ADVERTISEMENT

പയ്യന്നൂർ ∙ ‘‘സൂനാമി വരുന്നൂ, ഓടിക്കോ...’’പാലക്കോട് വലിയ കടപ്പുറത്ത് മത്സ്യത്തൊഴിലാളിയായിരുന്ന തായത്തു പുതിയാമ്പ്രത്ത് മമ്മദിന്റെ കാതിൽ ഇപ്പോഴും ആ ശബ്ദം മുഴങ്ങുന്നുണ്ട്. ഏഴിമലയുടെ താഴ്‌വരയിലെ കടലിൽ മീൻപിടിക്കുമ്പോൾ മറ്റൊരു വള്ളത്തിലുള്ളവർ വിളിച്ചു കൂവുന്നതാണ് ആദ്യം കേട്ടത്. മമ്മദിനൊപ്പം 14 മത്സ്യത്തൊഴിലാളികൾ വള്ളത്തിലുണ്ട്. എല്ലാവരും ചേർന്നു വല വലിച്ചുകയറ്റുമ്പോഴാണ് ആ ശബ്ദം കേട്ടത്. എന്താണ് സൂനാമിയെന്ന് ആർക്കും അറിയില്ല. കടലിലെ ഭീകരജീവിയാണെന്നാണ് ആദ്യം കരുതിയത്. 14ാം വയസ്സിൽ കടലിൽ ഇറങ്ങിയതാണ്. അതുവരെ കേൾക്കാത്തൊരു പേര്.  വിളിച്ചുപറയുന്നവരുടെ ഭയം കണ്ടപ്പോൾ എന്തോ അത്യാഹിതമാണെന്നു മനസ്സിലായി വല വേഗം വലിച്ചു വള്ളത്തിലിട്ട് കരയിലേക്കു വിട്ടു.

സൂനാമിക്കുശേഷം പാലക്കോട് വലിയ കടപ്പുറത്തു നിർമിച്ച 
കടൽഭിത്തി.
സൂനാമിക്കുശേഷം പാലക്കോട് വലിയ കടപ്പുറത്തു നിർമിച്ച കടൽഭിത്തി.

എല്ലാ വള്ളങ്ങളും കരയിലേക്കു കുതിക്കുകയായിരുന്നു. പേടിയോടെ എല്ലാവരും  പരസ്പരം നോക്കി.  ‘‘കടലിൽ ഞാൻ മാത്രമല്ല, മത്സ്യത്തൊഴിലാളികളായ മൂന്നു മക്കളുമുണ്ട്. അവരെ കാണാനുള്ള വെപ്രാളത്തിലായിരുന്നു. പാലക്കോട് വലിയ കടപ്പുറത്തെ കരയിലെത്തുമ്പോൾ അഴിമുഖം വഴി പുഴയിലേക്കു പോകാൻ പൊലീസിന്റെ അനൗൺസ്മെന്റ്. അപ്പോഴും എല്ലാ ഭാഗത്തുനിന്നും ജനങ്ങൾ വിളിച്ചു കൂവുന്നത് ‘സൂനാമി വരുന്നു, ഓടിക്കോ’ എന്നാണ്.  മക്കളായ ടി.പി.നഹിമും മുസ്തഫയും സുലൈമാനും പാലക്കോട് പുഴക്കരയിൽ എന്നെ കാത്തുനിൽക്കുന്നു. അന്നേരമാണു ശ്വാസം നേരെവീണത്.  കരയിലെത്തി നേരെ വീട്ടിലേക്കോടി. ഭാര്യ കുഞ്ഞലീമയും മക്കളും  ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. പൊലീസ് വന്ന് വീട് ഒഴിയണമെന്നു പറഞ്ഞു. 


മുട്ടം ഏരിപ്രത്തെ സൂനാമി പുനരധിവാസ ഫ്ലാറ്റുകൾ
മുട്ടം ഏരിപ്രത്തെ സൂനാമി പുനരധിവാസ ഫ്ലാറ്റുകൾ

എന്താണു സൂനാമിയെന്ന് പൊലീസാണു പറഞ്ഞത്. കടൽക്ഷോഭമാണെന്നും വീട്ടിൽ നിൽക്കാൻ പാടില്ലെന്നും  പറഞ്ഞു. വീടുവിട്ട് മറ്റെങ്ങും പോകാനില്ലാത്തതുകൊണ്ടു നേരെ മലയിലേക്കു കയറി. അവിടെ ഒരു വീട്ടുമുറ്റത്തിരുന്നു. രാത്രിയിലാണ് ഭീകരമായ തിര ഉയർന്നു ഞങ്ങളുടെ മുറ്റത്തു വെള്ളം കയറിയത്. ഇറയം കല്ലുവരെ വെള്ളം കയറി. അകത്തേക്കു കയറിയില്ല. പല തവണയും വെള്ളം കയറിക്കൊണ്ടിരുന്നു. ഇതുപോലൊരു ഭീകരത കേട്ടുകേൾവി പോലുമുണ്ടായിരുന്നില്ല. പിന്നീടുള്ള ദിവസങ്ങളിലും സൂനാമി വരുന്നു വീട് ഒഴിഞ്ഞ് പോകണമെന്ന നിർദേശമുണ്ടായെങ്കിലും വീടിന്റെ മുൻവാതിൽ പൂട്ടി അവിടെത്തന്നെ കഴിഞ്ഞു. കൊല്ലങ്ങളോളം കണക്കെടുപ്പിനും മറ്റുമായി ഉദ്യോഗസ്ഥർ വന്നും പോയുമിരുന്നു. ഒരു രൂപ പോലും സഹായമായി കിട്ടിയിട്ടില്ല’’ – 85 വയസ്സുള്ള മമ്മദ് പറഞ്ഞു. 

പാലക്കോട് വലിയ കടപ്പുറം അങ്കണവാടി
പാലക്കോട് വലിയ കടപ്പുറം അങ്കണവാടി

അങ്കണവാടി ഇപ്പോഴും പീടികക്കോലായയിൽ
പയ്യന്നൂർ ∙  സൂനാമി ദുരന്ത പശ്ചാത്തലത്തിൽ കടലോര വില്ലേജുകളിലെല്ലാം സൂനാമി പുനരധിവാസ ഫണ്ടിൽ നിന്നു സ്കൂളുകൾക്കും അങ്കണവാടികൾക്കും സർക്കാർ ഓഫിസുകൾക്കും ആധുനിക കെട്ടിടങ്ങൾ നിർമിച്ചപ്പോൾ ദുരന്തം ഏറ്റുവാങ്ങിയ പാലക്കോട് വലിയ കടപ്പുറത്തെ അങ്കണവാടി ഇപ്പോഴും പീടികക്കോലായയിൽ തന്നെ. മത്സ്യത്തൊഴിലാളികളുടെ മക്കൾ ആശ്രയിക്കുന്ന രാമന്തളി പഞ്ചായത്തിലെ വലിയ കടപ്പുറം 27ാം നമ്പർ അങ്കണവാടിക്കാണ് ഈ ഗതികേട്.


പാലക്കോട് വലിയ കടപ്പുറത്തെ ടി.പി.മമ്മദ്
പാലക്കോട് വലിയ കടപ്പുറത്തെ ടി.പി.മമ്മദ്

തൊട്ടടുത്ത വാർഡിൽ അങ്കണവാടി നിർമിക്കാൻ നാട്ടുകാർ സ്ഥലം നൽകിയതിനാൽ അവിടെ സ്വന്തം കെട്ടിടം നിർമിച്ചു. എന്നാൽ 20 വർഷമായിട്ടും വലിയ കടപ്പുറം അങ്കണവാടിക്ക് സ്വന്തം കെട്ടിടമായില്ല. പീടിക കെട്ടിടത്തിന്റെ ഒരു ഭാഗത്താണ് ഇപ്പോഴും അങ്കണവാടി പ്രവർത്തിക്കുന്നത്. അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമിക്കാൻ സ്ഥലം കണ്ടെത്താൻ ആരും ശ്രമിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

കടൽഭിത്തി ഇന്നും സ്വപ്നം
പഴയങ്ങാടി∙ കടലും പുഴയും ഇല്ലാത്ത നാടുകളിൽ പോലും സൂനാമി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് കോടിക്കണക്കിനു രൂപയുടെ പദ്ധതികൾ നടപ്പിലാക്കിയപ്പോൾ സൂനാമി നാശംവിതച്ച മാടായി പുതിയവളപ്പ്, ചൂട്ടാട് കടലോരപ്രദേശത്ത് കടൽഭിത്തിപോലും നിർമിച്ചില്ല. അലറിയടിച്ചു വരുന്ന കൂറ്റൻ തിരമാലകൾ കണ്ട് കയ്യിൽ കിട്ടിയതും എടുത്ത് ഓടിയതിന്റെ ഞെട്ടലിൽനിന്ന് ഇവിടെയുള്ളവർ ഇനിയും മുക്തരായിട്ടില്ല. നിമിഷനേരംകൊണ്ട് വീടും കിടപ്പാടവും സ്വരൂക്കൂട്ടിവച്ച ഓരോന്നും കടൽ വിഴുങ്ങിയതിനെക്കുറിച്ചാണ് നാട്ടുകാർ പറയുന്നത്. 

900മീറ്റർ വിസ്തൃതി ഉണ്ടായിരുന്ന ഇവിടത്തെ തീരദേശഗ്രാമം 500 മീറ്ററായി.ഓരോ കാലവർഷം വരുമ്പോഴും കടലാക്രമണം പതിവാണ്. കടൽഭിത്തിവേണമെന്ന് ജനപ്രതിനിധികളോടു പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. കടലും പുഴയും അതിരിടുന്ന ഇവിടെ പുഴ ഗതി മാറി ഒഴുകുന്നതും ദുരിതം തീർക്കുന്നു. മഴക്കാലത്ത്  വീടുകൾക്കു ചുറ്റും വെള്ളംകെട്ടിനിൽക്കുന്നതിനാൽ പുറത്തിറങ്ങാൻ പോലും കഴിയാറില്ലെന്ന് നാട്ടുകാർ പറഞ്ഞു. .

സൂനാമിക്കു പിന്നാലെ കടൽഭിത്തി
പയ്യന്നൂർ ∙ ഈ കടൽഭിത്തി പാലക്കോട്ടുകാർക്ക് വലിയൊരു ഓർമയാണ്. 20 കൊല്ലം മുൻപ് ഭീതി പരത്തിയ സൂനാമിയുടെ ഓർമ. സൂനാമിയിൽ കടൽ കരകയറി വന്നപ്പോൾ പാലക്കോട് വലിയ കടപ്പുറത്തെ ജനങ്ങൾ ഭീതിയിലായി.  മത്സ്യത്തൊഴിലാളികളായ അവർക്കു കേട്ടുകേൾവി പോലുമില്ലാത്ത കടൽകയറ്റത്തിൽ വല്ലാതെ പേടിച്ചു. പലരും താൽക്കാലികമായി വീടൊഴിഞ്ഞു. സി.കെ.മൂസക്കുഞ്ഞി ഹാജിയായിരുന്നു പ്രദേശത്ത് അന്ന് ജില്ലാ പഞ്ചായത്ത് അംഗം. പല കുടുംബങ്ങളുടെയും കരച്ചിൽ അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. കണ്ണൂരിലെത്തി കലക്ടർക്കു മുന്നിൽ സങ്കടം പറഞ്ഞു.

കലക്ടർ അപ്പോൾ തന്നെ 50,000 മണൽ ചാക്ക് സ്ഥാപിക്കാനുള്ള ഉത്തരവ് നൽകി. അതുകൊണ്ട് ഒന്നുമാകില്ലെന്ന് കണ്ട മൂസക്കുഞ്ഞി ഹാജി ജില്ലാ പഞ്ചായത്ത് അംഗം സണ്ണി ജോസഫിനെ കണ്ടു. അദ്ദേഹം പറഞ്ഞു അന്നത്തെ ഫിഷറീസ് മന്ത്രി ഡൊമനിക് പ്രസന്റേഷനെ കാണാമെന്ന്.  മത്സ്യത്തൊഴിലാളി നേതാവ് എ.പി.ജയശീലൻ വഴി മന്ത്രിയെ കണ്ടു. അവർക്കൊപ്പം മന്ത്രി പാലക്കോട് കടപ്പുറത്തെത്തി. കടൽഭിത്തി നിർമിക്കാൻ അപ്പോൾ തന്നെ 20 ലക്ഷം രൂപ അനുവദിച്ചു. പാലക്കോട് വലിയ കടപ്പുറത്ത് കടൽഭിത്തി നിർമിച്ചു. ഇപ്പോൾ ഈ കടൽഭിത്തിയിൽ നിന്ന് 600 മീറ്ററിലധികം കടൽ പിൻവലിഞ്ഞു. ഭിത്തി പല ഭാഗത്തും ഇല്ലാതായി. എങ്കിലും ബാക്കിയുള്ള ഭിത്തി കാണുമ്പോൾ പാലക്കോടുകാർ സൂനാമിയെ ഓർക്കും.

ഫ്ലാറ്റുകളിൽ ദുരിതങ്ങളുടെ സൂനാമി
പഴയങ്ങാടി ∙ സൂനാമി വിതച്ച ദുരിതത്തിന് ആശ്വാസമാകുമെന്നു പ്രതീക്ഷിച്ച് പണിതീർത്ത ഫ്ലാറ്റിൽ ദുരിതങ്ങളുടെ സൂനാമി. മുട്ടം ഏരിപ്രത്തെ സൂനാമി പുനരധിവാസ ഫ്ലാറ്റിലെ കുടുംബങ്ങളാണ് അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്നത്. 2 മുറികളും അടുക്കളയും വരാന്തയും ശുചിമുറിയുമാണ് ഫ്ലാറ്റുകളിലുള്ളത്. പേരിന് അടുക്കളയുണ്ടെങ്കിലും അടുപ്പ് പോലുമില്ലാതെയാണ് റവന്യു വകുപ്പ് ഫ്ലാറ്റ് കൈമാറിയതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. പല കുടുംബങ്ങളും പുറത്ത് അടുപ്പ് ഒരുക്കിയാണ് ഭക്ഷണം പാചകം ചെയ്യുന്നത്. മഴക്കാലത്താണെങ്കിൽ അതിനും പ്രയാസം. ജനലും വാതിലും തകർച്ചയുടെ വക്കിലാണ്. കോൺക്രീറ്റ് പാളികൾ അടർന്നു വീണ് താമസക്കാർക്ക് പരുക്കേൽക്കുന്നതും പതിവ്. 

നല്ല റോഡ് ഇല്ലാത്തത് കാരണം ഓട്ടോറിക്ഷ വരാൻ മടിക്കുന്നു. പ്രായമായവരെ ആശുപത്രിയിൽ എത്തിക്കാൻ ഉൾപ്പെടെ കഷ്ടപ്പെടുകയാണ് ഇവർ. അങ്കണവാടി വരുമെന്നും ആഴ്ചയിൽ രണ്ടു തവണ ആരോഗ്യവകുപ്പിന്റെ പരിശോധന ഉണ്ടാകുമെന്നും കുട്ടികൾക്ക് കളിസ്ഥലം ഒരുക്കുമെന്നുമെല്ലാം അധികൃതർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഒന്നും വന്നില്ല. തിരഞ്ഞെടുപ്പ് കാലത്ത് എല്ലാവരും വരും വാഗ്ദാനങ്ങൾ ചൊരിയും. എന്നാൽ വോട്ടെണ്ണിക്കഴിഞ്ഞാൽ തങ്ങളുടെ പരാതികൾ കേൾക്കാനും പരിഹരിക്കാൻ അധികൃതർ ആരും ഇതുവഴി വരാറില്ലെന്ന് ഇവർ പറയുന്നു. 40 കുടുംബങ്ങൾക്ക് താമസിക്കാൻ ഉദ്ദേശിച്ചാണ് ഫ്ലാറ്റ് നിർമിച്ചതെങ്കിലും എല്ലാ ഫ്ലാറ്റുകളിലും താമസക്കാരില്ല. അസൗകര്യങ്ങൾ കാരണം ചിലർ മറ്റിടങ്ങളിലേക്ക് താമസം മാറി. ചിലർ ഫ്ലാറ്റുകൾ വാടകയ്ക്കു കൊടുത്തതായും പരാതിയുണ്ട്.

English Summary:

Kerala coastal communities, particularly in Payyannur, continue to face the lasting impacts of the 2004 tsunami. This includes inadequate housing, a lack of promised infrastructure, and the continued threat of coastal erosion.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com