ക്രിസ്മസ് ബംപറടിച്ച് കെഎസ്ആർടിസി; മൂന്നു ദിവസം കൊണ്ട് നേടിയത് 1.14 കോടി രൂപ
Mail This Article
കണ്ണൂർ ∙ അവധിക്കാലത്തെ മൂന്നു ദിവസത്തെ യാത്രയിൽ ജില്ലയിൽ കെഎസ്ആർടിസിക്കു ലഭിച്ചത് 1.14 കോടി രൂപ. ക്രിസ്മസ് സ്പെഷൽ സർവീസിനൊപ്പം മറ്റു സർവീസുകൾ മുടക്കമില്ലാതെ ഓപ്പറേറ്റ് ചെയ്തും പ്രവർത്തനച്ചെലവു കിട്ടാത്ത ട്രിപ്പുകൾ ഒഴിവാക്കിയും കെഎസ്ആർടിസി നേടിയതു മികച്ച വരുമാനം. 26, 27, 28 തീയതികളിൽ 1,14,29,149 രൂപയാണ് ലഭിച്ചത്. സംസ്ഥാനത്തു തന്നെ വരുമാനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ജില്ല കൂടിയാണു കണ്ണൂർ.കൃത്യമായ പ്ലാനിങ്ങോടെയാണു കെഎസ്ആർടിസി അധിക സർവീസുകൾ ഏർപ്പെടുത്തിയത്.
ഇതരസംസ്ഥാനങ്ങളിലേക്കുള്ള സർവീസുകളും അന്തർജില്ലാ ദീർഘദൂര സർവീസുകളും വരുമാന വർധനയ്ക്കു കാരണമായി. ജില്ലയിലും ജില്ലയ്ക്കു പുറത്തുമുള്ള ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള വരുമാനവും ഇതിൽപ്പെടുന്നു.കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ ഡിപ്പോകളിൽ നിന്നായി 26ന് 36,65,583 രൂപ, 27ന് 40,80,855 രൂപ, 28ന് 36,82,711 രൂപ എന്നിങ്ങനെയാണു ലഭിച്ചത്. അവധി കഴിഞ്ഞുള്ള പ്രവൃത്തി ദിവസമായ ഇന്നു കൂടുതൽ യാത്രക്കാർ ഉണ്ടാകുമെന്നതിനാൽ അതിനുള്ള ക്രമീകരണവും നടത്തിയിട്ടുണ്ട്.