യാത്രക്കാർ കുറവ്; കെഎസ്ആർടിസി 35 സർവീസുകൾ നിർത്തി
Mail This Article
കാസർകോട് ∙ കോവിഡ് 19 പശ്ചാത്തലത്തിൽ യാത്രക്കാർ കുറവായതിനാൽ ജില്ലയിൽ കെഎസ്ആർടിസി 35 ബസുകളുടെ സർവീസ് നിർത്തി വച്ചു. ജനം പുറത്തിറങ്ങാതായതോടെ ഹർത്താൽ ദിനമെന്ന പോലെയായിരുന്നു കെഎസ്ആർടിസി കാസർകോട് ഡിപ്പോ. കെഎസ്ആർടിസി കാസർകോട് , കാഞ്ഞങ്ങാട് ഡിപ്പോകളിലായി 144 ഷെഡ്യൂളുകളിൽ ആണ് 35 ബസുകളുടെ സർവീസ് ഒഴിവാക്കിയത്.
പതിനായിരത്തോളം യാത്രക്കാർ കുറഞ്ഞതായാണ് അധികൃതർ പറയുന്നത്. കെഎസ്ആർടിസിയുടെ വരുമാനം നന്നേ കുറഞ്ഞു. കാസർകോട് –സുള്ള്യ റൂട്ടിൽ പ്രതിദിനം 14000 രൂപ ഉണ്ടായിരുന്നത് 7000 , കാസർകോട് –മംഗളൂരു റൂട്ടിൽ 18000 രൂപ ഉണ്ടായിരുന്നത് 11000 ആയി കുറഞ്ഞു. സ്ഥിരം യാത്രക്കാരിൽ 20 ശതമാനത്തോളം കുറഞ്ഞു.
കാസർകോട് ഡിപ്പോയിൽ നിന്നു കാസർകോട് –മംഗളൂരു റൂട്ടിൽ 10 ,വിവിധ റൂട്ടുകളിൽ ഓർഡിനറി 6, കോട്ടയം, ബംഗ്ളൂരു ഓരോ ബസുകളും സർവീസ് നടത്തിയില്ല. കാസർകോട് –കരിപ്പുർ വിമാനത്താവളം ബസ് കോഴിക്കോട് വരെയാക്കി ചുരുക്കി.സ്വകാര്യ ബസുകളും ട്രിപ്പുകൾ പലതും കുറച്ചു. യാത്രക്കാർ പകുതിയിലേറെയായി കുറഞ്ഞതാണ് കാരണം. ഈ നില തുടർന്നാൽ സ്വകാര്യബസ് ഗതാഗതം നിർത്തിവെക്കേണ്ടി വരുമെന്ന് ബസ് ഉടമസ്ഥ സംഘം ഭാരവാഹികൾ അറിയിച്ചു.