ADVERTISEMENT

ശ്രീകണ്ഠപുരം∙ വീട്ടിലേക്കുള്ള വിദ്യാർഥികളുടെ മടക്കം കണ്ണീരിൽ കുതിർന്നു. കുറുമാത്തൂർ ചിൻമയ സ്കൂളിൽ ക്ലാസ് കഴിഞ്ഞ് നിടുമുണ്ട വഴി കിരാത്ത് പോയി കുട്ടികളെ ഇറക്കി തളിപ്പറമ്പ് – ഇരിട്ടി സംസ്ഥാന പാതയിലേക്ക് ഇറങ്ങവെയായിരുന്നു വിദ്യാർഥിനിയുടെ മരണത്തിനിടയാക്കിയ ദാരുണമായ അപകടം.കിരാത്തുനിന്ന് വളക്കൈ പാലം സ്റ്റോപ്പിലേക്കുള്ള റോഡ് പണ്ടേ അപകട റോഡാണ്.

വളക്കൈ പാലത്തിനടുത്തുള്ള അങ്കണവാടിയുടെ അരികിലൂടെ കുന്നിറങ്ങിയാണ് ഈ റോഡ് വളക്കൈ പാലം സ്റ്റോപ്പിൽ എത്തുന്നത്. നടന്നു പോകാൻ പോലും നാട്ടുകാർ ഭയപ്പെടുന്ന ഈ വഴിയാണു സ്കൂൾ ബസുകൾ പോകുന്നത്. അപകടത്തിൽപെട്ട ബസ് കുന്നിറക്കത്തിലും അമിത വേഗത്തിലായിരുന്നു എന്ന് സ്ഥലത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.  

ശ്രീകണ്ഠപുരം വളക്കൈയിൽ സ്കൂൾ ബസ് നിയന്ത്രണംവിട്ടു മറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ.
ശ്രീകണ്ഠപുരം വളക്കൈയിൽ സ്കൂൾ ബസ് നിയന്ത്രണംവിട്ടു മറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ.

ആശുപത്രികളിൽ സങ്കടക്കാഴ്ചകൾ 
തളിപ്പറമ്പ്∙ അപകടത്തിൽപെട്ട വിദ്യാർഥികളെയെത്തിച്ച തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും സഹകരണ ആശുപത്രിയിലും സങ്കടക്കാഴ്ചകൾ. ഓടിയെത്തിയ രക്ഷിതാക്കൾ കുട്ടികളെ വാരിപ്പുണർന്ന് വിതുമ്പുകയായിരുന്നു. കുട്ടികൾക്ക് കാര്യമായ പരുക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഡോക്ടർമാരും ആശുപത്രി ജീവനക്കാരും പറഞ്ഞതോടെയാണ് രക്ഷിതാക്കൾക്ക് ആശ്വാസമായത്. അപകടവാർത്തയറിഞ്ഞ് ഒട്ടേറെപ്പേർ ആശുപത്രിയിലെത്തി. പ്രഥമ ശുശ്രൂഷകൾക്ക് ശേഷം രാത്രിയോടെ തളിപ്പറമ്പിലെ ആശുപത്രികളിലുള്ള എല്ലാ കുട്ടികളെയും വീടുകളിലേക്ക് പറഞ്ഞയച്ചു.

സ്കൂൾ വിദ്യാർഥികളായ ഇരിട്ടി, പായം സിയോൺ വർഗീസ് (8), സഹോദരി സിയാ തെരേസ് വർഗീസ് (5), കുറുമാത്തൂർ നവീൻ നിവാസിൽ മാനസ രാജൻ (6), ചൊറുക്കള താഹിറ ഹൗസിൽ മെഹറിഷ് ഷാനവാസ് (11), സഹോദരി സെഹറിഷ് (5), കരിമ്പം വടക്കുംപുറം ബെൻസൻ ജോ റോബി (4), ചുഴലി അടിച്ചിക്കാമല ജോബിൻ ജോബ് (7), പൊക്കുണ്ട് മുഹമ്മദ് ഫെസാൻ (7), പൊക്കുണ്ട് മിൻഹ മുഹമ്മദ് (9), വളക്കൈ എം.ദയാൻ (6), ഷിഫോന (10) എന്നിവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും ആനന്ദ് (7), ഋഥിക് ദേവ് (5), മേധ (6), ദീൻദയാൽ (7), സഹസ്ര (10), അൻവിത്ത് (7), ദയാൽ (6) എന്നിവരെ താലൂക്ക് ഗവ. ആശുപത്രിയിലുമാണ് ചികിത്സ നൽകിയത്. 

കുറുമാത്തൂർ ചിൻമയ സ്കൂളിന്റെ ബസ് മറിഞ്ഞ വളക്കൈ പാലത്തിനു സമീപം തടിച്ചു കൂടിയ 
നാട്ടുകാർ. നാട്ടുകാർ തള്ളി നേരെയാക്കി നിർത്തിയ ബസും ചിത്രത്തിൽ കാണാം
കുറുമാത്തൂർ ചിൻമയ സ്കൂളിന്റെ ബസ് മറിഞ്ഞ വളക്കൈ പാലത്തിനു സമീപം തടിച്ചു കൂടിയ നാട്ടുകാർ. നാട്ടുകാർ തള്ളി നേരെയാക്കി നിർത്തിയ ബസും ചിത്രത്തിൽ കാണാം

ബ്രേക്ക് നഷ്ടമായെന്ന് ഡ്രൈവർ; പരിശോധന വേണമെന്ന് അധികൃതർ 
വളക്കൈയിൽ അപകടത്തിൽപെട്ട സ്കൂ‍ൾ ബസിൽ എംവിഐ റിയാസിന്റെ നേതൃത്വത്തിൽ ആർടിഒ അധികൃതർ പ്രാഥമിക പരിശോധന നടത്തി. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള ഡ്രൈവർ നിസാമുദ്ദീനിൽനിന്ന് ആർടിഒ സംഘം മൊഴിയെടുത്തു. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായാണ് ഡ്രൈവർ പറഞ്ഞത്. ഇക്കാര്യത്തിൽ കൂടുതൽ പരിശോധന ആവശ്യമാണെന്ന് ആർടിഒ അധികൃതർ പറഞ്ഞു. 

അന്വേഷണം വേണമെന്ന് സജീവ് ജോസഫ് എംഎൽഎ 
ശ്രീകണ്ഠപുരം∙ വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞ് കുട്ടി മരിക്കാനിടയായ സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് സജീവ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. അപകടം നടന്ന സ്ഥലവും തളിപ്പറമ്പ്, പരിയാരം ആശുപത്രികളിൽ കഴിയുന്നവരേയും എംഎൽഎ സന്ദർശിച്ചു. ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ മോട്ടോർവാഹന വകുപ്പും പൊലിസും ശ്രദ്ധിക്കണമെന്നും സ്കൂളുകൾ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു. അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായും എംഎൽഎ പറഞ്ഞു.

നേദ്യ യാത്രയായത്   അനുജത്തിക്കുള്ള കേക്ക്  നൽകാനാകാതെ 
തളിപ്പറമ്പ് ∙ പുതുവത്സരദിനത്തിൽ സ്കൂളിൽ മുറിച്ച കേക്ക് വീട്ടിൽ കുഞ്ഞനുജത്തിക്കു നൽകാനായി കയ്യിൽ സൂക്ഷിച്ചിരുന്നു നേദ്യ. ഇതുമായി വരുന്നതിനിടയിലാണ് നേദ്യയെ ബസ് അപകടത്തിൽ മരണം തട്ടിയെടുത്തത്.കുറുമാത്തൂർ ചിൻമയ വിദ്യാലയത്തിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ നേദ്യ കലാരംഗങ്ങളിലും കഴിവ് തെളിയിച്ചിരുന്നു. ഇന്നലെ ക്ലാസിൽ കേക്ക് മുറിച്ചത് നേദ്യയായിരുന്നുവെന്ന് സഹപാഠികൾ പറയുന്നു. എല്ലാവർക്കും കേക്ക് കൊടുത്തശേഷം കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്ന അനുജത്തി വേദയ്ക്ക് നൽകാനായി നേദ്യ കേക്ക് എടുത്തു.

ബസിൽ കളിചിരികളുമായി യാത്ര ചെയ്യുമ്പോൾ ജനൽ ഗ്ലാസുകളുള്ള ബസിൽ കാറ്റ് കിട്ടുന്നില്ല എന്ന് പറഞ്ഞാണ് ഗ്ലാസ് നീക്കിയത്. ഇതിലൂടെയാണ് നേദ്യ പുറത്തേക്ക് തെറിച്ച് വീണത്. കാസർകോട് സ്വദേശിയാണ് നേദ്യയുടെ പിതാവ് രാജേഷ്. അടുത്ത കാലത്താണ് ഇവർ കുറുമാത്തൂർ ചൊറുക്കള നാഗത്തിന് സമീപം താമസമാക്കിയത്. മാതാവ് സീന തളിപ്പറമ്പിൽ തമ്പുരാൻ ലോട്ടറി ഏജൻസി ഓഫിസ് ജീവനക്കാരിയാണ്. നേദ്യ അപകടത്തിൽപെട്ടതായി വീട്ടിൽ വിവരമറിഞ്ഞെങ്കിലും ഇന്നലെ രാത്രി വൈകി വരെ മകൾക്ക് സംഭവിച്ച ദുരന്തം മാതാപിതാക്കളെ അറിയിച്ചിരുന്നില്ല.

English Summary:

Sreekandapuram school bus accident tragically resulted in a student's death. The speeding bus, with reported brake failure, underscores the urgent need for stricter road safety regulations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com