ADVERTISEMENT

കാസർകോട് ∙ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം. പാർട്ടി ഓഫിസുകളിലെ സ്ഥല പരിമിതികൾ കണക്കിലെടുത്ത് മണ്ഡലം തലത്തിൽ തിരഞ്ഞെടുപ്പിനായി വിപുലമായ ഓഫിസുകൾ എല്ലാ മുന്നണികളും തയാറാക്കിക്കഴിഞ്ഞു.  പൊതുവായ രാഷ്ട്രീയ സാഹചര്യങ്ങളെ തങ്ങൾ‍ക്കനുകൂലമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികൾ. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് 2 മാസം മാത്രം പിന്നിട്ടതിനാൽ ഡിജിറ്റൽ പ്രചാരണത്തിൽ പ്രാദേശിക ഘടകങ്ങളെ സജീവമാക്കാൻ വലിയ പ്രയാസമുണ്ടാകില്ല എന്ന വിലയിരുത്തലും ഇടതു, വലത്, എൻഡിഎ മുന്നണികൾക്കുണ്ട്.

ഭരണ നേട്ടങ്ങളുമായി എൽഡിഎഫ്

സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി മുതലെടുത്താണ് എൽഡിഎഫ് പ്രചാരണം. സർക്കാരിന്റെ വികസന നേട്ടങ്ങൾ ഓരോ വിഭാഗം ജനങ്ങളിലുമെത്തിക്കുക എന്നതാണ് എൽഡിഎഫ് ലക്ഷ്യം.  സമൂഹ മാധ്യമങ്ങളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയാണ് പ്രവർത്തകർ മുന്നോട്ടു പോകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപേ തന്നെ എൽഡിഎഫ് പ്രാദേശിക കൂട്ടായ്മകൾ സജീവമാക്കിയിരുന്നു. വിവാദങ്ങൾക്കു മറുപടി നൽകാൻ മാത്രമല്ല സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ആകർഷകമായി ജനങ്ങളിലെത്തിക്കാനും ഇടതുപക്ഷം ഡിജിറ്റൽ പ്രചാരണം ഉപയോഗിക്കുന്നു. വിവിധ മേഖലകളിലെ പ്രമുഖരെ മുഖ്യമന്ത്രി സന്ദർശിക്കുന്ന കൂട്ടത്തിൽ സമൂഹ മാധ്യമങ്ങളിൽ സ്വാധീനമുള്ളവരെയും ഉൾപ്പെടുത്തിയിരുന്നു. 

kasargod-kanhangad-udf
യുഡിഎഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി പ്രവർത്തകർ കമ്മിറ്റി ഓഫിസിൽ.

പരിശീലനത്തിന്റെ മികവിൽ യുഡിഎഫ്

ഡിജിറ്റൽ പ്രചാരണങ്ങളിൽ പലപ്പോഴും പിന്നിലാകുന്നു എന്ന പരാതി ഒഴിവാക്കും വിധമാണ് ഇക്കുറി യുഡിഎഫിന്റെ ഇടപെടലുകൾ. ഘടക കക്ഷികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രചാരണങ്ങളാണ്. സിറ്റിങ് സീറ്റുകളിൽ രണ്ടിടത്തും ലീഗിന്റെ പ്രവർത്തകർ  ശക്തമായി പ്രചാരണത്തിനു നേതൃത്വം നൽകുന്നുണ്ട്.   ഡിജിറ്റൽ പ്രചാരണത്തിന്റെ മേൽനോട്ടത്തിന് 5 അംഗ കമ്മിറ്റിയാണ് നിലവിലുള്ളത്.  

നിയോജക മണ്ഡലങ്ങളിലും ഓൺലൈൻ ഏകോപനത്തിനു ചുമതലക്കാരുണ്ടാകും.തിരഞ്ഞെടുപ്പിൽ വിദ്വേഷപരമായ പ്രചാരണത്തിനു തുനിയില്ലെന്നും മറ്റു മുന്നണികൾ വർഗീയതയും വെറുപ്പും പരത്തുന്ന ഇടപെടലുകളാണു നടത്തുന്നതെന്നുമാണു യുഡിഎഫ് നിലപാട്. മണ്ഡലം കമ്മിറ്റികളാണ് കോൺഗ്രസിന്റെ ഏറ്റവും അടിത്തട്ടിലെ ശക്തിഘടകം. പഞ്ചായത്ത് അടിസ്ഥാനത്തിലാകും മുന്നണി ഓൺലൈൻ പ്രചാരണ സംഘത്തെ ഏകോപിപ്പിച്ച് പ്രചാരണം നടത്തുക. 

എൻഡിഎ കാസർകോട് മണ്ഡലത്തിൽ രാത്രിയിൽ ഡിജിറ്റൽ പ്രചാരണത്തിരക്കിൽ പ്രവർത്തകർ.
എൻഡിഎ കാസർകോട് മണ്ഡലത്തിൽ രാത്രിയിൽ ഡിജിറ്റൽ പ്രചാരണത്തിരക്കിൽ പ്രവർത്തകർ.

ബൂത്തിൽ വേരുറപ്പിക്കാൻ എൻഡിഎ

ബൂത്ത് തലത്തിൽ വാട്സാപ് കൂട്ടായ്മകൾ രൂപീകരിച്ച് പ്രചാരണം പരമാവധി അടിത്തട്ടിലെത്തിക്കുക എന്നതാണു മുന്നണിയുടെ ലക്ഷ്യം. പ്രധാനമായും ജയ സാധ്യതയുള്ള മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണു മണ്ഡലം തല പ്രവർത്തനം. തിരഞ്ഞെടുപ്പു കാലത്ത് അവധിയെടുത്ത് പ്രവർത്തനത്തിനെത്തുന്ന യുവാക്കളിലാണ് എൻഡിഎയുടെ പ്രതീക്ഷ. 

സംസ്ഥാന തല വിഷയങ്ങൾ, ജില്ല, മണ്ഡലം എന്നിങ്ങനെ ഓരോ തലങ്ങളിലായി പ്രത്യേകം പ്രചാരണ തന്ത്രങ്ങൾ മെനയും. സംസ്ഥാനത്തെ 3 സോണുകളായി  തിരിച്ചിട്ടുണ്ട്. സോണൽ കൺവീനർമാർ അവർക്കു കീഴിലെ ജില്ലകളിൽ ഇടപെടും. ആയിരത്തിലേറെ ബൂത്തുകളിൽ സമൂഹമാധ്യമ കൂട്ടായ്മകളുണ്ട്. അതിനാൽ ഏതു കാര്യവും നിമിഷ നേരം കൊണ്ട് ഏറ്റവും താഴത്തെ തട്ടിൽ  വരെ എത്തിക്കാമെന്ന് പ്രവർത്തകർക്ക് ആത്മ വിശ്വാസമുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com