എണ്ണത്തിൽ നിയമലംഘനം കണ്ടെത്തി. മുക്കാൽ ലക്ഷം രൂപ പിഴ ഈടാക്കി. അനധികൃതമായി രൂപമാറ്റം നടത്തിയ വാഹനങ്ങൾ, പെർമിറ്റ് – ഫിറ്റ്നസ് – ഇൻഷുറൻസ് നിയമലംഘനങ്ങൾ എന്നിവയാണ് കണ്ടെത്തിയത്. പരിശോധന തുടരും. സംസ്ഥാനത്തെ റോഡുകൾ കൂടുതൽ സുരക്ഷിതമാക്കാൻ ശക്തമാക്കാൻ പൊലീസ് – എംവിഡി മേധാവികളുടെ യോഗം കഴിഞ്ഞ ദിവസം തീരുമാനം എടുക്കുകയും വിവിധ നടപടികൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇരുവിഭാഗങ്ങളും ചേർന്നു ലക്ഷ്യമിട്ട് രാത്രിയും പകലും പരിശോധന നടത്തും. ആദ്യ പരിശോധന അപകട മേഖലകളിൽ നടത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഇരിട്ടിയിൽ ഇന്നലെ ബ്ലാക്ക് സ്പോട്ടുകൾ കേന്ദ്രീകരിച്ചത്.

ഡ്രൈവർമാരെ റോഡ് അപകടങ്ങളിൽ നിന്നും കൂടുതൽ ബോധവാന്മാരാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ അമിതവേഗം, മദ്യപിച്ചു വാഹനം ഓടിക്കൽ, ഹെൽമറ്റും സീറ്റ്ബെൽറ്റും ധരിക്കാതിരിക്കൽ, അമിത ഭാരം കയറ്റി സർവീസ് നടത്തൽ എന്നിവ ഉൾപ്പെടെയാണ് പരിശോധിക്കുന്നത്.ഇന്നലെ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഡി.കെ.ഷീജി, വി.കെ.ഷനിൽകുമാർ, കെ.കെ.ജിതേഷ്, ഇരിട്ടി എസ്ഐ മനോജ്, സിവിൽ പൊലീസ് ഓഫിസർമാരായ പ്രദീഷ്, പ്രവീൺ, റോയി തോമസ് എന്നിവർ നേതൃത്വം നൽകി.

English Summary:

Road safety improvements are underway in Iritty, Kerala. Joint inspections by the Motor Vehicles Department and Police are targeting accident black spots to mitigate risks and enhance road safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com