കുറുമാത്തൂർ പരമേശ്വരൻ നമ്പൂതിരിപ്പാട്: ജ്യോതിഷ രംഗത്തും പ്രാഗല്ഭ്യം
Mail This Article
കൊട്ടിയൂർ ∙ ഇന്നലെ വിടപറഞ്ഞ കുറുമാത്തൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് ജ്യോതിഷരംഗത്തും പ്രാഗല്ഭ്യം തെളിയിച്ച പണ്ഡിതൻ. ഒട്ടേറെ ജ്യോതിഷ ലേഖനങ്ങളുടെ കർത്താവു കൂടിയാണ് പരമേശ്വരൻ നമ്പൂതിരിപ്പാട്.കൊട്ടിയൂർ ക്ഷേത്രത്തിൽ വൈശാഖ ഉത്സവത്തിൽ ആലിംഗന പുഷ്പാഞ്ജലി ചടങ്ങിൽ കുറുമാത്തൂർ നായ്ക്കന് കൽപിക്കപ്പെടുന്നത് മഹാവിഷ്ണുവിന്റെ സ്ഥാനമാണ്. ഇതിന് അവകാശമുള്ള സ്ഥാനികനുമായിരുന്നു അദ്ദേഹം. ദക്ഷയാഗ ഭൂമിയിലെത്തിയ സതീദേവി പിതാവിൽനിന്ന് അപമാനമേറ്റ് യാഗാഗ്നിയിൽ ആത്മത്യാഗം ചെയ്തതറിഞ്ഞ് കോപാകുലനായ പരമേശ്വരനെ ആശ്വസിപ്പിക്കാൻ മഹാവിഷ്ണു ആലിംഗനം ചെയ്തുനിന്നു എന്ന ഐതിഹ്യമാണ് ആലിംഗന പുഷ്പാഞ്ജലിക്കുള്ളത്.
ബ്രാഹ്മണ സമുദായത്തിൽ ഒരു നായ്ക്കൻ സ്ഥാനികൻ മാത്രമാണ് ഉള്ളത്. അത് കുറുമാത്തൂർ നായ്ക്കനാണ്. ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ കൽപനകൾ കേരളത്തിലെ ബ്രാഹ്മണർ ആചാരാനുഷ്ഠാനങ്ങളിൽ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ നിയോഗിക്കപ്പെട്ടതിനാലാണ് ഇദ്ദേഹത്തെ നായകൻ അഥവാ നായ്ക്കൻ എന്ന് വിളിക്കുന്നത്. 32 ബ്രാഹ്മണ ഗ്രാമങ്ങളിൽ ഒന്നായ പെരിഞ്ചല്ലൂരിലെ പ്രഥമ സ്ഥാനികനും നായ്ക്കനാണ്. ടിടികെ ദേവസ്വം പ്രഥമ ഊരാളൻ, ഇരുപത്തഞ്ചോളം ക്ഷേത്രങ്ങളിൽ ഊരായ്മ അവകാശിയുമാണ്. 2016ൽ ആണ് പരമേശ്വരൻ നമ്പൂതിരിപ്പാട് കൊട്ടിയൂരിലെ നായ്ക്കനായി എത്തുന്നത്. ഒടുവിൽ എത്തിയത് 2002ൽ ആണ്. കൊയിലാണ്ടി സഹകരണ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു.