ADVERTISEMENT

തൃക്കരിപ്പൂർ ∙ കെപിസിസി നിർവാഹക സമിതി അംഗം പി.കെ.ഫൈസലിന്റെ വീടിനു നേരെ ബോംബേറ്. സ്ഫോടനത്തിൽ വീടിന്റെ ജനൽച്ചില്ലുകളും ഒന്നാം നിലയിലെ തൂണിന്റെ പാളികളും തകർന്നു.  മുറ്റത്ത് നിർത്തിയിട്ട കാറിനും കേടുപാടുണ്ട്. പടന്ന എടച്ചാക്കൈ കൊക്കാൽക്കടവിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് സംഭവം.സ്റ്റീൽ ബോംബ് ഉപയോഗിച്ചാണ് അക്രമം. രണ്ട് ബോംബുകൾ പൊട്ടിത്തെറിച്ചതായി കാണുന്നു. രാത്രി പന്ത്രണ്ടര കഴിഞ്ഞാണ് അക്രമം നടന്നതെന്ന് ഫൈസൽ പറഞ്ഞു. ഫൈസലും ഭാര്യയും മാതാവുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഉഗ്ര ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് അക്രമം നടന്നതായി കണ്ടത്. ഒന്നാം നിലയിലേക്കെറിഞ്ഞ ബോംബ് തൂണിന് കേടുപാടുവരുത്തി. കാറിന്റെ ചില്ലുകൾ തകർന്നു. വീടിന്റെ 5 ജനൽ ചില്ലുകളാണ് ബോംബേറിൽ ഉടഞ്ഞു ചിതറിയത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.പി.വിനോദ്, ചന്തേര എസ്ഐ മെൽവിൻ ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. 

  കെപിസിസി നിർവാഹക സമിതി അംഗം പി.കെ.ഫൈസലിന്റെ എടച്ചാക്കൈ കൊക്കാൽ കടവിലെ വീടിനു നേരെയുണ്ടായ അക്രമത്തിൽ ഒന്നാം നിലയിലെ തൂണിന്റെ പാളി തകർന്ന നിലയിൽ.
കെപിസിസി നിർവാഹക സമിതി അംഗം പി.കെ.ഫൈസലിന്റെ എടച്ചാക്കൈ കൊക്കാൽ കടവിലെ വീടിനു നേരെയുണ്ടായ അക്രമത്തിൽ ഒന്നാം നിലയിലെ തൂണിന്റെ പാളി തകർന്ന നിലയിൽ.

തദ്ദേശ തിരഞ്ഞടുപ്പിൽ പടന്ന പഞ്ചായത്തിലെ 10, 12 എന്നീ വാർഡുകൾ പിടിച്ചെടുക്കാൻ സർവസന്നാഹങ്ങളോടെയും സിപിഎം നടത്തിയ നീക്കങ്ങൾ തകർന്നു പോയതിന്റെ നിരാശയിൽ സിപിഎം ഒരുക്കിയ അക്രമമാണിതെന്നു ഫൈസൽ കുറ്റപ്പെടുത്തി. അക്രമം നടക്കുന്നതിനു രണ്ടു മണിക്കൂർ മുൻപ് ഒരു സിപിഎം നേതാവിന്റെ മകൻ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും ഫൈസൽ പറഞ്ഞു.സ്വന്തം പാർട്ടിയിലെ സാധാരണക്കാരായ പ്രവർത്തകരെ പോലും വോട്ടു കുറഞ്ഞതിന്റെ പേരിൽ തിരഞ്ഞു പിടിച്ച് അക്രമിക്കുന്നവർക്ക് നാട്ടിൽ സംഘർഷം സൃഷ്ടിക്കാനുള്ള നീക്കമാണെന്നും ഫൈസൽ ആരോപിച്ചു.

  കെപിസിസി നിർവാഹക സമിതി അംഗം പി.കെ.ഫൈസലിന്റെ വീട്ടിലെത്തിയ പി.ടി.തോമസ് എംഎൽഎ അക്രമ വിവരം തിരക്കുന്നു.
കെപിസിസി നിർവാഹക സമിതി അംഗം പി.കെ.ഫൈസലിന്റെ വീട്ടിലെത്തിയ പി.ടി.തോമസ് എംഎൽഎ അക്രമ വിവരം തിരക്കുന്നു.

സംഘർഷം: 20 പേർക്ക്എതിരെ കേസ്

തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടന്ന തെക്കെക്കാട്ടിൽ സിപിഎം ഔദ്യോഗിക വിഭാഗവും വിമതപക്ഷവും ഏറ്റുമുട്ടിയ സംഭവത്തിൽ രണ്ടു സർക്കാർ ജീവനക്കാരും സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഉൾപ്പെടെ 20 പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു.എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം പി.പി.രവിയുടെ വീട് കയ്യേറിയ സംഭവത്തിൽ ഭാര്യ കെ.പ്രീജ നൽകിയ പരാതിയിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എസ്.രമണൻ അടക്കം 8 പേർക്കെതിരെയും പി.വി.സുധീഷിന്റെ പരാതിയിൽ പി.പി.രവി, രജീഷ് എന്നിവർക്കെതിരെയും കെ.വി.ദാസന്റെ പരാതിയിൽ പി.പി.മധു, പി.പി.രവി, ഗോകുൽ, രാജേഷ് എന്നിവർക്കും കെ.വി.തമ്പാന്റെ പരാതിയിൽ സുബിൻ, ഹരീഷ്, ആനന്ദ് എന്നിവർക്കും എ.അനേഷിന്റെ പരാതിയിൽ ആനന്ദ് തുടങ്ങിയവർക്കെതിരെയുമാണ് കേസ്. സംഘർഷത്തിൽ ഇരുപക്ഷത്തുമായി 6 പേർ പരുക്കേറ്റ് ആശുപത്രിയിലായിരുന്നു. പാർട്ടി ഗ്രാമത്തിലെ ഏറ്റുമുട്ടൽ നേതൃത്വത്തിന് തലവേദനയാണ്. തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയുടെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞതാണ് സംഘർഷത്തിന് കാരണം.

   കിനാനൂർ കരിന്തളം കീഴ്മാല കരിക്കവളപ്പിൽ ഹൗസിലെ കെ.രത്നാകരന്റെ വീട് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ സന്ദർശിക്കുന്നു.
കിനാനൂർ കരിന്തളം കീഴ്മാല കരിക്കവളപ്പിൽ ഹൗസിലെ കെ.രത്നാകരന്റെ വീട് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ സന്ദർശിക്കുന്നു.

വോട്ടെണ്ണലിനു ശേഷമുണ്ടായ അക്രമങ്ങളിൽ കേസെടുത്തു

വോട്ടെണ്ണലിനു ശേഷം കിനാനൂർ കരിന്തളം പഞ്ചായത്തിലും നീലേശ്വരം തൈക്കടപ്പുറത്തുമുണ്ടായ  രാഷ്ട്രീയ സംഘർഷങ്ങളിൽ നീലേശ്വരം പൊലീസ് കേസ് എടുത്തു.യുഡിഎഫ് തിരഞ്ഞെടുപ്പ് ഏജന്റ് ആയ കോൺഗ്രസ് പ്രവർത്തകൻ കീഴ്മാല കരിക്കവളപ്പിൽ ഹൗസിലെ കെ.രത്നാകരന്റെ (50) വീടും വാഹനങ്ങളും തകർത്ത കേസിൽ 4 പേർക്കും കണ്ടാലറിയാവുന്ന 16 പേരും ഉൾപ്പെടെ 20 സിപിഎം പ്രവർത്തകർക്കെതിരെ കേസ് എടുത്തു. വോട്ടെണ്ണൽ ദിവസം വൈകിട്ട് 5 മണിക്കു നടന്ന അക്രമത്തിൽ ഇദ്ദേഹത്തിന്റെ ഓട്ടോയും ബൈക്കും തകർക്കുകയും വീടിനു കല്ലെറിയുകയും ചെയ്തിരുന്നു. 

വീട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വീട്ടുമുറ്റത്തു വളഞ്ഞു പിടിച്ച് തല്ലുകയും വീടിനു കല്ലെറിയുകയും ചെയ്തതായി പരാതിയിൽ പറഞ്ഞിരുന്നു. സൂരജ് വേളൂർ, സജി കരിന്തളം, വജി കരിന്തളം, രാഘവൻ കീഴ്മാല എന്നിവർക്കും കണ്ടാലറിയാവുന്ന 16 പേർക്കുമെതിരെയാണ് കേസ്. രത്നാകരന്റെ വീട് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ സന്ദർശിച്ചു. മണ്ഡലം പ്രസിഡന്റ് ഉമേശൻ വേളൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഡി.വി.ബാലകൃഷ്ണൻ, വാർഡ് പ്രസിഡന്റ് കെ.തമ്പാൻ നായർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

വീടിനു നേരെ ബോംബെറിഞ്ഞസംഭവത്തിൽ പ്രതിഷേധം

കെപിസിസി നിർവാഹക സമിതി അംഗം പികെ.ഫൈസലിന്റെ എടച്ചാക്കൈ കൊക്കാൽ കടവിലെ വീടിനു നേരെ ബോംബെറിഞ്ഞു കുടുംബത്തെ ഭീതിപ്പെടുത്തുകയും വീടിനു നാശമുണ്ടാക്കുകയും ചെയ്ത സംഭവത്തിൽ വ്യാപകമായ പ്രതിഷേധമുയർന്നു. പി.ടി.തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ നേതാക്കൾ ഫൈസലിന്റെ വീട്ടിലെത്തി. പ്രായമായ മാതാവും മറ്റും ഉറങ്ങുന്ന നേരത്തുള്ള ബോംബാക്രമണം സിപിഎം ന്യായികരിക്കുന്നുണ്ടോയെന്നു പി.ടി.തോമസ് ആരാഞ്ഞു. രാഷ്ട്രീയ എതിരാളിയെ കത്തിയും ബോംബും ഉപയോഗിച്ചു നേരിടുന്ന പ്രാകൃത രാഷ്ട്രീയത്തിൽ നിന്നു സിപിഎമ്മിനു ഒരു മാറ്റവും വന്നിട്ടില്ലെന്നതിന്റെ തെളിവാണ് ഫൈസലിനും കുടുംബത്തിനുമെതിരായ അക്രമമെന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.   അക്രമം നടത്തിയവരും അണിയറയിൽ പ്രവർത്തിച്ചവരും ഫൈസലിന്റെ കുടുംബത്തോട് മാപ്പ് പറയണം. സിപിഎമ്മിനെ പ്രതിരോധിച്ചു വളർന്ന ഫൈസലിനെ ഭീഷണിപ്പെടുത്താമെന്ന മോഹം വെറുതെയാണെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 

  ബോംബെറിഞ്ഞു കോൺഗ്രസ് നേതാക്കളെയും യുഡിഎഫിന്റെ പ്രവർത്തനത്തെയും നിർവീര്യമാക്കാമെന്ന ധാരണ വേണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം പി.സി.ചാക്കോ, കെപിസിസി വൈസ് പ്രസിഡന്റ് ടി.സിദ്ദീഖ്, ജനറൽ സെക്രട്ടറിമാരായ ജി.രതികുമാർ,  കെ.പി.അനിൽകുമാർ, സജീവ് ജോസഫ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ തുടങ്ങിയവർ അക്രമത്തിൽ പ്രതിഷേധിച്ചു. ജില്ലയിൽ അക്രമം അഴിച്ചു വിട്ട് സമാധാനം തകർക്കാനുള്ള നീക്കമാണ് സിപിഎമ്മിന്റേതെന്നും കോൺഗ്രസ്സിനും യുഡിഎഫിനുമെതിരായ അക്രമത്തിലൂടെ പ്രവർത്തകരെയും നേതാക്കളെയും തളർത്താമെന്നു കരുതുന്നത് മൗഢ്യമാണെന്നും യുഡിഎഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ എന്നിവർ പറഞ്ഞു.  അക്രമികളെ അടിയന്തരമായും പിടികൂടണമെന്നു മുസ്‌ലിം ലീഗ് ദേശീയ സമിതി അംഗം എ.ജി.സി.ബഷീർ, കെപിസിസി നിർവാഹക സമിതി അംഗങ്ങളായ കെ.പി.കുഞ്ഞിക്കണ്ണൻ, കെ.വി.ഗംഗാധരൻ തുടങ്ങിയവർ ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് നേതാവിനെതിരെസമൂഹമാധ്യമങ്ങളിൽ ഭീഷണി

യൂത്ത് കോൺഗ്രസ് പള്ളിക്കര മണ്ഡലം പ്രസിഡന്റ് രാകേഷ് കരിച്ചേരിക്ക്  സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി. ലാൽ സലാം എന്നു പേരിട്ട അക്കൗണ്ടിൽ നിന്നാണ് രാകേഷിന്റെ ഫോട്ടോ അടയാളപ്പെടുത്തിക്കൊണ്ടുള്ള  പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.    ‘പെരിയാട്ടടുക്കത്ത് യൂത്ത് കോൺഗ്രസ് പരിപാടി നടത്തിയപ്പോൾ തന്നെ നിന്നെ നോട്ടമിട്ടതാണെന്നും കൈയിൽ കിട്ടാൻ ഇനി അധികം കാത്തിരിക്കേണ്ടെന്നും’ ഇതിനു താഴെയുള്ള കുറിപ്പിലുണ്ട്. ഉമ്മൻചാണ്ടിക്കെതിരായി ആക്ഷേപകരമായി ഫേസ്ബുക്കിൽ കുറിപ്പിട്ട  കാഞ്ഞങ്ങാട് നഗരസഭയിലെ ജീവനക്കാരന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയതും ഡിവൈഎഫ്‌ഐക്കെതിരെ  പ്രചാരണം നടത്തിയതുമടക്കം രാകേഷ് സിപിഎമ്മിനെതിരെ നടത്തിയ പ്രവർത്തനങ്ങളും ഇതിൽ വിവരിക്കുന്നുണ്ട്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണു രാകേഷിനെതിരായി കൊലവിളി നടത്തുന്നതെന്ന് യൂത്ത് കോൺഗ്രസ് ഉദുമ നിയോജകമണ്ഡലം പ്രസിഡന്റ് അനൂപ് കല്യോട്ട് കുറ്റപ്പെടുത്തി. കുറ്റക്കാർക്കെതിരെ  നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അനൂപ് പറഞ്ഞു.

ബിജെപി പ്രസിഡന്റിന്റെ വീടിനു നേരെ കല്ലേറ്

പിലിക്കോട് പഞ്ചായത്ത് ബിജെപി പ്രസിഡന്റ് കെ.ടി.വി.മോഹന്റെ വീടിനു നേരെ കല്ലേറ്. എയുപി സ്കൂളിന് സമീപം മല്ലക്കരയിലെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ കല്ലേറ് നടന്നത്.   കല്ലേറിൽ ജനൽ ഗ്ലാസുകൾ തകർന്നു. പോർട്ടിക്കോവിന്റെ ചുമരിനും കേടുപാട് പറ്റി. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.    സംഭവം സ്ഥലം ഡിവൈഎസ്പി കെ.പി.വിനോദ്, ചന്തേര പൊലീസ് ഇൻസ്പെക്ടർ പി.നാരായണൻ എന്നിവർ സന്ദർശിച്ചു. മോഹനൻ ഇതു സംബന്ധിച്ച് ചന്തേര പൊലീസിൽ പരാതി നൽകി. ഇതിനു മുൻപ് മോഹനന്റെ വീടിന് സമീപം നിർത്തിയിട്ട ബിജെപി പ്രവർത്തകന്റെ ഓട്ടോ തീവച്ച് നശിപ്പിക്കുകയും, വീടിന് സമീപത്തെ കടമുറികൾക്ക് കരി ഓയിൽ ഒഴിക്കുകയും ചെയ്തിരുന്നു. കാഞ്ഞങ്ങാടെ ചുമട്ട് തൊഴിലാളിയാണ് മോഹനൻ.

അക്രമം ജാള്യം മറയ്ക്കാനുള്ള നാടകമെന്ന്സിപിഎം

കോൺഗ്രസ് നേതാവ് പി.കെ.ഫൈസലിന്റെ  വീടിനു നേരെ അക്രമം നടത്തിയെന്നത് ജാള്യം മറയ്ക്കാനുള്ള നാടകത്തിന്റെ ഭാഗവും  അശ്ലീല ആക്ഷേപത്തിൽ തിരിച്ചടി ഭയന്നുമാണെന്നു സിപിഎം നേതൃത്വം.തദ്ദേശ തിരഞ്ഞെടുപ്പിൽ മൃഗീയ ഭൂരിപക്ഷത്തിൽ ജയിക്കാറുള്ള സ്വന്തം വാർഡിൽ നാമമാത്രമായ വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചതിലെ ജാള്യം മറച്ചു പിടിക്കുന്നതിനും ഇടതുമുന്നണി സ്ഥാനാർഥിയെയും ജനകീയ സമിതി ഭാരവാഹികളെയും വ്യക്തിപരമായി ആക്ഷേപിച്ചത് തിരിച്ചടിയുണ്ടാക്കുമെന്നും ബോധ്യം വന്നപ്പോൾ ഒരുക്കിയെടുത്ത നാടകമാണ് അക്രമ കഥയെന്നും ഇതിനു പിന്നിലുള്ളവർ ഫൈസൽ തന്നെ ഏർപ്പെടുത്തിയവരാണെന്നും സിപിഎം ഉദിനൂർ ലോക്കൽ കമ്മിറ്റി പറഞ്ഞു.

പ്രതിഷേധിച്ചു

കെപിസിസി നിർവാഹക സമിതി അംഗം പി.കെ ഫൈസലിന്റെ വീടിനു നേരെ നടന്ന ബോംബേറിൽ പ്രവാസി കോൺഗ്രസ് പ്രതിഷേധിച്ചു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്ന് നേതാക്കളായ പത്മരാജൻ ഐങ്ങോത്ത്, രവി കുളങ്ങര എന്നിവർ ആവശ്യപ്പെട്ടു.

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അക്രമിച്ച സംഭവം:കേസെടുത്തു 

തായിറ്റ്യേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയേയും സഹപ്രവർത്തകരേയും മദ്യലഹരിയിൽ ആക്രമിച്ച് പരുക്കേൽപ്പിച്ച സംഭവത്തിൽ തായിറ്റ്യേരി സ്വദേശി അനീഷിന്റെ പേരിൽ പെരിങ്ങോം പൊലീസ് കേസെടുത്തു. കഴിഞ്ഞ 17ന് രാത്രി എട്ടോടെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി മധു, ഷിജു, കലേഷ് എന്നിവരെ അനീഷ് കത്തിയും, വടിയുമായി ആക്രമിച്ചത്.  നിസാര പരുക്കുകളോടെ മൂന്നുപേരെയും പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തായിറ്റ്യേരി വായനശാലാകെട്ടിടത്തിന്റെ മുകളിലേക്ക് ചാഞ്ഞ മരക്കൊമ്പ് മുറിച്ചുമാറ്റുവാൻ അനീഷിനെ ഏൽപ്പിച്ചിട്ടും യഥാസമയം മുറിച്ച് മാറ്റാത്തതിനെ ചോദ്യം ചെയ്യുമ്പോഴാണ് അനീഷ് കത്തിയും, വടിയുമെടുത്ത് വീശി പരിഭ്രാന്തി പടർത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com