പ്രദേശവാസികൾ ദുരിതത്തിൽ; കുരങ്ങുകളെ പേടിച്ച് രാമന്തളി
Mail This Article
പയ്യന്നൂർ ∙ രാമന്തളിയിൽ കുരങ്ങുശല്യം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടി. കുരങ്ങന്മാർ കൂട്ടത്തോടെയെത്തി കരിക്കുകൾ പൂർണമായും നശിപ്പിക്കുന്നു. മച്ചിങ്ങ പോലും ബാക്കി വയ്ക്കാത്ത സ്ഥിതിയാണ്. തെങ്ങിൻ മുകളിൽ കയറുന്ന കുരങ്ങുകളെ ഓടിക്കാൻ ശ്രമിച്ചാൽ കരിക്ക് പറിച്ചെടുത്ത് എറിയും. ഇത് ഭയന്ന് അത് തടയാനും ആരും തയാറാകുന്നില്ല. ഇന്ന് വീട്ടാവശ്യത്തിനുള്ള തേങ്ങ പോലും കിട്ടാതായി. പച്ചക്കറി കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. പേരക്ക, സപ്പോട്ട, ചാമ്പക്ക, പുളി ഇവയെല്ലാം ധാരാളം വിളയുമെങ്കിലും ഒന്നുപോലും വീട്ടുകാർക്ക് കിട്ടുന്നില്ല.
വാഴ കുലയ്ക്കുമ്പോൾ തന്നെ കുരങ്ങന്മാർ കയ്യടക്കും. ചക്കയും വെറുതെ വിടുന്നില്ല. മുൻ കാലങ്ങളിൽ ചക്ക വലിയ തോതിൽ നശിപ്പിക്കാറില്ലായിരുന്നു. ഇപ്പോൾ അതും തുടങ്ങിയെന്നാണ് നാട്ടുകാരുടെ പരാതി. വീടിനകത്ത് കയറി ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെ നശിപ്പിക്കുന്നുണ്ട്. ഓടിട്ട വീടുകളുടെ ഓട് എടുത്ത് താഴേക്ക് എറിയുന്നു. ഓട് പൊട്ടിക്കുന്നു. വീടിനോടു ചേർന്ന മരങ്ങളും മറ്റും വെട്ടി മാറ്റിയെങ്കിലും ഇപ്പോൾ വൈദ്യുതിത്തൂണിനു മുകളിലൂടെയാണു വീടിന് മുകളിൽ എത്തുന്നത്.
2 വർഷം മുൻപ് കുരങ്ങന്മാരെ കൂടുവച്ച് പിടിച്ച് വനത്തിൽ കൊണ്ടുപോയി വിട്ടിരുന്നു. അന്ന് വലിയ തോതിൽ ശല്യം കുറഞ്ഞു. രണ്ടോ മൂന്നോ തവണ കൂടി അന്ന് കൂട് വച്ചിരുന്നെങ്കിൽ ഒരുപരിധിവരെ കുരങ്ങന്മാരെ ഒഴിവാക്കാമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി അധികൃതർ പിന്മാറുകയായിരുന്നു.