ലൈസൻസ് ഉൾപ്പെടെ റദ്ദാക്കുമെന്ന് മോട്ടർ വാഹന വകുപ്പ്; ആഘോഷരാവിൽ അതിരുവിടല്ലേ...
Mail This Article
കണ്ണൂർ∙ ഇന്നു പുതുവർഷാഘോഷത്തിന്റെ രാവ്. 2025നെ വരവേൽക്കാൻ എല്ലാവരും ഒരുങ്ങി. ആഘോഷം വേണം, പക്ഷേ, അതിരുവിടരുതെന്ന മുന്നറിയിപ്പുമായി പൊലീസും മോട്ടർ വാഹനവകുപ്പും. ആഘോഷക്കാലത്തു വാഹനാപകടങ്ങൾ പതിവായതിനാൽ പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും 5 യൂണിറ്റുകൾ വാഹന പരിശോധനയുമായി ഇന്നു ജില്ലയിലുണ്ടാകും. പ്രധാന അപകട മേഖലകൾ, ദേശീയ– സംസ്ഥാനപാത, പ്രധാന നഗരങ്ങൾ, ഗ്രാമീണ റോഡുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും പരിശോധന.
മദ്യപിച്ചുള്ള ഡ്രൈവിങ്, ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ്, അമിതവേഗം, ഇരുചക്രവാഹനത്തിൽ രണ്ടിലധികംപേരുടെ യാത്ര, സിഗ്നൽ ലംഘനം തുടങ്ങിയ കുറ്റങ്ങൾക്കു പിഴയ്ക്കു പുറമേ ലൈസൻസും റദ്ദാക്കും. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ അമിതശബ്ദം പുറപ്പെടുവിക്കുന്ന രീതിയിൽ സൈലൻസർ മാറ്റിയ വാഹനങ്ങൾ എന്നിവയുടെ റജിസ്ട്രേഷൻ റദ്ദാക്കുമെന്നും എൻഫോഴ്സ്മെന്റ് ആർടിഒ ബി.സാജു അറിയിച്ചു.
മുന്നറിയിപ്പുമായി പൊലീസും
പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ചുള്ള കൂട്ടായ്മകളും ആഘോഷങ്ങളും അതിരു വിടാതിരിക്കാൻ കർശന നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. നഗരത്തിലും പ്രധാന കേന്ദ്രങ്ങളിലും വൻ പൊലീസ് സംഘം നിലയുറപ്പിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാവുമെന്ന് അധികൃതർ അറിയിച്ചു.
കണ്ണൂർ നഗരത്തിൽ ഗതാഗതക്രമീകരണം
പുതുവത്സരത്തോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് കണ്ണൂർ ടൗണിൽ പൊലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തുന്നു. നഗരത്തിൽനിന്ന് പയ്യാമ്പലം ഭാഗത്തേക്കു പോകുന്നവർ പ്രഭാത്, ഗെസ്റ്റ് ഹൗസ് ഗേൾസ് സ്കൂൾ റോഡ് വഴിയും സേവായിയുടെ മുൻവശത്തുള്ള റോഡ് വഴിയും വൺവേ ആയി പോകണം. പയ്യാമ്പലത്തുനിന്നു തിരികെയുള്ള വാഹനങ്ങൾ ചാലാട് അമ്പലം റോഡ് വഴിയും പള്ളിയാംമൂല– മണൽ വഴിയും വൺവേ ആയി പോകണം.
മുനീശ്വരൻ കോവിൽ – എസ്എം റോഡ് വഴി എസ്എൻ പാർക്ക് ഭാഗത്തേക്ക് വാഹനങ്ങൾ അനുവദിക്കില്ല. ചാലാട്, എസ്എൻ പാർക്ക് ഭാഗത്തുനിന്ന് തിരികെയുള്ള വാഹനങ്ങൾ ജെഎസ് പോൾ, മുനീശ്വരൻ കോവിൽ വഴി പോകാവുന്നതാണ്. പയ്യാമ്പലത്ത് അനുവദിച്ച് 5 കേന്ദ്രങ്ങളിൽ മാത്രമാണ് പാർക്കിങ് അനുവദിക്കുക. വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് അനുവദിക്കില്ല.
പയ്യാമ്പലത്തേക്ക് എത്തുന്നവർക്ക് എസ്എൻ പാർക്ക് റോഡിലെ എംടിഎം സ്കൂൾ ഗ്രൗണ്ട്, ഇകെ നായനാർ അക്കാദമി അങ്കണം എന്നിവിടങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്. താവക്കര ഐഒസി മുതൽ പ്ലാസ വരെ വൺവേ ആയിരിക്കും.പുതുവത്സരാഘോഷത്തിനായി ഹോട്ടലുകളും റിസോർട്ടുകളും ഇവന്റ് മാനേജ്മെന്റ് ഏജൻസികളുമെല്ലാം വിവിധ ഇടങ്ങളിൽ ആഘോഷ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. സംഗീതവും നൃത്തവും ഭക്ഷണവും ഉൾപ്പെടെ വൈവിധ്യങ്ങളുമായാണ് ആഘോഷം.