മേലേ സ്റ്റാൻഡ് – പഴയ പാലം ബൈപാസ് റോഡ് പണി തുടങ്ങി; ആശ്വാസം അരികെ
Mail This Article
ഇരിട്ടി∙ ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ നഗരത്തിലെ ഗതാഗത കുരുക്ക് അഴിക്കാൻ ലക്ഷ്യമിട്ട് മേലേ സ്റ്റാൻഡിൽ നിന്നു പഴയപാലം റോഡ് വഴി പുതിയ ബസ് സ്റ്റാൻഡിലേക്കു പ്രവേശിക്കാവുന്ന വിധം ബൈപാസ് റോഡ് പണി തുടങ്ങി. കാൽ നൂറ്റാണ്ടായുള്ള നഗരവാസികളുടെ ആവശ്യമാണ് ഇതോടെ സഫലമാകുന്നത്. നഗരസഭയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന 3 മീറ്റർ റോഡ് 5 മീറ്ററായി വികസിപ്പിച്ചാണ് 120 മീറ്റർ ദൂരത്തിൽ ‘ഇരിട്ടി മേലേ സ്റ്റാൻഡ് – പഴയ പാലം ബൈപാസ്’ യാഥാർഥ്യമാക്കുന്നത്.ഇരിട്ടി നഗരസഭയാകും മുൻപ് കീഴൂർ – ചാവശ്ശേരി പഞ്ചായത്തായിരുന്നപ്പോൾ തന്നെ തദ്ദേശ ഭരണ സ്ഥാപനത്തിന്റെ ആസ്തി രേഖയിൽ ഉണ്ടായിരുന്നെങ്കിലും കാടുപിടിച്ചും കയ്യേറ്റത്തിൽപെട്ടും നടവഴി പോലെയേ ഉണ്ടായിരുന്നുള്ളൂ.
ഇരിട്ടി നഗരസഭാ അധ്യക്ഷ കെ.ശ്രീലത, സ്ഥിരസമിതി അധ്യക്ഷൻ കെ.സുരേഷ്, ടൗൺ കൗൺസിലർ വി.പി.അബ്ദുൽ റഷീദ് എന്നിവർ സമീപത്തെ സ്ഥലം ഉടമകളുമായും കെട്ടിട ഉടമകളുമായും ചർച്ച നടത്തിയാണ് ബൈപാസ് റോഡ് നിർമിക്കുന്നത്. ഇപ്പോൾ 80 മീറ്റർ നീളത്തിൽ 5 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡ് 3 മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്യും. ഇതിനായി നഗരസഭ 10 ലക്ഷം രൂപ ആസ്തി വികസന ഫണ്ടിൽ നിന്നു വകയിരുത്തിയിട്ടുണ്ട്. ഓവുചാൽ, 30 മീറ്റർ അരിക് ഭിത്തി എന്നിവയും നിർമിക്കും. അവശേഷിക്കുന്ന 40 മീറ്റർ ഭാഗത്തിന്റെ പ്രവൃത്തി സ്വകാര്യ കെട്ടിടയുടമകളുടെ സഹായത്തോടെ അടുത്തു തന്നെ പൂർത്തിയാക്കാനും ലക്ഷ്യമിടുന്നു.ബൈപാസ് റോഡ് യാഥാർഥ്യമാകുന്നതോടെ തിരക്കൊഴിവാക്കാനാകും. കാൽനട യാത്രക്കാർക്കും ഏറെ പ്രയോജനമാണ്.