വേരറുത്ത് ക്രൂരത; തേജസ്വിനിപ്പുഴയുടെ തീരങ്ങളിലെ മരങ്ങളും കുറ്റിച്ചെടികളും നശിപ്പിക്കുന്നത് ഇങ്ങനെ..
Mail This Article
ചെറുപുഴ∙ തേജസ്വിനിപ്പുഴയുടെ തീരങ്ങളിലെ മരങ്ങളും കുറ്റിച്ചെടികളും വ്യാപകമായി നശിപ്പിക്കുന്നെന്നു പരാതി. ഇടവരമ്പ് ഭാഗത്തെ കൂറ്റൻമരങ്ങളും പുഴവഞ്ചി ഉൾപ്പെടെയുള്ള കുറ്റിച്ചെടികളുമാണു നശിപ്പിക്കുന്നത്. ഇതു കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ സമ്മതിച്ചിട്ടുമുണ്ട്. മരങ്ങൾ നശിപ്പിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടികളെടുക്കുന്നില്ലെന്നാണു നാട്ടുകാരുടെ ആരോപണം.
‘മരത്തിന്റെ പ്രധാന വേരുകൾ മെഷീൻ വാളുപയോഗിച്ചു മുറിച്ചുമാറ്റുകയാണ്. ഇതുവഴി മരങ്ങൾ കടപുഴകും. ഇല്ലെങ്കിൽ ഉണങ്ങിനശിക്കും. ചിലപ്പോൾ മരങ്ങളുടെ തൊലി ചെത്തിക്കളഞ്ഞും മരങ്ങളെ ഉണക്കുന്നതു കാണാം. പുഴയിലൂടെയുള്ള യാത്രയ്ക്കായി ചില സ്വകാര്യ വ്യക്തികളാണ് ഇതിനു നേതൃത്വം നൽകുന്നത്. പക്ഷേ, അധികൃതർ ഇതുവരെയും നടപടിയെടുത്തിട്ടില്ല’, പ്രദേശവാസികൾ പറഞ്ഞു.
പുഴക്കരയിലെ മരങ്ങളും ആറ്റുവഞ്ചിയും ഓടക്കാടുകളും നശിപ്പിക്കുന്നതു മലയോരത്ത് ജലക്ഷാമം രൂക്ഷമാകാൻ ഇടയാക്കുമെന്നു പരിസ്ഥിതി പ്രവർത്തകർ പറയുന്നു. കണ്ണൂർ-കാസർകോട് ജില്ലാ അതിർത്തിയിലൂടെ ഒഴുകുന്ന പ്രധാന ജലസ്രോതസ്സാണു തേജസ്വിനിപ്പുഴ.
വിവിധ ആവശ്യങ്ങൾക്കായി ആയിരക്കണക്കിനാളുകളാണു തേജസ്വിനിപ്പുഴയെ ആശ്രയിക്കുന്നത്. എന്നാൽ, മരങ്ങളുടെ നശീകരണവും കയ്യേറ്റവും മൂലം പുഴ പലയിടത്തും മെലിഞ്ഞു തുടങ്ങി. ഇതിനെതിരെ ചെറുവിരൽ അനക്കാൻ പോലും അധികൃതർ തയാറാകാത്തതും നശീകരണത്തിന്റെ തോത് വർധിപ്പിച്ചിട്ടുണ്ട്. ഇനിയും നടപടിയെടുത്തില്ലെങ്കിൽ വേനൽക്കാലം സാധാരണക്കാരനു ദുരിതമാകും.