കന്റോൺമെന്റ് പരിസരത്തെ വീടുകൾ ദുരിതത്തുരുത്തിൽ
Mail This Article
കണ്ണൂർ ∙ സ്വച്ഛ് ഭാരത്, ഹർ ഘർ ജൽ, ബേഠി ബചാവോ ബേഠി പഠാവോ, ഉജ്വൽ യോജന.. തുടങ്ങി രാജ്യം അഭിമാന പദ്ധതികളായി ഉയർത്തിക്കാട്ടുന്ന പദ്ധതികളിലൊന്നിന്റെയും പ്രയോജനം ലഭിക്കാത്ത നൂറോളം കുടുംബങ്ങളുണ്ട് കണ്ണൂർ നഗരഹൃദയത്തിൽ. വീട്ടിലൊരു ശുചിമുറിപോലുമില്ലാത്തവർ.. മഴ പെയ്താൽ തുള്ളിപോലും വെള്ളം പുറത്തുപോകാതെ ചായ്പ്പിനുള്ളിൽ വീഴുന്നത് നോക്കിനിൽക്കേണ്ടി വരുന്നവർ.. ഏതു നിമിഷവും കുടിയിറക്കുമെന്ന ഭയത്തോടെ കഴിയുന്നവർ..
പല തലമുറകളായി പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന ഇവർക്ക് വോട്ടർ പട്ടികയിൽ പേരും വൈദ്യുതി കണക്‌ഷനും റേഷൻ കാർഡുമെല്ലാമുണ്ടെങ്കിലും വീട് അറ്റകുറ്റപ്പണി ചെയ്യാൻ പോലും അവകാശമില്ല. കണ്ണൂർ നഗരത്തില സൈനിക ഭൂമിയോടു ചേർന്നാണ് താമസമെന്നതാണ് പ്രശ്നം. ചില വീടുകൾ സൈന്യത്തിന്റെ ഭൂമിയിലാണെന്നും കുടിയൊഴിയണമെന്നും ആവശ്യപ്പെടുന്ന നോട്ടിസുകളും ഇടയ്ക്കിടെ ഇവരെത്തേടിയെത്തും. കുറേപ്പേർ വീടുകൾ ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് മാറി. ചിലർ ഇവിടെത്തന്നെ ഗതികിട്ടാതെ മരിച്ചു. അനന്തരാവകാശികളില്ലാത്ത പറമ്പിൽ സൈന്യം ബോർഡ് നാട്ടി.
കഴിഞ്ഞ ദിവസം ഉപ്പാലവളപ്പിലെ ഷെരീഫിന്റെ വീട്ടിലാണ് കുടിയൊഴിപ്പിക്കൽ നോട്ടിസ് എത്തിയത്. ഇവരുടെ ബന്ധുവായ റസീലയും കുടുംബവുമാണ് താമസക്കാർ. ജനുവരി 9ന് കൊച്ചിയിലെ ഓഫിസിൽ ഓഫിസിൽ എത്താനും നിർദേശിച്ചിട്ടുണ്ട്. നോട്ടിൽ എന്താണ് എഴുതിയതെന്നു മനസ്സിലാക്കാൻ പോലും വായിക്കാൻ പരസഹായം തേടേണ്ടിവന്ന കുടുംബം, രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ മൂന്നു മക്കളും പ്രായമായ മാതാപിതാക്കളുമായി ഇനിയെന്തു ചെയ്യുമെന്നറിയാതെ വിഷമത്തിലാണ്.
കന്റോൺമെന്റ് ഓഫിസിനു സമീപത്തെ കാനത്തൂർ ഹരിക്ക് പ്രായം 70 കഴിഞ്ഞു. സ്വാതന്ത്ര്യം ലഭിക്കും മുൻപേ ഇവിടെ കുടുംബം താമസിച്ചുവരുന്ന വീട്ടിലാണ് ഹരി ജനിച്ചതും വളർന്നതും. രണ്ടു മക്കളും അവരുടെ കുടുംബവുമെല്ലാമായി താമസിക്കുന്ന ഇവർക്കും കിട്ടി കുടിയൊഴിപ്പിക്കൽ നോട്ടിസ്. എന്തുചെയ്യണമെന്നു നിശ്ചയമില്ലാത്തതിനാൽ നിയമസഹായം തേടിയിട്ടുണ്ടെന്ന് ഹരി പറഞ്ഞു.
കന്റോൺമെന്റ് ലയനം: നടപടികൾ വൈകുന്നു
കന്റോൺമെന്റുകളെ സൈനിക താവളങ്ങളാക്കി മാറ്റാനും ഈ മേഖലയിലെ സാധാരണക്കാരെ തൊട്ടടുത്ത തദ്ദേശ സ്ഥാപനത്തിനു കീഴിൽ ഉൾപ്പെടുത്താനും പ്രതിരോധ മന്ത്രാലയം തീരുമാനിച്ച് ഉത്തരവിറക്കിയിട്ട് രണ്ടു വർഷത്തോളമായി. കണ്ണൂർ കന്റോൺമെന്റിനെ കോർപറേഷനിൽ ലയിപ്പിക്കാനായി 2023 മേയിൽ സമിതിയെ നിയോഗിച്ചിരുന്നു.
ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും തുടർനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഉത്തരവിറങ്ങി ഒന്നര വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ലയനം പൂർത്തിയായിട്ടില്ല. ജനാധിപത്യ അവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ട നിലയിലാണ് കന്റോൺമെന്റ് പ്രദേശത്തെ ജനജീവിതം. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്ന പല പദ്ധതികളുടെയും ഗുണഫലം ഇവർക്കു ലഭിക്കുന്നില്ല. കെട്ടിട നിർമാണത്തിനുള്ള കടുത്ത നിയന്ത്രണങ്ങൾ കാരണം പുതിയ വീട് നിർമിക്കാനോ നിലവിലുള്ളവ അറ്റകുറ്റപ്പണി നടത്താനോ പോലും സാധിക്കുന്നുമില്ല.