റേഷൻ തൂക്കക്കുറവ് ചോദ്യം ചെയ്ത വീട്ടമ്മയുടെ വീടിന്റെ കട്ടിള എടുത്തുമാറ്റി, കല്ലുകൾ പറിച്ചുകളഞ്ഞു
Mail This Article
നീലേശ്വരം ∙ റേഷൻ അരി തൂക്കത്തിൽ കുറച്ചതു ചോദ്യം ചെയ്ത വീട്ടമ്മയെ മർദിച്ചതായും പൊലീസിൽ പരാതി നൽകിയ ശേഷം ഭീഷണിയും അക്രമവും കടുപ്പിച്ചതായും പരാതി. ബങ്കളം എസ്.എസ്.ക്വാർട്ടേഴ്സിലെ സി.രമണിയാണ് ഇതു സംബന്ധിച്ചു കലക്ടർ ഡോ.ഡി.സജിത് ബാബുവിനു പരാതി നൽകിയത്. സെപ്റ്റംബർ 25 നു ബങ്കളത്തെ കടയിൽ റേഷൻ വാങ്ങാൻ ചെന്നപ്പോൾ അരി നൽകിയെന്നും ചോദ്യം ചെയ്തപ്പോൾ പിടിച്ചു തള്ളിയെന്നും പരാതിയിൽ പറയുന്നു. റേഷൻ വാങ്ങാൻ എത്തിയിരുന്ന 2 സ്ത്രീകളും ഇവിടെയുണ്ടായിരുന്ന സിപിഎം നേതാവും സോഡാക്കുപ്പി കൊണ്ടടിച്ചതായും പരുക്കേറ്റതിനെ തുടർന്നു നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതായും പരാതിയിൽ ചൂണ്ടിക്കാട്ടി.
ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ ശേഷമാണ് നീലേശ്വരം പൊലീസിൽ പരാതി നൽകിയത്. ഇതേ തുടർന്നു ഫോണിലും നേരിട്ടും ഭീഷണിയായി. മടിക്കൈ എരിക്കുളത്ത് സർക്കാർ അനുവദിച്ച സ്ഥലത്തെ വീടു നിർമാണത്തിനായി സ്ഥാപിച്ച കട്ടിള എടുത്തു മാറ്റുകയും കല്ലുകൾ പറിച്ചെറിയുകയും ചെയ്തതായി ഇവർ പറയുന്നു. ഇക്കാര്യങ്ങൾ ഹൊസ്ദുർഗ് സപ്ലൈ ഓഫിസറുടെയും നീലേശ്വരം പൊലീസിന്റെയും ശ്രദ്ധയിൽ പെടുത്തി. ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കലക്ടറെ സമീപിച്ചത്