മോട്ടർ വാഹന വകുപ്പിന്റെ ‘ഓപ്പറേഷൻ സീബ്രാ ലൈനി’ൽ കുടുങ്ങിയത് 21 പേർ
Mail This Article
ഇരിട്ടി∙ കാൽനട യാത്രക്കാരുടെ റോഡ് കുറുകെ കടക്കൽ സുരക്ഷിതമാക്കാൻ സീബ്ര ലൈൻ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പ് രംഗത്ത്. വഴിയാത്രക്കാർ സീബ്രാ ലൈൻ വഴി റോഡ് കുറുകെ കടക്കുമ്പോൾ നിർത്താതെ അമിത വേഗത്തിൽ കയറി പോകാൻ ശ്രമിക്കുന്ന വാഹന ഡ്രൈവർമാരെ കുടുക്കാൻ ലക്ഷ്യമിട്ട് ഇരിട്ടി ജോയിന്റ് ആർടിഒ ഓഫിസിന്റെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ ‘ഓപ്പറേഷൻ സീബ്ര ലൈൻ’ പരിശോധനയിൽ ഒരു മണിക്കൂറിനുള്ളിൽ കുടുങ്ങിയത് 21 പേർ. ഇരിട്ടിയിൽ നിരന്തരമായ മുന്നറിയിപ്പുകൾ മോട്ടർ വാഹന വകുപ്പ് നൽകിയിട്ടും സീബ്രാ ലൈനിൽ വാഹനം ഇടിച്ചു പരുക്കേറ്റ സംഭവം വരെ ഉണ്ടാകുന്ന സാഹചര്യത്തിലാണ് നിയമ നടപടികൾ കർശനമാക്കുന്നത്.
ഇന്നലെ മുന്നറിയിപ്പ് എന്ന നിലയിലാണ് 1 മണിക്കൂർ പരിശോധന നടത്തി പിൻവാങ്ങിയത്. നടപടി വരും ദിവസങ്ങളിലും തുടരും. സീബ്രാ ലൈനിൽ കാൽനടയാത്രക്കാരെ പരിഗണിക്കാതെ പോകുന്ന വാഹനങ്ങൾ ലൈവ് വിഡിയോ വഴി മഫ്തിയിൽ ഉള്ള ഉദ്യോഗസ്ഥൻ ചിത്രീകരിച്ചും ഫോൺ മുഖേനയും 50 മീറ്റർ മാറി ക്യാംപ് ചെയ്യുന്ന സംഘത്തെ അറിയിക്കുകയും ഇവർ വാഹനങ്ങൾ പിടികൂടുകയുമാണ് ചെയ്തത്. അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.ആർ.ഷനിൽകുമാർ, ഡി.കെ.ഷീജി, കെ.കെ.ജിതേഷ്, ജീവനക്കാരൻ മുഹമ്മദ് സാഗിർ എന്നിവർ നേതൃത്വം നൽകി.
കേസിൽ കുടുങ്ങിയാൽ പെടും; കോടതി മുഖേനയേ തീരു..
മറ്റു മോട്ടർ വാഹന കേസുകളിൽ നിന്ന് വ്യത്യസ്തമാണു സീബ്ര ലൈൻ നിയമ ലംഘന കേസ്. കോടതി മുഖേനയേ കേസ് തീരൂ. മറ്റു കേസുകൾ പോലെ തടഞ്ഞു വച്ചു കയ്യോടെ പിടികൂടി പിഴ അടപ്പിക്കുന്ന രീതി പറ്റില്ല. നിയമ ലംഘനം നടത്തുന്ന വാഹനങ്ങളുടെ ഫോട്ടോ എടുത്ത് കോടതിക്ക് കൈമാറും. കോടതിയിൽ നിന്ന് നോട്ടിസ് ലഭിക്കുന്നതു വരെ കാക്കണം. പിഴ കോടതിയിലാണ് അടയ്ക്കേണ്ടത്. മോട്ടർ വെഹിക്കിൾ റഗുലേഷൻ 2017 നിയമം 39 ഭാഗം പ്രകാരം പ്രധാനപ്പെട്ട കേസ് ഗണത്തിലാണ് ഇതു പെടുന്നത്. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാൻ കാൽനട യാത്രക്കാർ ശ്രമിക്കുന്നതു കണ്ടാൽ സീബ്ര ലൈനിനു മുൻപുള്ള സ്റ്റോപ് ലൈനിൽ വണ്ടി നിർത്തിയിട്ടു കാക്കണം.
നിയമം ഇത്രയും പ്രാധാന്യം കൽപിക്കുന്നുണ്ടെങ്കിലും വാഹന ഡ്രൈവർമാർ യാതൊരു പരിഗണനയും നൽകുന്നില്ലെന്നു നേരത്തേ മുതൽ പരാതി ഉള്ളതാണ്. കോടതി മുഖേനയുള്ള കേസ് ആയതിനാൽ തീരും വരെ വാഹന കൈമാറ്റം, പെർമിറ്റ് പുതുക്കൽ, ഫിറ്റ്നസ് എടുക്കൽ ഒന്നും നടക്കില്ല. ഇന്നലെ 5 ഓട്ടോറിക്ഷകൾ നിയമലംഘനത്തിനു പിടിയിലായവയിൽ ഉണ്ട്. ഈ ഓട്ടോറിക്ഷകൾക്ക് കേസ് കഴിയാതെ പെർമിറ്റ് പുതുക്കാനോ, ഫിറ്റ്നസ് എടുക്കാനോ സാധിക്കില്ല.