വേദനയുടെ പുതുവത്സര ദിനം; ബസ് അപകടത്തിൽ വിറങ്ങലിച്ച് നാട്
Mail This Article
ശ്രീകണ്ഠപുരം ∙ തലേന്നു രാത്രി വൈകുവോളം ആഘോഷങ്ങൾ നടന്ന നാട്ടിൽ പുതുവത്സര ദിനത്തിൽ വൈകിട്ടെത്തിയതു വേദനയുടെ വാർത്ത. കുറുമാത്തൂർ ചിൻമയ സ്കൂളിന്റെ ബസ് മറിഞ്ഞ വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാർ പരക്കെ അന്വേഷണമായിരുന്നു.
ഈ പ്രദേശത്തെ പലരുടേയും കുട്ടികൾ പഠിക്കുന്ന സ്കൂളായിരുന്നിത്. അപകടം നടന്ന് ഒരു മണിക്കൂറിനു ശേഷമാണ് അപകടത്തെക്കുറിച്ചുള്ള ഏകദേശ ചിത്രമെങ്കിലും നാട്ടുകാർക്ക് ലഭിക്കുന്നത്.31നു രാത്രി 12നു ശേഷവും ആഘോഷം നടന്ന നാട്ടിൽ പുതുവത്സര ദിനം ഇരുട്ടുന്നതിനു മുൻപു മൂകത നിറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻജനാവലി അപകടസ്ഥലത്തേക്ക് ഓടിയെത്തി.
വളക്കൈയുടെ സമീപഗ്രാമങ്ങളിൽനിന്ന് ഇവിടെ കുട്ടികൾ പഠിക്കുന്നുണ്ട്. ബസ് അപകടത്തിൽപ്പെട്ട വിവരം പുറത്തറിഞ്ഞതോടെ ബന്ധുവീടുകളിൽ ഉള്ളവരെല്ലാം കുട്ടികൾ വീട്ടിലെത്തിയോ എന്നറിയാനുള്ള വിളികളായിരുന്നു.
പരുക്കേറ്റവരെ സന്ദർശിച്ച് എംഎൽഎമാർ
തളിപ്പറമ്പ് ∙ വളക്കൈയിൽ ബസ് അപകടത്തിൽ പരുക്കേറ്റവരെ എംഎൽഎമാരായ എം.വി.ഗോവിന്ദൻ, സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, തളിപ്പറമ്പ് നഗരസഭാധ്യക്ഷ മുർഷിദ കൊങ്ങായി, തഹസിൽദാർ പി.സജീവൻ എന്നിവർ സന്ദർശിച്ചു.