ADVERTISEMENT

കാസർകോട് ∙ കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ 12 ശതമാനമായി കുറച്ചു. തിരുവനന്തപുരം, കൊല്ലം അടക്കമുള്ള ജില്ലകളിലെ ജീവനക്കാരിൽ ഭൂരിഭാഗവും നാട്ടിൽ പോയതും ജില്ലയിലെ വിവിധ പ്രദേശങ്ങൾ കോവിഡ് കണ്ടെയ്ൻമെന്റ് സോൺ ആയതുമാണ് കാരണം.ഡിപ്പോയിലെ 92 ഷെഡ്യൂളുകളിൽ 13 ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. അത് ദേശീയപാതയിൽ കാസർകോട് നിന്നു കണ്ണൂർ, ചന്ദ്രഗിരിപ്പാലം വഴി കാഞ്ഞങ്ങാട് വരെ മാത്രം.

തലപ്പാടി, മുള്ളേരിയ, പെർല, ബന്തടുക്ക അടക്കമുള്ള ഭൂരിഭാഗം ഇതര റൂട്ടുകളിലും നിലവിൽ സർവീസില്ല. കണ്ടക്ടറും ഡ്രൈവർമാരുമായി നാൽപതോളം ജീവനക്കാർ മാത്രമാണ് സർവീസ് നടത്താൻ ഉള്ളത്. കോവിഡ് വ്യാപനം കാരണം ജില്ലയിൽ 31 വരെ പൊതുഗതാഗതം നിരോധിച്ചതായി കലക്ടർ അറിയിച്ചിരുന്നു. ഇത് അറിഞ്ഞ ഉടൻ ഇതര ജില്ലക്കാരായ ജീവനക്കാരെല്ലാം വീട്ടിലേക്കു മടങ്ങി.പിന്നീട് പൊതുഗതാഗത നിരോധനം പിൻവലിച്ചുവെങ്കിലും അവർക്കും തിരിച്ചെത്താൻ കഴിഞ്ഞില്ല.

പലരുടെയും സ്ഥലങ്ങൾ കോവിഡ് കണ്ടെയ്ൻമെന്റ് സോൺ ആയതാണ് കാരണം. സ്വകാര്യ ബസുകളും സർവീസ് നടത്താത്തതിനാൽ സ്വന്തം വാഹനമില്ലാത്തവർക്കു അത്യാവശ്യ കാര്യങ്ങൾക്കു പോലും യാത്ര ചെയ്യാൻ സൗകര്യമില്ലാതായി. ആരോഗ്യമേഖലയിൽ അടക്കം ഉള്ള ജീവനക്കാർക്കു ജോലി സ്ഥലത്തും തിരികെയും എത്തുന്നതിനു കടുത്ത ദുരിതമായി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ നിയോഗിക്കപ്പെട്ട ജീവനക്കാർക്കു പ്രത്യേക യാത്ര സൗകര്യം അനുവദിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

കാസർകോട് ഡിപ്പോയിൽ നിന്നു കണ്ണൂരിലേക്കു പുറപ്പെടുന്ന ബസ് വിദ്യാനഗർ ബിസി റോഡ് സ്റ്റോപ്പ് കഴിഞ്ഞാൽ ചട്ടഞ്ചാലിൽ ആണ് നിർത്തുന്നത്. ഈ മേഖല കണ്ടെയ്ൻമെന്റ് സോൺ ആയതാണ് കാരണം. പൊതുഗതാഗത സർവീസുകൾ കണ്ടെയ്ൻമെന്റ് സോണിൽ നിർത്തി യാത്രക്കാരെ ഇറക്കാനോ കയറ്റാനോ പാടില്ല എന്ന നിർദേശം ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com