അതിർത്തിക്കപ്പുറം കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ കെഎസ്ആർടിസി സർവീസ്
Mail This Article
കാസർകോട് ∙ കോവിഡ് 19 ന്റെ സാഹചര്യത്തിൽ നാട്ടിലെത്താൻ കഴിയാതെ കർണാടകയിൽ കുടുങ്ങിയ പെൺകുട്ടികൾ അടക്കമുള്ള മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ കെഎസ്ആർടിസി പ്രത്യേക ബസ് സൗകര്യം ഏർപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയ കർണാടകയിൽ ബൽത്തങ്ങാടി പ്രസന്ന കോളജിലെ വിദ്യാർഥികൾ നാട്ടിലെത്താൻ സൗകര്യമില്ലാതെ കുഴങ്ങുകയായിരുന്നു.
പൊതു വാഹനത്തിലെ യാത്ര ഒഴിവാക്കണമെന്ന നിർദേശം കൂടി ഇറങ്ങിയതോടെ പ്രത്യേക വാഹനം മാത്രമായി ആശ്രയം. 7 ആൺകുട്ടികളുൾപ്പെടെ 48 പേർ ആയിരുന്നു കേരളത്തിലെ വിവിധ ജില്ലകളിലെത്തേണ്ടിയിരുന്നവർ. കോളജ് ഹോസ്റ്റലുകളിൽ നിന്നു വിദ്യാർഥികൾ കർണാടക ട്രാൻസ്പോർട്ട് കോർപറേഷന്റെ സഹായം തേടുകയായിരുന്നു. കർണാടകയുടെ ബസിൽ 100 കിലോമീറ്റർ താണ്ടി കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ എത്തിച്ചു.
ഇവിടെ നിന്നു ജില്ലാ ഭരണകൂടവും കെഎസ്ആർടിസി കൺട്രോളിങ് ഇൻസ്പെക്ടർ പി.ഗിരീഷ്കുമാറുമായും ബന്ധപ്പെട്ട് പ്രത്യേക ബസ് സൗകര്യം ഒരുക്കി. ഡിപ്പോയുടെ പ്രത്യേക ബസിൽ യാത്രയാക്കി. ഒരു കണ്ടക്ടറും ഡ്രൈവറുമായി കൊറോണ വൈറസ് പടരാതിരിക്കാൻ എല്ലാ മുൻകരുതൽ സന്നാഹവുമായാണ് ബസ് യാത്ര തിരിച്ചത്. തിരുവനന്തപുരം വരെ ജില്ലകളിൽ ഉള്ള വിദ്യാർഥികൾ ഉണ്ട് ബസിൽ. വിദ്യാർഥികൾക്കു അത്യാവശ്യ ഭക്ഷണവും ബസിൽ.കരുതിയിരുന്നു
മംഗളൂരു വിമാനത്താവളം വഴി വിദേശത്തു നിന്നു കേരളത്തിലേക്ക് വരുന്നവരെ കർണാടക സർക്കാരിന്റെ പ്രത്യേക വാഹനത്തിൽ തലപ്പാടിയിൽ എത്തിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവരെ പ്രത്യേക മെഡിക്കൽ ടീം പരിശോധിക്കും. അതിനുശേഷം രോഗലക്ഷണമുള്ളവരെ കാസർകോട് ജനറൽ ആശുപത്രിയിലെത്തിക്കും.
രോഗലക്ഷണം ഇല്ലാത്തവരെ കെഎസ്ആർടിസി ബസിൽ കാസർകോട് എത്തിക്കും. രോഗലക്ഷണം ഇല്ലാത്തവർ തലപ്പാടിയിൽ നിന്നു സ്വകാര്യവാഹനത്തിൽ പോകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ തലപ്പാടി കൗണ്ടറിൽ സൂക്ഷിച്ചിരിക്കുന്ന സാക്ഷ്യപത്രത്തിൽ ഒപ്പിട്ട് നൽകണം.തുടർന്ന് അവർക്ക് സ്വകാര്യ വാഹനത്തിൽ പോകാം. വിദേശത്ത് നിന്നെത്തുന്നവരെ തലപ്പാടിയിൽ നിന്ന് കാസർകോട്ടേക്ക് എത്തിക്കുന്നതിനായി ദിവസവും 3 ബസുകൾ വീതമാണ് സർവീസ് നടത്തുന്നത്. കഴിഞ്ഞ ദിവസം രാത്രി മുതലാണ് സർവീസ് തുടങ്ങിയത്.