എട്ടും എച്ചും ഇനി ഡിജിറ്റൽ
Mail This Article
കാസർകോട് ∙ കുത്തി നാട്ടിയ കമ്പികൾക്കിടയിലൂടെ വാഹനമോടിച്ച് ലൈസൻസ് നേടാനുള്ള പരിശോധന ജില്ലയിലും പഴങ്കഥയാവുന്നു. എട്ടും എച്ച് അക്ഷരവും മണ്ണിൽ വരച്ച് അതിലൂടെ ഇനി വാഹനം ഓടിച്ച് ലൈസൻസ് പരീക്ഷ പാസാക്കുന്നതും ഇനി മറക്കാം. കംപ്യൂട്ടറിന്റെയും ക്യാമറയുടെയും സഹായത്തോടെ ഡ്രൈവിങ് വൈദഗ്ധ്യം അളക്കുന്ന ജില്ലയിലെ ആദ്യ ടെസ്റ്റിങ് ട്രാക്കും ഓട്ടമാറ്റിക് വാഹന പരിശോധന കേന്ദ്രവും ബേളയിൽ ഒരുങ്ങി.
ടെസ്റ്റ് പൂർണമായും കംപ്യൂട്ടറിൽ രേഖപ്പെടുത്തും. റോഡിലെ പരീക്ഷ കൂടി നടത്തി വിജയകരമാക്കിയാൽ അന്നു തന്നെ ലൈസൻസ് നൽകും. ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്തെ എട്ടാമത്തെയും കേന്ദ്രം നാളെ 4നു മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കാസർകോട് ആർടി ഓഫിസിനു കീഴിലുള്ള പ്രദേശങ്ങളിലുള്ളവർക്കാണ് ഇവിടെ ടെസ്റ്റും പരിശോധനയും നടക്കുന്നത്.
ചെലവ് 4.10 കോടിയിലേറെ രൂപ
ബേള കുമാരമംഗലം ക്ഷേത്രത്തിനടുത്ത് രണ്ടു ഏക്കറിലേറെ സ്ഥലത്താണ് 4.10 കോടിയിലേറെ രൂപ ചെലവിൽ ആധുനിക രീതിയിലുള്ള വാഹന പരിശോധനയും ടെസ്റ്റ് ട്രാക്കും നിർമിച്ചത്. ജർമൻസാങ്കേതിക വിദ്യയോട് കൂടി ആധുനിക രീതിയിലുള്ള കേന്ദ്രത്തിലാണ് വാഹനങ്ങളുടെ .പ്രയോഗികത ക്ഷമത പരിശോധന നടത്തുന്നത്. എട്ടിന്റെ ഒരു ട്രാക്കും എച്ചിന്റെയും ആംഗുലേർ പാർക്കിങിനായി രണ്ടു വീതം ട്രാക്കും ഗ്രേഡിയന്റ് ടെസ്റ്റിങ് ട്രാക്കും , ലേണേഴ്സ് പരീക്ഷാ കേന്ദ്രവും ഇവിടെയുള്ളത്. ഒരേ സമയം മൂന്നു പേരുടെ ഡ്രൈവിങ് പരിശീലനം ടെസ്റ്റ് നടത്താൻ സാധിക്കും.
കേന്ദ്രത്തിലെത്താൻ പ്രയാസപ്പെടും
ഇതുവരെയായി വിദ്യാനഗർ പാറക്കട്ട എആർ ക്യാംപിനടുത്തായിരുന്നു ഡ്രൈവിങ് ടെസ്റ്റ് ഉണ്ടായിരുന്നത്. എന്നാൽ നാളെ മുതൽ ബേള കുമാരമംഗലത്തേക്ക് മാറുമ്പോൾ യാത്ര പ്രശ്നം തന്നെയാണ്.കാസർകോട്, മഞ്ചേശ്വരം താലൂക്കിലുള്ളവരാണ് ഇവിടെ എത്തേണ്ടത്. കാസർകോട് നിന്നുള്ളവർ സീതാംഗോളി ബസിലെത്തി വേണം അവിടേക്ക് പോകാൻ. 8ന് ഡ്രൈവിങ് ടെസ്റ്റിനിങ്ങിനെത്തുമ്പോൾ അതിരാവിലെ തന്നെ ഇരു താലൂക്കിലുള്ളവരെത്തണം. യാത്ര പ്രശ്നം പരിഹരിക്കാൻ കൂടുതൽ ബസ് സർവീസുകൾ വേണമെന്നാവശ്യവും ഉയർന്നിട്ടുണ്ട്.
ഉദ്ഘാടനത്തിന് രണ്ടു മന്ത്രിമാർ
മന്ത്രി എ.കെ.ശശിന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷതവഹിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ,എൻ.എ നെല്ലിക്കുന്ന് എം എൽ എ എന്നിവർ മുഖ്യാതിഥികളായിരിക്കും.ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ പങ്കെടുക്കും.