യാത്രക്കാർക്ക് ‘ആപ്പായി’ റെയിൽവേ ആപ്പ്; പണം പോകുന്നുണ്ട്, പക്ഷേ ടിക്കറ്റ് ഇല്ല
Mail This Article
കണ്ണൂർ∙ റെയിൽവേ ആപ്പിലെ സാങ്കേതിക തകരാറിൽ കുരുങ്ങി യാത്രക്കാർ. അൺ റിസർവ്ഡ് ടിക്കറ്റ് ആപ്പിലൂടെ ടിക്കറ്റ് എടുക്കുന്നവർക്ക് മിക്കപ്പോഴും ടിക്കറ്റ് ലഭിക്കാതെ പണം നഷ്ടപ്പെടുന്നത് പതിവായി. പണം ഈടാക്കിയതായി മെസേജ് ലഭിച്ചാൽ ടിക്കറ്റ് ഓൺലൈനായി ലഭിക്കുമെന്നു കരുതി ട്രെയിനിൽ കയറുന്നവരിൽ നിന്ന് ടിടി പിഴയും ഈടാക്കുന്നു.
കഴിഞ്ഞ ദിവസം പയ്യന്നൂരിൽ നിന്നു കണ്ണൂരിലത്തിയ ഗർഭിണിയായ യുവതിയും ഭർത്താവും ഇത്തരത്തിൽ ആപ്പിലൂടെ ടിക്കറ്റ് എടുത്ത് യാത്ര ചെയ്തതിനെ തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. ആപ്പിൽ പണം ഈടാക്കിയ സന്ദേശം കാണിച്ചിട്ടും പിഴ കൊടുക്കണമെന്ന് അധികൃതർ കർശന നിലപാട് എടുത്തു.
ഇത്തരത്തിൽ പണം റെയിൽവേ ആപ്പിൽ ഈടാക്കിയിട്ടും ടിക്കറ്റ് ലഭിക്കാതെ പൊതുജന മധ്യത്തിൽ പരിഹാസ്യരാവേണ്ട അവസ്ഥയാണുണ്ടാവുന്നതെന്ന് യാത്രക്കാർ പറയുന്നു. യുആർടി ആപ്പിന്റെയും എവിടിഎം കൗണ്ടർ സംവിധാനത്തിന്റെയും പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ റഷീദ് കവ്വായി ആവശ്യപ്പെട്ടു.