എഴുത്തുകാരൻ മുദ്രാവാക്യം വിളിക്കേണ്ടതില്ല: എം.മുകുന്ദൻ
Mail This Article
കണ്ണൂർ∙ സാമൂഹികപ്രശ്നങ്ങളിൽ എഴുത്തുകാരൻ മുദ്രാവാക്യം വിളിക്കാൻ പോകേണ്ടതില്ലെന്നും പ്രതിരോധത്തിന്റെ പ്രതീകം സൃഷ്ടിച്ചാൽ മതിയെന്നും എം.മുകുന്ദൻ. നിർമാല്യം എന്ന ചിത്രത്തിലൂടെ എം.ടി.വാസുദേവൻനായർ സൃഷ്ടിച്ചത് കാലാതീതമായ പ്രതിരോധമായിരുന്നു. ജില്ലാ ലൈബ്രറി കൗൺസിലും ജില്ലാ സെൻട്രൽ ലൈബ്രറിയും നടത്തിയ എംടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർമാല്യം എല്ലായിടത്തും പ്രദർശിപ്പിക്കാൻ സർക്കാർ തയാറാകണമെന്ന് മുകുന്ദൻ പറഞ്ഞു.
എഴുത്തിൽ എംടി പുലർത്തുന്ന ജാഗ്രതയാണ് അദ്ദേഹത്തിന്റെ മൗനം. സമൂഹത്തിൽ എല്ലാവരും വാചാലരാണ്. അത്രയും സംസാരിക്കുന്ന സമൂഹത്തിൽ നിശ്ശബ്ദത പാലിക്കാൻ സാധിച്ചുവെന്നത് അദ്ഭുതമാണ്. എഴുത്തുകാരനായി എംടി വളർന്നതോടെ മൗനവും വളർന്നു. അതു ലഭിച്ചത് ചിന്തയിൽനിന്നും വായനയിൽനിന്നുമാണ്. ഇത്രയധികം വായിച്ച എഴുത്തുകാരൻ വേറെയുണ്ടാകില്ല. ഒരുദിവസം ഒരു പുസ്തകമൊക്കെ വായിക്കുമെന്നു കേട്ടിട്ടുണ്ട്. അത് അതിശയോക്തിയല്ല.
മറന്നുപോയവരെയാണ് അനുസ്മരിക്കേണ്ടത്. കൂടെയുള്ളവരെ ആരും അനുസ്മരിക്കാറില്ല. എംടി എന്നും മലയാളിയുടെ മനസ്സിൽതന്നെയുണ്ടാകുമെന്നും മുകുന്ദൻ പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.വിജയൻ, ജോ.സെക്രട്ടറി വി.കെ.പ്രകാശിനി, എം.കെ.മനോഹരൻ, ടി.പി.വേണുഗോപാലൻ, എം.കെ.രമേശ്കുമാർ എന്നിവർ പ്രസംഗിച്ചു.
ചലച്ചിത്ര അക്കാദമി അനുസ്മരിച്ചു
ചലച്ചിത്ര അക്കാദമി കണ്ണൂർ മേഖലാ കേന്ദ്രം എംടി വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു. എപിജെ അബ്ദുൽ കലാം ലൈബ്രറിയുടെയും പുകസ ടൗൺ ഈസ്റ്റിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി സംവിധായകൻ പ്രദീപ് ചൊക്ലി ഉദ്ഘാടനം ചെയ്തു. ഫിലിം സൊസൈറ്റി ഫെഡറേഷൻ കേന്ദ്ര കമ്മിറ്റി അംഗം സി.മോഹനൻ അധ്യക്ഷത വഹിച്ചു.
ബാലകൃഷ്ണൻ കൊയ്യാൽ അനുസ്മരണ പ്രഭാഷണം നടത്തി. പുകസ മേഖലാ കമ്മിറ്റി അംഗം എം വി സന്ദീപ്, ക്യൂബ് സെക്രട്ടറി കെ.പി.രഘുനാഥൻ, കെ.വി.തമ്പാൻ എന്നിവർ പ്രസംഗിച്ചു. ചലച്ചിത്ര അക്കാദമി റീജനൽ കോഓർഡിനേറ്റർ പി.കെ.ബൈജു, എപിജെ ലൈബ്രറി പ്രസിഡന്റ് കെ.ജയരാജൻ എന്നിവർ പ്രസംഗിച്ചു. എംടി സിനിമയിലെ ഗാനങ്ങളുടെ അവതരണവും സിനിമയുടെ പ്രദർശനവും നടന്നു.