ചെറിയൊരു എൻജിൻ തകരാർ മൂലം നിർത്തിയിട്ടു; 2 കോടി രൂപയുടെ ബസ് തുരുമ്പെടുത്ത് നശിച്ചു
Mail This Article
പയ്യന്നൂർ ∙ ചെറിയൊരു എൻജിൻ തകരാറ് മൂലം നിർത്തിയിട്ട 2 കോടി രൂപയുടെ ബസ് പൂർണമായി തുരുമ്പെടുപ്പിച്ച് നശിപ്പിച്ച ശേഷം ട്രെയിലർ ലോറിയിൽ കയറ്റി കൊണ്ടു പോയി. കെഎസ്ആർടിസിയെ നഷ്ടത്തിലേക്ക് തള്ളിവിടുന്ന ഒരു ചിത്രമാണ് പയ്യന്നൂരിൽ നിന്ന് ദേശീയപാത വഴി തെക്കോട്ടേക്ക് പോയത്.
2 കോടി രൂപയ്ക്ക് വാങ്ങിയ ഗരുഡ മഹാരാജ സൂപ്പർ ഡീലക്സ് ബസ് തിരുവനന്തപുരം കൊല്ലൂർ റൂട്ടിൽ സർവീസ് നടത്തുകയായിരുന്നു. കഴിഞ്ഞ വർഷം ജനുവരി ആദ്യം സർവീസിനിടയിൽ ബസിന്റെ എൻജിൻ തകരാറിലായി. ബസ് പയ്യന്നൂർ ഡിപ്പോയിൽ കയറ്റിയിട്ടു.
അടുത്ത ദിവസം റിപ്പയർ ചെയ്ത് കൊണ്ടുപോകുമെന്നായിരുന്നു അന്ന് പറഞ്ഞത്. 6 മാസമായിട്ടും റിപ്പയർ ചെയ്ത് കൊണ്ടു പോകാത്തതിനാൽ ജൂണിൽ മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അപ്പോൾ അന്വേഷണമൊക്കെ നടന്നുവെങ്കിലും തുടർ നടപടി ഉണ്ടായില്ല. ബസ് പൂർണമായും തുരുമ്പെടുത്ത് നശിച്ചിരുന്നു. ബസ് കഴിഞ്ഞ ദിവസം അതിന്റെ രാജകീയ ചിഹ്നങ്ങളെല്ലാം മറച്ച് വച്ച് ട്രെയിലർ ലോറിയിൽ പയ്യന്നൂരിൽ നിന്ന് കയറ്റിക്കൊണ്ടുപോയി.