പെരുമ നൽകി കർണാടകയിലെ കാസർകോട് ബീച്ച്
Mail This Article
മംഗളൂരു ∙ കാസർകോടിനു പെരുമ നൽകി, കർണാടകയിലെ കാസർകോട് ബീച്ച്. കേരളത്തിലെ കാസർകോട് നിന്ന് 230 കിലോമീറ്റർ അകലെ കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ ഹൊണ്ണാവറിനടുത്തുള്ള കാസർകോട് ബീച്ചാണ് നീലപ്പതാക (ബ്ലൂ ഫ്ലാഗ്) പട്ടത്തിനു തെരഞ്ഞെടുക്കപ്പെട്ടു പെരുമ നേടിയത്. ഉഡുപ്പി ജില്ലയിലെ പടുബിദ്രി ബീച്ചും പദവിക്കു യോഗ്യത നേടിയിട്ടുണ്ട്.
കേരളത്തിൽ കാപ്പാട് ബീച്ച് മാത്രമാണ് ഈ പെരുമയ്ക്ക് അർഹമായിട്ടുള്ളത്. വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ബീച്ചുകൾക്കു നൽകുന്ന പദവിയാണു നീലപ്പതാക. ഡെൻമാർക്ക് ആസ്ഥാനമായുള്ള ഫൗണ്ടേഷൻ ഫോർ എൻവയൺമെന്റ് എജ്യുക്കേഷൻ എന്ന സംഘടനയാണു പദവി നൽകുന്നത്. രാജ്യത്ത് 13 ബീച്ചുകളെയാണ് ഈ പദവിക്കായി സർക്കാർ പരിഗണിച്ചത്.
ഇതിൽ 8 എണ്ണത്തിനാണു പദവി ലഭിച്ചത്. 33 മാനദണ്ഡങ്ങളാണ് പദവി നൽകുന്നതിന് ആധാരം. ധരേശ്വർ ബീച്ച് എന്നും അറിയപ്പെടുന്ന ഇവിടെ 750 മീറ്റർ വീതിയിലും 2.5 കിലോമീറ്റർ നീളത്തിലും സുരക്ഷിത നീന്തൽ മേഖല, സൂര്യസ്നാന സൗകര്യം, വ്യായാമ കേന്ദ്രം, കുട്ടികളുടെ കളിസ്ഥലം, നിരീക്ഷണ ടവർ തുടങ്ങിയവയെല്ലാമുണ്ട്. 2 വർഷത്തിനിടെ 8 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണു ബീച്ചിൽ നടപ്പാക്കിയത്.