‘എനിക്കു വേദനിച്ചില്ല, പക്ഷേ ഒട്ടേറെ കുടുംബങ്ങളെ നിങ്ങൾ വേദനിപ്പിച്ചു’
Mail This Article
പെരിയ ∙ തിരഞ്ഞെടുപ്പു ദിനത്തിൽ അമ്പലത്തറ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പോളിങ് ബൂത്തിൽ നിന്നു വലിച്ചിറക്കി ഒരു സംഘമാളുകൾ ക്രൂരമായി മർദ്ദിക്കുമ്പോഴോ തള്ളിയിട്ട് ദേഹമാസകലം ചവിട്ടുമ്പോഴോ കൃഷ്ണകുമാർ മീങ്ങോത്തെന്ന മുൻ പഞ്ചായത്ത് അംഗത്തിനു വേദനിച്ചില്ല. പക്ഷേ ബൂത്തിനു സമീപമുണ്ടായിരുന്ന തന്റെ സ്കൂട്ടർ നശിപ്പിച്ച് അതിലുണ്ടായിരുന്ന ഒട്ടേറെ കുടുംബങ്ങളുടെ റേഷൻ കാർഡും ആധാർ കാർഡുമെല്ലാം എടുത്തു കൊണ്ടുപോയി എന്നറിഞ്ഞപ്പോൾ അദ്ദേഹം ശരിക്കും കരഞ്ഞുപോയി..
പുല്ലൂർ പെരിയ പഞ്ചായത്തിലെ മുൻ അംഗവും കോൺഗ്രസ് പ്രവർത്തകനുമായ സി.കൃഷ്ണകുമാർ ഇത്തവണ കുമ്പള വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. സിപിഎം ശക്തികേന്ദ്രമായ കുമ്പളയിൽ കൃഷ്ണകുമാറിന്റെ സ്ഥാനാർഥിത്വം വിജയത്തെ ബാധിക്കുമെന്നതാണ് ഒരു വിഭാഗം സിപിഎം പ്രവർത്തകരെ അദ്ദേഹത്തിനെതിരേ തിരിയാനിടയാക്കിയത്.
തിരഞ്ഞെടുപ്പുദിനത്തിൽ വൈകിട്ട് നടത്തിയ അക്രമത്തിൽ നിന്നു രക്ഷപ്പെടാൻ ഓടി ബൂത്തിൽ കയറിയ കൃഷ്ണകുമാറിനെ അക്രമികളിൽ നിന്നു രക്ഷപ്പെടുത്താൻ പോളിങ് ഉദ്യോഗസ്ഥരും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും ചേർന്ന് മറ്റൊരു മുറിയിൽ പൂട്ടിയിടുകയായിരുന്നു. കൂടുതൽ പൊലീസെത്തി കൃഷ്ണകുമാറിനെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും സിപിഎം പ്രവർത്തകർ എതിർത്തു. ഈ സമയമെല്ലാം കൃഷ്ണകുമാർ പൂട്ടിയിട്ട മുറിക്കകത്ത് വേദന കൊണ്ടു പുളയുകയായിരുന്നു.
ഏറെ ശ്രമകരമായാണ് പൊലീസ് വാഹനത്തിൽ പിന്നീട് കൃഷ്ണകുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഈ സമയം പൊലീസ് വാഹനത്തിനു നേരെയും കല്ലേറുണ്ടായി. മികച്ച പൊതുപ്രവർത്തകനുള്ള അവാർഡുൾപ്പെടെ നേടിയ കൃഷ്ണകുമാറിന്റെ ജനകീയതയെ എതിർ പാർട്ടിക്കാർ പോലും അംഗീകരിക്കുന്നതാണ്. സിപിഎം തട്ടകത്തിൽ ഇത്തവണ കൃഷ്ണകുമാർ തോറ്റത് 31 വോട്ടുകൾക്കും.
കഴിഞ്ഞ 5 വർഷം പഞ്ചായത്ത് അംഗമെന്ന നിലയിൽ അമ്പലത്തറ വാർഡിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി ആത്മാർഥമായി പ്രവർത്തിച്ച കൃഷ്ണകുമാർ ആക്രമിക്കപ്പെടുമ്പോഴും സ്കൂട്ടറിൽ ഉണ്ടായിരുന്നത് വാർഡിലെ ജനങ്ങളുടെ വിവിധ ആനുകൂല്യങ്ങൾക്കായുള്ള അപേക്ഷയും അനുബന്ധ രേഖകളുമാണ്. തിരഞ്ഞെടുപ്പ് ചെലവുകൾക്കായി കരുതിവെച്ച 16,000 രൂപയും നഷ്ടമായി. സഹോദരന്റെ പേരിൽ ബാങ്ക് വായ്പയെടുത്ത് വാങ്ങിയ സ്കൂട്ടറാണ് കൃഷ്ണകുമാർ ഉപയോഗിച്ചിരുന്നത്. ഇതാണ് നശിപ്പിച്ചത്.
താൻ വിജയിച്ചില്ലെങ്കിലും പുല്ലൂർ പെരിയ പഞ്ചായത്ത് ഭരണം യുഡിഎഫ് തിരികെ പിടിച്ചതിൽ ആശുപത്രക്കിടക്കയിലാണെങ്കിലും അഭിമാനിക്കുകയാണ് കൃഷ്ണകുമാർ. ഭരണം ലഭിച്ചിട്ടും കൃഷ്ണ കുമാറിനെപ്പോലെയുള്ള അംഗം തോറ്റതിലുള്ള സങ്കടം പഞ്ചായത്തിലെ കോൺഗ്രസുകാരും പങ്കു വയ്ക്കുന്നു. കൃഷ്ണകുമാറിനെ ആക്രമിച്ചതിനും പൊലീസിനെ ആക്രമിച്ചതിനും അമ്പലത്തറ പൊലീസ് സിപിഎം പ്രവർത്തകർക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല.