ജീവിതം വഴിമുട്ടി മത്സ്യത്തൊഴിലാളികൾ
Mail This Article
കാഞ്ഞങ്ങാട് ∙ കാസർകോട് ജില്ലയിലെ മാത്രം കാഴ്ചയാണു മരത്തിന്റെ ഓടങ്ങളിൽ മീൻ പിടിക്കാനായി കടലിലേക്കു പോകുന്ന മത്സ്യ ത്തൊഴിലാളികൾ. മറ്റു ജില്ലകൾ ഫൈബർ വള്ളങ്ങളിലേക്കു മാറിയപ്പോഴും ജില്ലയിലെ നൂറു കണക്കിനു വരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾ തങ്ങളുടെ മരവള്ളങ്ങളിൽ എൻജിൻ ഘടിപ്പിച്ചാണ് ഇപ്പോഴും കടലിലേക്കു പോകുന്നത്.
25 എച്ച്പി 40 എച്ച്പി എൻജിനുകളാണു കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ ഇവർക്ക് ഇരുട്ടടി നൽകി 10 മീറ്ററിൽ കൂടുതലുള്ള വള്ളങ്ങൾക്കു ലൈസൻസ് ഫീസ് കുത്തനെ കൂട്ടി. ഉപജീവനത്തിനായി മരവള്ളങ്ങളിൽ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ മേൽ വൻ സാമ്പത്തിക ബാധ്യതയാണു ലൈസൻസ് ഫീസ് വർധനയിലൂടെ സർക്കാർ കെട്ടിവയ്ക്കുന്നത്.
പ്രതിവർഷം 2000 രൂപ വച്ചാണു കൂട്ടിയത്. ഇതോടെ ആറു വർഷത്തെ ലൈസൻസ് ഫീസ് ഒന്നിച്ചടയ്ക്കണമെങ്കിൽ വലിയ തുക മത്സ്യത്തൊഴിലാളികൾ കണ്ടെത്തണം. കൂടാതെ ക്ഷേമനിധി ബോർഡിലേക്കു 420 രൂപയും അടയ്ക്കണം. ഇതെല്ലാം കഴിഞ്ഞാലോ ഫിഷറീസ് വകുപ്പിൽ നിന്നു മണ്ണെണ്ണയ്ക്കുള്ള പെർമിറ്റ് കിട്ടൂ എന്നതാണ് സ്ഥിതി.
എല്ലാം പണയത്തിൽ
ലൈസൻസ് ഫീസ് കുത്തനെ കൂട്ടിയതോടെ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് മത്സ്യത്തൊഴിലാളികൾ. പലരും സ്വർണം പണയം വച്ചും ബാങ്കിൽ നിന്നു വായ്പയെടുത്തും ഫീസടച്ചു. അടയ്ക്കാൻ ബാക്കിയുള്ളവർക്കായി 25 വരെ നീട്ടി നൽകിയിട്ടുണ്ട്. ലൈസൻസ് പുതുക്കിയാലേ മണ്ണെണ്ണ പെർമിറ്റ് കിട്ടുകയുള്ളൂ. മുൻ വർഷങ്ങളിൽ എൻജിന്റെ എച്ച്പി അനുസരിച്ച് മാസം 190 ലീറ്റർ മണ്ണെണ്ണ വരെ കിട്ടിയിരുന്നു.
എന്നാലിപ്പോൾ കിട്ടുന്നത് 30 ലീറ്ററിനും 50 ലീറ്ററിനും ഇടയിൽ മാത്രമാണ്. മാസങ്ങളായി കടലിൽ മീൻ പോകാനാകാതെ സാമ്പത്തിക പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികളെയാണു സംയുക്ത എൻജിൻ പരിശോധനയുടെ പേരിൽ ഫിഷറീസ് വകുപ്പ് പിഴിയുന്നത്. വർധിപ്പിച്ച ലൈസൻസ് ഫീസ് മുൻ കാല പ്രാബല്യത്തോടെയാണ് ഈടാക്കുന്നത്.
ഫീസ് അടച്ചാൽ മാത്രമേ സംയുക്ത പരിശോധനയിൽ പരിഗണിക്കൂവെന്നാണു സർക്കാർ നിർദേശം. 2015 ൽ നടത്തിയ പരിശോധനയുടെ ഭാഗമായി പുതിയ ഒരു മണ്ണെണ്ണ പെർമിറ്റ് പോലും നൽകിയിട്ടില്ല. 10 വർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള എൻജിനുകൾക്കു പെർമിറ്റ് അനുവദിക്കില്ലെന്ന നിലപാടും മത്സ്യത്തൊഴിലാളികൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ജപ്തി ഭീഷണിയിൽ
വള്ളവും വലയും വാങ്ങാനായി സഹകരണ സംഘങ്ങളിൽ വായ്പയെടുത്തവർ ഇപ്പോൾ പ്രതിസന്ധിയിലാണ്. മീൻ കിട്ടാതെ വന്നതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലായി. കുടുംബം പുലർത്താൻ പോലും വരുമാനമില്ലാതെ തിരിച്ചടവ് മുടക്കി. തിരിച്ചടവു മുടങ്ങിയതോടെ മത്സ്യ സഹകരണ സംഘങ്ങളും പ്രതിസന്ധിയിലായി. ലേല വരുമാനമാണു സംഘങ്ങളുടെ പ്രധാന വരുമാനം.
മീൻ കിട്ടാക്കനിയായതോടെ ഈ വരുമാനവും നിലച്ചു. ഇതോടെ സംഘങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ശമ്പളം പോലും കിട്ടാത്ത സ്ഥിതിയിലായി. കടം കയറി നിൽക്കുന്ന മത്സ്യത്തൊഴിലാളികളോടു വായ്പ തിരിച്ചടയ്ക്കണമെന്നു പറഞ്ഞിട്ട് എന്തുകാര്യമെന്നു ജീവനക്കാർ ചോദിക്കുന്നു. 8 മാസം കഴിഞ്ഞിട്ടും ശമ്പളം കിട്ടാത്ത സംഘം ജീവനക്കാർ ജില്ലയിലുണ്ട്. ഇത്തരം സംഘങ്ങളെ രക്ഷിക്കാൻ സർക്കാർ രക്ഷാനടപടികൾ സ്വീകരിച്ചെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ ഇത് അട്ടിമറിക്കപ്പെട്ടു.
സംഘങ്ങളുടെ അടിസ്ഥാന വികസനത്തിനും ശമ്പളം നൽകാനുമായി തയാറാക്കിയ പദ്ധതിയിൽ പിന്നാക്കം നിൽക്കുന്ന സംഘങ്ങളെ ഉൾപ്പെടുത്തേണ്ടതിനു പകരം നൂറു ശതമാനം തിരിച്ചടവ് പൂർത്തിയാക്കിയ സംഘങ്ങളെയാണ് ഉൾപ്പെടുത്തുന്നത്. ലൈസൻസ് ഫീസ് കുറച്ചും സഹകരണ സംഘങ്ങളെ സഹായിച്ചും തങ്ങളെ സഹായിക്കണമെന്നാണു പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യം.