അപകടത്തിൽപെട്ട സ്കൂൾ ബസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല; ഓടിയത് സർക്കാർ ഉത്തരവിന്റെ ബലത്തിൽ
Mail This Article
ശ്രീകണ്ഠപുരം ∙ അപകടത്തിൽപെട്ട സ്കൂൾ ബസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്ന് അസി.മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ബിബിൻ രവീന്ദ്രൻ. എന്നാൽ, ഏപ്രിൽ വരെ സർക്കാർ കാലാവധി നീട്ടിക്കൊടുത്തതിനാൽ ഇതു വലിയ പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു. ബസിന്റെ ഫിറ്റ്നസ് ഡിസംബറിൽ പുതുക്കാൻ പോയപ്പോൾ ആർടിഒ മടക്കി അയയ്ക്കുകയായിരുന്നുവെന്ന് പറയുന്നു. ബ്രേക്കിന് ഉൾപ്പെടെ പ്രശ്നങ്ങളുണ്ടായിരുന്നു.
അവധിക്കാലം കഴിഞ്ഞ് പുതിയ ബസ് ഇറക്കുംവരെ ഈ ബസ് ഓടിക്കാമെന്നാണ് സ്കൂൾ അധികൃതർ പറഞ്ഞത്. ഫിറ്റ്നസ് തീർന്ന സ്കൂൾ വാഹനങ്ങളുടെ കാലാവധി ഏപ്രിൽ വരെ നീട്ടി സർക്കാർ ഡിസംബർ 18ന് ഉത്തരവിറക്കിയിരുന്നു.അതേസമയം, സർക്കാരിന്റെ ഈ നടപടിയാണ് വളക്കൈയിലേത് ഉൾപ്പെടെയുള്ള സ്കൂൾ ബസ് അപകടങ്ങൾക്ക് കാരണമെന്ന് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി ആരോപിച്ചു.
സ്കൂൾ ബസ് ഡ്രൈവറാകാൻ ചുരുങ്ങിയത് 10 വർഷത്തെ പരിചയം വേണമെന്ന നിയമം നടപ്പാകുന്നില്ല. ഇതിനാവശ്യമായ പരിശോധനകൾ മോട്ടർ വാഹന വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ കെഎസ്‌യു സമരമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഓടിയെത്തിയത് ഷഫീഖ്
അപകടം നടന്ന സ്ഥലത്തിനു നേരെ മുന്നിൽ വീടുള്ള മെഡിക്കൽ റപ്രസന്റേറ്റീവ് പി.പി.മുഹമ്മദ് ഷഫീഖാണ് സ്ഥലത്ത് ആദ്യം എത്തിയത്. ചെരിഞ്ഞു കിടക്കുന്ന ബസിനടിയിൽ ഒരു കുട്ടിയുണ്ടെന്ന് വിളിച്ചു പറഞ്ഞതോടെ നാട്ടുകാർ ബസ് ഉയർത്തി. മറ്റു വാഹനങ്ങളുടെ സഹായത്തോടെ പരുക്കേറ്റവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
വളക്കൈയിലെ ഓല വ്യാപാരിയായ കമാലിന്റെ മകനാണ് മുഹമ്മദ് ഷഫീഖ്. ഷഫീഖിന്റെ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽനിന്നാണ് അപകടത്തിന്റെ സ്വഭാവം മനസിലാക്കാൻ കഴിഞ്ഞത്. സജീവ് ജോസഫ് എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും എൻഫോഴ്സ്മെന്റ് ആർടിഒ, തളിപ്പറമ്പ് ഡിവൈഎസ്പി എന്നിവരും സ്ഥലത്തെത്തിയിരുന്നു. ശ്രീകണ്ഠപുരം പൊലിസും അപകടംനടന്ന് മിനുറ്റുകൾക്കകം സ്ഥലത്തെത്തി