ADVERTISEMENT

കാസർകോട് ∙ ആർക്കും ഭൂരിപക്ഷമില്ലാതെ, ആരു ഭരിക്കുമെന്നു വ്യക്തതയില്ലാതെ അതിർത്തി പഞ്ചായത്തുകൾ. കഴിഞ്ഞ തവണ ബിജെപിയെ ഭരണത്തിൽ നിന്ന് അകറ്റാൻ യുഡിഎഫും എൽഡിഎഫും കൈകോർത്ത പഞ്ചായത്തുകളാണ് അതിർത്തിയിൽ ഭൂരിഭാഗവും. എന്നാൽ ഇത്തവണ കഴിഞ്ഞ തവണത്തേക്കാൾ കുരുക്കാവുന്ന സീറ്റ് നിലയാണു പലയിടത്തും.

ആർക്കും ഭൂരിപക്ഷമില്ലാതെ വോർക്കാടി

വോർക്കാടി ∙പഞ്ചായത്തിൽ 16 ൽ എൽഡിഎഫ് 6, ബിജെപി 5, എസ്ഡിപിഐ 1, യുഡിഎഫ് 4 എന്നതാണു കക്ഷിനില. ആർക്കും ഒറ്റയ്ക്കു ഭൂരിപക്ഷമില്ല. ഭരണത്തിലെത്താനുള്ള ശ്രമമാണ് എൽഡിഎഫ് നടത്തുന്നത്. എട്ടാം വാർഡിൽ നിന്ന് ജയിച്ച ഭാരതിയാണ് പ്രസിഡന്റാകാൻ സാധ്യത.

പുത്തിഗെ എൽഡിഎഫ് ഭരിക്കും

പുത്തിഗെ ∙ പഞ്ചായത്തിൽ 14 വാർഡുകളിൽ എൽഡിഎഫിന് ഇത്തവണ 8 സീറ്റാണ് നേടാനായത്. ഇവിടെ എൽഡിഎഫിന്റെ ഭരണ തുടർച്ചയാണുണ്ടാവുക. കഴിഞ്ഞ തവണ സീറ്റൊന്നുമില്ലാതിരുന്ന കോൺഗ്രസ് ഒരു സീറ്റിൽ ജയിച്ചപ്പോൾ നിലവിലുണ്ടായിരുന്ന 3 സീറ്റും ലീഗിന് നഷ്ടപ്പെട്ടു. ഒരു സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി 4 സീറ്റ് നേടി നില മെച്ചപ്പെടുത്തി. ഇവിടെ സിപിഎമ്മിലെ സുബ്ബണ്ണ ആൾവ പ്രസിഡന്റാകും.

മഞ്ചേശ്വരത്തിന് യുഡിഎഫ് ഭരിക്കണമെങ്കിൽ സ്വതന്ത്രരുടെ പിന്തുണ വേണം

മഞ്ചേശ്വരം ∙ പഞ്ചായത്തിൽ ഒറ്റക്കു ഭരിക്കാൻ ആർക്കും ഭുരിപക്ഷമില്ല. 21 വാർഡുകളിൽ യുഡിഎഫ് 8, ബിജെപി 6, എൽഡിഎഫ് 3, എസ്ഡിപിഐ.2, സ്വതന്ത്രൻ 2 എന്നതാണു കക്ഷിനില. യുഡിഎഫിന് 3 സീറ്റിന്റെ കുറവ്. സ്വതന്ത്രരുമായി സഹകരിപ്പിച്ചു യുഡിഎഫ് ഭരണം നടത്താനുള്ള ശ്രമം നടക്കുന്നു. വാർഡ് 19ൽ നിന്നു വിജയിച്ച മുംതാസ് ഷമിർ പ്രസിഡന്റാകാനാണു സാധ്യത.

കുമ്പടാജെയിൽ യുഡിഎഫും ബിജെപിയും തുല്യം

കുമ്പടാജെ ∙ 13 സീറ്റുള്ള കുമ്പടാജെയിൽ യുഡിഎഫും ബിജെപിയും 6 സീറ്റ് വീതം നേടി തുല്യ നിലയിലാണ്. ഒരു സീറ്റുള്ള എൽഡിഎഫിന്റെ പിന്തുണയോടെയേ ഇവിടെ ഭരിക്കാനാവൂ. കഴിഞ്ഞ തവണ 7 സീറ്റ് നേടി യുഡിഎഫാണു ഭരിച്ചത്. എന്നാൽ ഇത്തവണ കോൺഗ്രസിന്റെ 10ാം വാർഡ് സിപിഐ സ്വതന്ത്രൻ പിടിച്ചെടുത്തതോടെയാണു സീറ്റ് എണ്ണത്തിൽ ആർക്കും മേധാവിത്വമില്ലാത്ത സ്ഥിതി വന്നത്. പിന്തുണ തേടുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നു യുഡിഎഫ് ബിജെപി നേതാക്കൾ പറഞ്ഞു. 

ബദിയടുക്കയിൽ യുഡിഎഫ്–ബിജെപി ബലാബലം

ബദിയടുക്ക ∙ 19 വാർഡുകളുള്ള പഞ്ചായത്തിൽ ഇത്തവണ യുഡിഎഫ്, ബിജെപി കക്ഷികൾക്ക് 8 വീതം തുല്യ സീറ്റുകൾ ലഭിച്ചതിനാൽ ഭരണത്തിലെത്താൻ പറ്റാത്ത സ്ഥിതിയാണ്. ഇരു കക്ഷികൾക്കും എൽഡിഎഫിന്റെ പിന്തുണ വേണം. എൽഡിഎഫിന് ഇവിടെ 3 സീറ്റുകളാണുള്ളത്.

കഴിഞ്ഞ തവണ യുഡിഎഫിന് 10, ബിജെപി 8, എൽഡിഎഫ് 1 എന്നതായിരുന്നു സീറ്റ് നില. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 2 സീറ്റ് കുറയുകയും എൽഡിഎഫിന് 2 സീറ്റ് കൂടുകയുമാണുണ്ടായത്. എൽഡിഎഫിന്റെ പിന്തുണ തേടുന്ന കാര്യം ഇരുമുന്നണികളും തീരുമാനിച്ചിട്ടില്ല. പിന്തുണ ആവശ്യമില്ലെങ്കിൽ നറുക്കെടുപ്പ് വേണ്ടി വരും. 

പൈവൊളിഗയിൽ എൽഡിഎഫും ബിജെപിയും തുല്യം

പഞ്ചായത്തിൽ ആർക്കും വ്യക്തമായ ഭുരിപക്ഷമില്ല. 19 വാർഡിൽ എൽഡിഎഫ് 8, ബിജെപി 8, യുഡിഎഫ് 3 എന്നതാണ് കക്ഷിനില. ഭരണത്തിൽ കയറാനുള്ള ശ്രമം എൽഡിഎഫും ബിജെപിയും നടത്തുന്നു. സ്വതന്ത്രരില്ലാത്തത് ഇരുമുന്നണികളെയും വിഷമത്തിലാക്കിയിട്ടുണ്ട്.1 കോൺ‌ഗ്രസ് സീറ്റും 2 ലീഗുമുള്ള യുഡിഎഫിന്റെ തീരുമാനം നിർണായകമാണ്. നാലാം വാർഡിൽ നിന്ന് ജയിച്ച കെ.ജയന്തിയാണ് ഇവിടെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.

കഷ്ടിച്ച് രക്ഷപ്പെട്ട് എൻമകജെ

പെർള ∙എൻമകജെ പഞ്ചായത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 17 സീറ്റിൽ 7 വീതം തുല്യ സീറ്റ് നേടിയതിൽ യുഡിഎഫ്, ബിജെപി കക്ഷികൾക്കുണ്ടായ ദുരിതം ചില്ലറയല്ല. എന്നാൽ ഇത്തവണ യുഡിഎഫിനു കഷ്ടിച്ചു രക്ഷപ്പെടാനായി. യുഡിഎഫ് 8 സീറ്റും ബിജെപി 5 സീറ്റുമാണ് നേടിയത്. 4 സീറ്റാണ് എൽഡിഎഫിനുള്ളത്. 2010ൽ പ്രസിഡന്റായ ജെ.എസ്.സേമശേഖര പ്രസിഡന്റാകാനാണ് സാധ്യത. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com