മഞ്ഞപ്പിത്ത വ്യാപനം: കുടിവെള്ള പരിശോധന റിപ്പോർട്ട് വ്യാജമായി തയാറാക്കുന്നതായി വിവരം
Mail This Article
തളിപ്പറമ്പ്∙ മഞ്ഞപ്പിത്ത രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഡിഎംഒയുടെ നിർദേശ പ്രകാരം ആരോഗ്യ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് തളിപ്പറമ്പിലെ ഹോട്ടലുകൾ, കൂൾ ബാറുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കുടിവെള്ള പരിശോധന റിപ്പോർട്ട് വ്യാജമായി തയാറാക്കുന്നതായി വിവരം ലഭിച്ചെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. നഗരത്തിൽ ശുദ്ധജലം എത്തിക്കുന്ന ജപ്പാൻ പദ്ധതിയിലെ വെള്ളത്തിൽ ഇ- കോളി സാന്നിധ്യം കണ്ടെത്താനായില്ല. നഗരത്തിൽ വെള്ളം വിതരണം ചെയ്യുന്ന മറ്റു സ്രോതസ്സുകളെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും കൂടുതൽ സാംപിളുകൾ പരിശോധനയ്ക്ക് ശേഖരിക്കുമെന്നും അധികൃതർ അറിയിച്ചു.
ആരോഗ്യ കാർഡ് ഇല്ലാതെ ജോലി ചെയ്യുന്ന ഹോട്ടലുകളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കുടിവെള്ളം പരിശോധിച്ചതിന്റെ വിശദാംശങ്ങൾ സൂക്ഷിക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകും. ഡിഎംഒ ഡോ. പീയുഷ് എം.നമ്പൂതിരിപ്പാടിന്റെ നിർദേശ പ്രകാരം ജില്ലാ സർവെയ്‌ലൻസ് ഓഫിസർ ഡോ.കെ.സി.സച്ചിന്റെ നേതൃത്വത്തിൽ ജില്ലാ ഡപ്യൂട്ടി മാസ് മീഡിയ ഓഫിസർ ടി.സുധീഷ്, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് അഭിഷേക്, ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു, ശ്രീകാന്ത്, രോഹിത് എന്നിവരും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പവിത്രൻ, ദിൽന, ഭാവന എന്നിവരുമാണ് പരിശോധന നടത്തിയത്.
കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ വിദഗ്ധ സംഘവും തളിപ്പറമ്പ് മേഖല സന്ദർശിച്ച് രോഗ ഉറവിടം കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഡിസീസ് മാപ്പ് തയാറാക്കി തുടർ പ്രവർത്തനങ്ങൾ ഊർജിതമാക്കി. വിസർജ്യം കലർന്ന വെള്ളം കുടിക്കാൻ ഉപയോഗിക്കുന്ന സാഹചര്യം ഉള്ളതായാണ് പ്രാഥമിക നിഗമനം. തളിപ്പറമ്പിൽ ഈ വർഷം മേയിലാണ് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത്. നിലവിൽ ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം 477 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി അധികൃതർ പറഞ്ഞു. നവംബർ, ഡിസംബർ മാസങ്ങളിലായി 61 കേസുകളും റിപ്പോർട്ട് ചെയ്തു. തളിപ്പറമ്പ് നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമാണ് കേസുകൾ ഏറെയും.