ADVERTISEMENT

കണ്ണൂർ, കാസർകോട് ∙ പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്‌ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് സിപിഎം സംസ്ഥാനസമിതി അംഗം പി.ജയരാജന്റെ സാന്നിധ്യത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ പരിസരത്തു വരവേൽപ്. പ്രതികൾ ആവശ്യപ്പെട്ടതനുസരിച്ചാണ് ജയിൽമാറ്റം. മുദ്രാവാക്യം വിളികളോടെയാണു പ്രതികളെ സ്വീകരിച്ചത്. ഇതേസമയംതന്നെ പ്രതികൾക്ക് ഐക്യദാർഢ്യമറിയിച്ച് കാസർകോട്ടെ നേതാക്കൾ അവരുടെ വീടുകളിലുമെത്തി. 

ഒന്നാം പ്രതി എ.പീതാംബരനെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചപ്പോൾ.
ഒന്നാം പ്രതി എ.പീതാംബരനെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചപ്പോൾ.

സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്.കുഞ്ഞമ്പു എംഎൽഎ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.രാജഗോപാലൻ എംഎൽഎ, എം.സുമതി എന്നിവരുടെ നേതൃത്വത്തിലാണ് പെരിയ, കല്യോട്ട്, ഏച്ചിലടുക്കം, പാക്കം വെളുത്തോളി എന്നിവിടങ്ങളിലെ വീടുകളിലെത്തിയത്.

kunjiraman
പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമനെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചപ്പോൾ. ചിത്രം: മനോരമ

ഒന്നുമുതൽ എട്ടുവരെ പ്രതികളായ എ.പീതാംബരൻ, സജി സി.ജോർജ്, കെ.എം.സുരേഷ്, കെ.അനിൽകുമാർ, ജി.ഗിജിൻ, ശ്രീരാഗ്, എ.അശ്വിൻ, സുബീഷ് എന്നിവരെയും പത്താം പ്രതി ടി.രഞ്ജിത്തിനെയും വിയ്യൂരിൽനിന്ന് ഉച്ചകഴിഞ്ഞു മൂന്നോടെയാണു കണ്ണൂരിലെത്തിച്ചത്. ഇവർ എത്തുന്നതിനു 10 മിനിറ്റ് മുൻപ് ഖാദി ബോർഡിന്റെ വാഹനത്തിലെത്തിയ പി.ജയരാജൻ പക്ഷേ, കാറിൽനിന്ന് ഇറങ്ങിയില്ല.

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചപ്പോൾ മുദ്രാവാക്യം വിളിച്ചു വരവേൽക്കുന്ന സിപിഎം പ്രവർത്തകരും പ്രതികളുടെ കുടുംബാംഗങ്ങളും. ചിത്രം:മനോരമ
പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചപ്പോൾ മുദ്രാവാക്യം വിളിച്ചു വരവേൽക്കുന്ന സിപിഎം പ്രവർത്തകരും പ്രതികളുടെ കുടുംബാംഗങ്ങളും. ചിത്രം:മനോരമ

സിപിഎം പ്രവർത്തകർ മുഷ്ടിചുരുട്ടി പ്രതികളെ അഭിവാദ്യം ചെയ്തു.ഏതാണ്ട് ഒരുമണിക്കൂറിനു ശേഷമാണ് എറണാകുളത്തെ ജയിലിൽനിന്ന് മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ.വി.ഭാസ്കരൻ എന്നിവരെ എത്തിച്ചത്. 

പെരിയ കേസിലെ ഒന്നാംപ്രതി പീതാംബരന്റെ വീട്ടിൽ സിപിഎം നേതാക്കളെത്തിയപ്പോൾ. ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സുമതി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കേസിൽനിന്നു വിട്ടയയ്ക്കപ്പെട്ട എൻ. ബാലകൃഷ്ണൻ, മുൻ എംഎൽഎ കെ.കുഞ്ഞിരാമൻ എന്നിവർ ചിത്രത്തിൽ.
പെരിയ കേസിലെ ഒന്നാംപ്രതി പീതാംബരന്റെ വീട്ടിൽ സിപിഎം നേതാക്കളെത്തിയപ്പോൾ. ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സുമതി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കേസിൽനിന്നു വിട്ടയയ്ക്കപ്പെട്ട എൻ. ബാലകൃഷ്ണൻ, മുൻ എംഎൽഎ കെ.കുഞ്ഞിരാമൻ എന്നിവർ ചിത്രത്തിൽ.

 ഇവർ എത്തുന്നതിനു തൊട്ടുമുൻപ് പി.ജയരാജൻ വീണ്ടും ജയിൽ പരിസരത്തെത്തി. സിപിഎം പ്രവർത്തകരും പ്രതികളുടെ കുടുംബാംഗങ്ങളും മുദ്രാവാക്യം വിളികളോടെയാണ് ഇവരെ വരവേറ്റത്. ജയരാജനും ഇവർക്കൊപ്പം ഉണ്ടായിരുന്നു.എല്ലാവരും ജയിലിൽ പ്രവേശിച്ച ശേഷം പി.ജയരാജനും അകത്തുപോയി. ജയിൽ ഉപദേശകസമിതി അംഗം എന്ന നിലയിലാണ് എത്തിയതെന്നു പറഞ്ഞാണ് ജയിലിൽ പ്രവേശിച്ചത്. ‘കേരളം: മുസ്‌ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം’ എന്ന തന്റെ പുസ്തകവും കയ്യിൽ കരുതിയിരുന്നു.

ജയിലിൽ 5 സഖാക്കളെ കണ്ടതായി തിരിച്ചിറങ്ങിയ ജയരാജൻ പറഞ്ഞു. അവർക്കു വായിക്കാൻ എന്റെയൊരു പുസ്തകം നൽകി. അവർ വായിച്ച് പ്രബുദ്ധരാകും. കമ്യൂണിസ്റ്റുകാരെ തടവറ കാണിച്ചു പേടിപ്പിക്കാൻ കഴിയില്ല. നിയമപരമായ പോരാട്ടത്തിന്റെ വഴി മുന്നിലുണ്ട്. അതിനുള്ള അവസരം വിനിയോഗിക്കുമെന്നാണ് ജയിലിലെ സഖാക്കൾ പറഞ്ഞത് – പി.ജയരാജൻ പറഞ്ഞു.

English Summary:

Kripesh and Sharath Lal murder: Convicted individuals received a controversial welcome. The reception, attended by CPM leader P. Jayarajan outside Kannur Central Jail, reignited political tensions in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com