ഒറ്റക്കാലിൽ കരുത്തോടെ പേരാവൂർ ലങ്കാഡിയിൽ കണ്ണൂർ കില്ലാടികൾ
Mail This Article
പേരാവൂർ∙ പേരാവൂരിലെ താരങ്ങളുടെ മികവിൽ പ്രഥമ ലങ്കാഡി സംസ്ഥാന ചാംപ്യൻഷിപ്പിൽ കണ്ണൂർ ജേതാക്കളായി. ശ്രീകണ്ഠാപുരത്തു നടന്ന സംസ്ഥാന ലങ്കാഡി സംസ്ഥാന ചാംപ്യൻഷിപ്പിലാണ് നേട്ടം.സബ് ജൂനിയർ ബോയ്സ്, സബ് ജൂനിയർ ഗേൾസ്, ജൂനിയർ ബോയ്സ്, ജൂനിയർ ഗേൾസ് എന്നീ 4 വിഭാഗത്തിലും കണ്ണൂർ ജില്ല ചാംപ്യൻമാരായി. പേരാവൂരിൽനിന്ന് 42 പേർ ദേശീയ ലങ്കാഡി ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി.
സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ അലൻ ജോസഫ് ബിജു, അഡോൺ ജോൺ ബിജു, അനയ് കൃഷ്ണ, പി.പാർഥിപ്, കെ.എം.വാസുദേവ്, കെ.വാസുദേവ്, ഷോൺ തോമസ്, കെ.ആർ.യദുകൃഷ്ണ, ബ്ലസ്സിൻ ഷിജു ജോസഫ്, എൻ.ആർ.നീരജ് എന്നിവരും സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ മിഷേൽ മരിയ തോമസ്, നിയ റോസ് ബിജു, റിസ ഫാത്തിമ, കെ.കൃഷ്‌ണാഞ്‌ജലി, നൈനിക സി.സതീഷ്, പി.ഋഷിക, എം.അമയ, ഷാൽവിയ ബിജു, കാതറിൻ ബിജു, റോസ് മരിയ അനിൽ, ഇ.പി.നിഹാരിക, ദിയ ആൻ ഡെന്നി എന്നിവരാണ് യോഗ്യത നേടിയത്. ജൂനിയർ ഗേൾസ് വിഭാഗത്തിൽ നിന്ന് ആൽഫി ബിജു, മാനസി മനോജ്, എം.റന ഫാത്തിമ, പി.അശ്വതി, വിസ്മയ ബിജു, ശിഖ പ്രശാന്ത്, അനുഷ്ക രാജൻ, ശിവാനന്ദ കാക്കര, കെ.കൃഷ്ണതീർഥ, ആനിയ ജോസഫ്, നിവേദിത സി.സതീഷ്, ചൈതന്യ വിനോദ്, ഇതിഹ നന്ദ്യത്ത് എന്നിവരും ജൂനിയർ ബോയ്സ് വിഭാഗത്തിൽ അന്റോൺ ബിജു, അനുജിത് വിജയൻ, സിജ്മൽ മനോജ്, ആഗ്നേയ് പുഷ്പൻ, അലൻ അനീഷ് എന്നിവരും യോഗ്യത നേടി. സീനിയർ വിഭാഗത്തിൽ എം.അനുരഞ്ജ്, യു.എസ്.സംപ്രീത് എന്നിവരും ഉൾപ്പെടെയാണ് 42 പേർ യോഗ്യത നേടിയത്. എല്ലാവരും തൊണ്ടിയിൽ സാന്ത്വനം സ്പോർട്സ് അക്കാദമിയുടെ കീഴിൽ പരിശീലനം നേടുന്നവരാണ്. തങ്കച്ചൻ കോക്കാട്ട് ആണ് പരിശീലകൻ.
എന്താണ് ലങ്കാഡി?
∙ ഒറ്റക്കാലിൽ ചാടി എതിർ ടീമിലെ അംഗങ്ങളെ തൊട്ട് ഔട്ടാക്കുന്നതാണ് ലങ്കാഡി മത്സരം. 3 പേർ വീതം 9 പേരാണ് ഒരു ടീമിൽ ഇറങ്ങിക്കളിക്കുക. 6 പേർ റിസർവായി നിൽക്കും. ലീഡ് ഉള്ളപ്പോഴും, കളിക്കുന്നവർക്കു പരുക്കു പറ്റിയാലും പകരക്കാരെ ഇറക്കാം. 3 പേര് എതിർ കോർട്ടിൽ ഇറങ്ങുന്ന 9 പേരെ ഒറ്റക്കാലിൽ പോയി തൊട്ട് പുറത്താക്കണം. പിന്നീട് എതിർ ടീമിലെ മൂന്ന് പേർ വീതം കോർട്ടിൽ ഇറങ്ങും. കാല് കുത്തിയാൽ ഔട്ട് ആകും. ഇതിനിടയിൽ ആരെയെങ്കിലും തൊട്ടെങ്കിൽ അവരും ഔട്ട് ആകും. ഒൻപത് മിനിറ്റ് ഉള്ള നാല് റൗണ്ട് മത്സരത്തിൽ നിന്ന് ഏറ്റവും പോയിന്റ് നേടുന്ന ടീം വിജയിക്കും.