പറമ്പിൽ 12 തരം പ്ലാവുകൾ; ഏതുസമയത്തും ചക്ക വേണോ... ദേ ഇങ്ങോട്ട് പോരൂ...
Mail This Article
കണ്ണൂർ∙ ഏതുസമയത്തും ചക്ക വേണോ... അതു കടച്ചക്കയായാലും പഴുത്തതായാലും കൊളച്ചേരി മൈലാടിയിൽ എം.പി.മോഹനാംഗന്റെ കൃഷിയിടത്തിലെത്തിയാൽ മതി. സ്വദേശിയും വിദേശിയുമായ 12 തരം പ്ലാവുകളുടെ നൂറിലധികം ചെറുമരങ്ങൾ കായ്ച്ചുനിൽക്കുന്നതുകാണുമ്പോൾ തേൻവരിക്ക കൊതിയോടെ മനസ്സിലേക്കെത്തുമെന്നുറപ്പ്. 26 വർഷം യുഎഇയിലായിരുന്ന കണ്ണാടിപ്പറമ്പ് മാമ്പൊയിൽ പുത്തൻവീട്ടിൽ മോഹാനാംഗൻ പ്രവാസജീവിതം അവസാനിപ്പിച്ചപ്പോൾ ആഗ്രഹിച്ചത് കാർഷിക ജീവിതം.
അഞ്ചുവർഷം മുൻപാണ് മൈലാടിയിൽ 35 സെന്റ് സ്ഥലം വാങ്ങിയത്. കുട്ടിക്കാലം മുതലേ കൃഷി ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ മനസ്സിലെ പച്ചപ്പു നഷ്ടപ്പെടാതെയാണ് വിശ്രമജീവിതം നയിക്കാൻ നാട്ടിലെത്തിയത്. എന്നാൽ മയിലുകളുടെ ശല്യം കാരണം നാട്ടിൽ പലരും കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയിലായിരുന്നു. പരമ്പരാഗത കൃഷി ഉപേക്ഷിച്ചു പുതിയതെന്തെങ്കിലുമൊന്നു പരീക്ഷിക്കാൻ തീരുമാനിച്ചു.
വയനാട്ടിലും തൃശൂരിലുമെല്ലാം പലരും ഒട്ടുപ്ലാവുകളുടെ കൃഷി തുടങ്ങിയ കാര്യം അറിഞ്ഞപ്പോൾ ആ മേഖലയിൽ അന്വേഷണം നടത്തി. കേരളത്തിലും പുറത്തുമുള്ള ഫാമുകൾ സന്ദർശിച്ച് കൃഷിരീതി പഠിച്ചു. പല ഫാമുകളിൽ നിന്നായി ശേഖരിച്ച 12 തരം പ്ലാവുകൾ പറമ്പിൽ നട്ടു. പകുതിയോളം വിദേശയിനങ്ങളാണ്. രണ്ടുകൊല്ലംകൊണ്ടുതന്നെ എല്ലാം കായ്ക്കാൻ തുടങ്ങി. കടച്ചക്കയായും പഴുത്ത ചക്കയായും ഫാമിൽവച്ചുതന്നെയാണു വിൽപനയെല്ലാം. കിലോഗ്രാമിന് 50 രൂപയാണു വില. എല്ലാസമയത്തും ചക്കയുണ്ടാകുന്നതിനാൽ ആവശ്യക്കാർ ഏറെയാണെന്ന് മോഹനാംഗൻ പറഞ്ഞു.