മഴയെത്തുമ്പോൾ പുഴയോരങ്ങളിൽ നിറയുന്നത് ആശങ്ക
Mail This Article
കാസർകോട് ∙ പുഴകളിൽ അടിഞ്ഞുകൂടിയ ചെളിയും മണലും മഴയ്ക്കു മുൻപു നീക്കം ചെയ്ത് സംഭരണശേഷി വർധിപ്പിക്കാനുള്ള തീരുമാനം ജില്ലയിൽ എങ്ങുമെത്തിയില്ല. മഴക്കാലത്ത് പുഴകൾ കര കവിഞ്ഞൊഴുകാൻ ഇതു കാരണമാകുമെന്ന ആശങ്കയിലാണ് പരിസരവാസികൾ. ഫണ്ടിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വവും കോവിഡിന്റെ വരവുമാണ് ഇതിനു തടസ്സമായത്. പ്രളയാനന്തര നടപടികളുടെ ഭാഗമായാണ് പുഴകളുടെ സംഭരണശേഷി വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ ജനുവരി മാസത്തിൽ തന്നെ ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങിയിരുന്നു..
ഇതനുസരിച്ച് ഉപ്പള, ഷിറിയ, ചന്ദ്രഗിരി, മഞ്ചേശ്വരം, യെൽക്കാന, പാണത്തൂർ, ചിത്താരി, ചൈത്രവാഹിനി പുഴകളിലെ 25 സ്ഥലങ്ങളിൽ നിന്നു ചെളിയും മണലും നീക്കം ചെയ്യാനായിരുന്നു ജില്ലാ ദുരന്ത നിവാരണ സമിതി തീരുമാനിച്ചത്. ഷിറിയ പുഴയിൽ നിന്നു എടുക്കേണ്ട മണലിന്റെ അളവും മണൽ ഓഡിറ്റിന്റെ പശ്ചാത്തലത്തിൽ നിശ്ചയിച്ചിരുന്നു.ജലവിഭവ വകുപ്പിന്റെ കീഴിലുള്ള അണക്കെട്ടുകൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളാണ് പ്രധാനമായും ഇതിനു വേണ്ടി കണ്ടെത്തിയത്.
മൈനർ, മേജർ ഇറിഗേഷൻ വകുപ്പുകൾക്കും ജല അതോറിറ്റിക്കും ഇതിനുള്ള ചുമതലകൾ വീതിച്ചു നൽകി.മൈനർ ഇറിഗേഷൻ 8,860851 രൂപയും മേജർ ഇറിഗേഷൻ 10,4534000 രൂപയുമാണ് ഇതിനു ചെലവ് കണക്കാക്കിയത്. എസ്റ്റിമേറ്റ് കണക്കാക്കി ജില്ലാ ഭരണകൂടത്തിനു നൽകിയെങ്കിലും സർക്കാരിന്റെ അനുമതി ലഭിച്ചത് ഇന്നലെ മാത്രമാണ്. പ്രളയം തടയുന്നതിന്റെ ഭാഗമായി സർക്കാർ, ജലവിഭവ വകുപ്പിലെ എക്സിക്യൂട്ടീവ് എൻജിനീയർമാർക്കു 30 ലക്ഷം രൂപ വീതം നൽകിയിരുന്നു. ഇത് ഉപയോഗിച്ച് അടിയന്തിര ജോലികൾ ചെയ്യാൻ ആലോചിക്കുന്നുണ്ടെങ്കിലും മഴ തുടങ്ങിയത് വെല്ലുവിളിയാണ്.
പുഴകളിലെല്ലാം ജലനിരപ്പ് ഉയർന്നു കഴിഞ്ഞു. ഷിറിയ, പാണ്ടിക്കണ്ടം അണക്കെട്ടുകളൊക്കെ തുറന്നു. മണലും ചെളിയും എടുക്കാൻ തീരുമാനിച്ച എട്ടു പുഴകളിലും വലിയ അളവിൽ ചെളിയും മണലും അടിഞ്ഞുകൂടി കിടക്കുന്നുണ്ട്. മൺതിട്ടകൾ കാരണം പുഴ രണ്ടായി ഒഴുകുന്ന സ്ഥലം വരെയുണ്ട്. ചന്ദ്രഗിരി, മധുവാഹിനി അടക്കമുള്ള പുഴകൾ കഴിഞ്ഞ വർഷം കര കവിഞ്ഞൊഴുകാനുള്ള പ്രധാന കാരണം മൺതിട്ടകൾ തന്നെയാണ്. മധുവാഹിനിപ്പുഴയുടെ തീരങ്ങളിൽ നിന്നു നിരവധി കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വന്നിരുന്നു.