കെഎസ്ആർടിസിയിൽ ജീവനക്കാർക്കു സുരക്ഷയില്ലാ യാത്ര
Mail This Article
കാസർകോട് ∙കൊറോണ വൈറസ് പ്രതിരോധവും സുരക്ഷയും സംബന്ധിച്ച് ആവശ്യമായ ബോധവൽക്കരണം വ്യാപകമായി നടക്കുമ്പോഴും മുൻകരുതലോ സുരക്ഷ ഉപാധികളോ ഇല്ലാതെയാണ് കെഎസ്ആർടിസിയിൽ അന്തർ സംസ്ഥാന സർവീസുകളിലുൾപ്പെടെ യാത്രക്കാരുടെ പോക്കുവരവ്. ചില കണ്ടക്ടർമാർ അന്തർ സംസ്ഥാന സർവീസ് യാത്രയിൽ മാസ്കിനു പകരം ടവൽ ആണ് ഉപയോഗിക്കുന്നത്. എന്നാൽ കോട്ടയം ,പത്തനം തിട്ട ജില്ലകളിലേക്കു പോകുന്ന ബസുകളിലെ ജീവനക്കാർക്കു ഡിപ്പോയിൽ നിന്നു മാസ്ക് കൊടുക്കുന്നുണ്ട്. എന്നാൽ പരിമിതമായേ നൽകുന്നുണ്ട്.കേരള–കർണാടക അന്തർ സംസ്ഥാന സർവീസുകളിലെ ജീവനക്കാർക്കും മാസ്ക് അനുവദിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ഇതിനുള്ള നടപടികളുണ്ടാകുന്നില്ല. സുരക്ഷ ഉറപ്പിക്കാൻ ജീവനക്കാരും യാത്രക്കാരും സ്വമേധയാ ആവശ്യമായ മുൻ കരുതലുകൾ എടുക്കുന്നില്ലെന്നതും വൈറസ് പ്രതിരോധത്തിനു ഭീഷണിയാണ്.
വരുമാനം ഇടിഞ്ഞു
കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ യാത്രാ ടിക്കറ്റ് വരുമാനത്തിൽ പ്രതിദിനം അരലക്ഷത്തിലേറെ രൂപയുടെ ഇടിവാണ് ഉണ്ടായത്. അയ്യായിരത്തോളം യാത്രക്കാരാണു കുറഞ്ഞത്. കൊറോണ ഭീതി ഉയരുമ്പോഴും നഗരത്തിലും പരിസരങ്ങളിലും വ്യാപാരസ്ഥാപനങ്ങൾ, ഹോട്ടൽ എന്നിവിടങ്ങളിൽ മാസ്ക് ധരിച്ചുള്ള യാത്ര അപൂർവമായേ ഉള്ളൂ.
വാട്ടർ ടാപ്പ് മാറ്റാതെ 2 വർഷം
കൊറോണ പ്രതിരോധത്തിനു ഓരോ മണിക്കൂർ ഇടവിട്ട് കൈ കഴുകണമെന്നാണ് ആരോഗ്യവകുപ്പിന്റെ ഉൾപ്പെടെ നിർദേശം. എന്നാൽ കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ ജീവനക്കാർ ഉപയോഗിക്കുന്ന ശുചിമുറിയുടെ സമീപമുള്ള വാഷ് ബേസിനിലെ ടാപ്പ് പൊട്ടിക്കിടക്കുകയാണ്. മാറ്റാതെ 2 വർഷം പിന്നിട്ടു. കൈ കഴുകാനുള്ള ഒരു സംവിധാനവും ഇവിടെ ഇല്ല. പല തവണ ആവശ്യപ്പെട്ടിട്ടും ടാപ്പ് മാറ്റി സ്ഥാപിക്കാൻ തയാറായില്ല. ജീവനക്കാരുടെ പരിഭവവും പരാതികളും പരിഹരിക്കാനും നടപടിയില്ല. ശുചിത്വം ഉറപ്പു വരുത്താൻ ജാഗ്രത പാലിക്കണമെന്ന നിർദേശം ഉയരുമ്പോഴും ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതർ.