പരാതിക്കാരൻ വിചാരണയ്ക്ക് ഹാജരായി, റിയാദിലിരുന്ന്
Mail This Article
പയ്യന്നൂർ ∙ ജഡ്ജിയും പ്രോസിക്യൂട്ടറും അഭിഭാഷകനും പ്രതിയും തലശ്ശേരി വിജിലൻസ് കോടതിയിൽ. പരാതിക്കാരൻ വിചാരണയിൽ പങ്കെടുത്തത് റിയാദിലെ ഇന്ത്യൻ എംബസിയിലിരുന്ന്. ഉച്ചയ്ക്കുമുൻപ് 2 മണിക്കൂറും ഉച്ചയ്ക്കുശേഷം ഒന്നേമുക്കാൽ മണിക്കൂറും വിചാരണ നടന്നു. തളിപ്പറമ്പിൽ വ്യാപാരിയായിരുന്ന ബിനു മഹേഷിന്റെ പരാതിയിൽ കമേഴ്സ്യൽ ടാക്സ് മുൻ ഓഫിസർ എം.പി.രാധാകൃഷ്ണനെതിരെ കണ്ണൂർ വിജിലൻസ് കോടതി 2011 മാർച്ചിൽ റജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണയാണ് ഓൺലൈനായി നടന്നത്.
ബിനു മഹേഷ് ഇപ്പോൾ സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. നാട്ടിലെത്തി കോടതിയിൽ ഹാജരാകാൻ കഴിയാത്തതിനാൽ കേസ് അനന്തമായി വൈകുന്ന സാഹചര്യമുണ്ടായപ്പോൾ നൽകിയ അപേക്ഷയെത്തുടർന്ന് ഓൺലൈൻ വിചാരണയ്ക്ക് വിജിലൻസ് ജഡ്ജി കെ.രാധാകൃഷ്ണൻ സൗകര്യമൊരുക്കി. എംബസിയിലെ സെക്കൻഡ് സെക്രട്ടറി ശരത് കുമാർ നായിക്കിന്റെ സാന്നിധ്യത്തിലാണ് പരാതിക്കാരൻ വിചാരണയിൽ പങ്കെടുത്തത്. വിഡിയോ കോൺഫറൻസിങ് വഴിയുള്ള വിചാരണയ്ക്ക് സൈബർ സെല്ലിന്റെ സഹായവും ലഭിച്ചു.