ADVERTISEMENT

തലശ്ശേരി ∙ തഴുകിയെത്തിയ കടൽക്കാറ്റിന്റെ പശ്ചാത്തലത്തിൽ എഴുത്തുകാർ വായനക്കാരുമായി സംവദിച്ചു. മലയാള മനോരമ കണ്ണൂർ യൂണിറ്റിന്റെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ഹോർത്തൂസ് സാഹിത്യസായാഹ്നത്തിൽ നോവലിസ്റ്റും തിരക്കഥാകൃത്തുമായ പി.എഫ്.മാത്യൂസുമായി സാഹിത്യനിരൂപകൻ ഇ.പി.രാജഗോപാലൻ നടത്തിയ സംഭാഷണം ഉൾക്കാഴ്ചകൾ സമ്മാനിക്കുന്ന അനുഭവമായി. 

അധികാരസ്ഥാനങ്ങൾ മറച്ചുവയ്ക്കുന്നത് വിളിച്ചുപറയാനുള്ള ഇടമാണ് സാഹിത്യമെന്ന് പി.എഫ്.മാത്യൂസ് പറഞ്ഞു. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള മൂന്നാമിടമാണ് കാണായ്മ. അങ്ങേയറ്റം വേദനിപ്പിക്കുന്ന അനുഭവം – മനോരമ ബുക്സ് പുറത്തിറക്കിയ തന്റെ ‘കാണായ്മ’ എന്ന നോവലിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. 

തലശ്ശേരി കടലോരത്ത് നടന്ന ഗസൽസന്ധ്യയിൽ കബീർ ഇബ്രാഹിം പാടുന്നു.  ചിത്രം: മനോരമ
തലശ്ശേരി കടലോരത്ത് നടന്ന ഗസൽസന്ധ്യയിൽ കബീർ ഇബ്രാഹിം പാടുന്നു. ചിത്രം: മനോരമ

ഭാവനയെന്നത് സത്യത്തിന്റെ എതിർവാക്കല്ലെന്ന് ഇ.പി.രാജഗോപാലൻ പറഞ്ഞു. നിത്യജീവിതത്തിൽ പരിചയപ്പെട്ട 23 സ്ത്രീകളെ അവതരിപ്പിച്ചിരിക്കുകയാണ് ‘എന്റെ സ്ത്രീയറിവുകൾ’ എന്ന പുസ്തകത്തിൽ. ഒരർഥത്തിൽ എന്റെ ആത്മകഥയാണിത്. ചിലയിടങ്ങളിൽ ഭാവനയും കടന്നുവന്നിട്ടുണ്ട് – രാജഗോപാലൻ പറഞ്ഞു. 

പത്രങ്ങളുടെ ചരമപ്പേജ് മറ്റൊരു ശ്മശാനമാണ്. കേരളത്തിന്റെ ജനകീയ ചരിത്രമാണ് ചരമപ്പേജുകൾ പറയുന്നത്. സാധാരണ മനുഷ്യരെയെല്ലാം അവിടെ അടയാളപ്പെടുത്തപ്പെടും. പ്രശസ്തരെ അടയാളപ്പെടുത്താൻ ചരിത്ര പുസ്തകങ്ങളുണ്ട്. ചരമപ്പേജുകളെക്കുറിച്ച് ഒരു പുസ്തകം എഴുതിത്തുടങ്ങിയെന്നും ഇ.പി.രാജഗോപാലൻ പറഞ്ഞു. മനോരമ ബുക്സ് എഡിറ്റർ ഇൻ ചാർജ് തോമസ് ഡൊമിനിക്, മലയാള മനോരമ കോഓർഡിനേറ്റിങ് എഡിറ്റർ മുഹമ്മദ് അനീസ്, ചീഫ് റിപ്പോർട്ടർ എൻ.പി.സി.രംജിത് എന്നിവർ പ്രസംഗിച്ചു. 

കബീർ ഇബ്രാഹിം നയിച്ച ഗസൽസന്ധ്യ പരിപാടിക്കു മാറ്റുകൂട്ടി. കോഴിക്കോട് കടപ്പുറത്ത് നവംബർ ഒന്നുമുതൽ 3 വരെ നടന്ന മനോരമ ഹോർത്തൂസ് രാജ്യാന്തര കലാസാഹിത്യോത്സവത്തിന്റെ തുടർച്ചയായി കേരളത്തിലെ വിവിധ സാംസ്കാരിക കേന്ദ്രങ്ങളിൽ ഹോർത്തൂസ് പ്രാദേശികോത്സവങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഉത്തരമലബാറിന്റെ ചരിത്രവും മാപ്പിളപ്പാട്ടും എന്ന വിഷയത്തിലുള്ള സാഹിത്യ സായാഹ്നം കാസർകോട് ബേക്കലിൽ 27ന് നടക്കും.

English Summary:

P.F. Mathews and E.P. Rajagopalan's insightful conversation at "Hortus" marked Malayala Manorama Kannur's 30th anniversary. The literary evening offered a unique platform for discussing experiences in Malayalam literature.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com