അൽപം വീട്ടുവിശേഷം
Mail This Article
തിരഞ്ഞെടുപ്പിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം. മിക്ക സ്ഥാനാർഥികൾക്കും ഉറക്കമില്ലാത്ത നാളുകൾ. സ്വന്തം വീട്ടിലെത്തുന്നതു തന്നെ കുറവ്. എന്നാൽ വീട്ടുകാരുടെ പിന്തുണയും പ്രചാരണത്തിലെ സഹായവും സ്ഥാനാർഥികൾക്ക് ഏറെ നിർണായകം. ജില്ലയിലെ ചില സ്ഥാനാർഥികൾ തങ്ങളുടെ വീട്ടുവിശേഷം പങ്കുവയ്ക്കുന്നു
സി.എച്ച്.കുഞ്ഞമ്പു എൽഡിഎഫ് സ്ഥാനാർഥി, ഉദുമ
അഭിഭാഷകവൃത്തിക്ക് അവധി നൽകി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായ ആളാണ് ഉദുമയിലെ എൽഡിഎഫ് സ്ഥാനാർഥി സി.എച്ച്.കുഞ്ഞമ്പു. ഇത്തവണ പ്രചാരണത്തിനായി മുഴുവൻ സമയവും സജീവമാകാൻ സഹകരണ ബാങ്ക് സെക്രട്ടറിയായ ഭാര്യ സുമതിക്കു കഴിയില്ല. നിയമസഭയിലേക്കുള്ള മുൻ മത്സരങ്ങളിലെല്ലാം ഭർത്താവിനായി പ്രചാരണ രംഗത്തു സജീവമായിരുന്ന സുമതിക്ക് ഇത്തവണ കാസർകോട് മണ്ഡലത്തിലാണു പാർട്ടി ചുമതല നൽകിയിരിക്കുന്നത്. എങ്കിലും അവസാന മണിക്കൂറുകളിൽ ഉദുമ മണ്ഡലത്തിൽ ഭർത്താവിനു വോട്ടുതേടിയെത്താനാണു സുമതിയുടെ തീരുമാനം.
ഭർത്താവ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണെങ്കിൽ കാസർകോട് ടൗൺ കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയായ സുമതി സിപിഎം ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമാണ്. സംഘടനാ രംഗത്തെ പരിചയമാണ് ഇരുവരും തമ്മിലുള്ള വിവാഹത്തിലെത്തിയത്.ഏക മകൾ ശ്രുതിക്ക് ബെംഗളൂരു വിപ്രോയിലാണ് ജോലി. മരുമകൻ റാം പ്രകാശ് ബെംഗളൂരുവിൽ എൻജിനീയറാണ്.
ബാലകൃഷ്ണൻ പെരിയ യുഡിഎഫ് സ്ഥാനാർഥി, ഉദുമ
റേഡിയോ അവതരണരംഗത്തെ കാസർകോടിന്റെ ശബ്ദമായ ഉദുമയിലെ യുഡിഎഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയ കൊച്ചിയിലെ ആഡ്സ് പാർക്ക് പരസ്യ ഏജൻസിയുടെ എംഡിയാണ്. 2008 മുതൽ സ്ഥാപനത്തിന്റെ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന്റെ ചുമതല എംബിഎ ബിരുദധാരിയായ ഭാര്യ ശ്രീജയ്ക്കാണ്.
കോവിഡിനെത്തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് മുതൽ പെരിയയിലാണു കുടുംബം. കുടുംബശ്രീ സംരംഭമായ യുവകേരളം പദ്ധതിയുടെ മാനേജറാണിപ്പോൾ ശ്രീജ. ഭർത്താവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് പിന്നണിയിൽ സജീവമാണു ശ്രീജ. നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനുവേണ്ട സ്ക്രിപ്റ്റ് ബാലകൃഷ്ണന്റെ കൈയിലെത്തുന്നതിനു മുൻപ് ‘മിനുക്കി’യെടുക്കുന്നത് ശ്രീജയാണ്.മകൻ കൃഷ്ണാനന്ദ് സാഗർ കോട്ടയം അമൽജ്യോതി എൻജിനീയറിങ് കോളജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിദ്യാർഥിയാണ്. ഇളയമകൾ സ്നേഹാംബിക പത്താം ക്ലാസ് വിദ്യാർഥിനി.
എ.കെ.എം.അഷ്റഫ് യുഡിഎഫ് സ്ഥാനാർഥി, മഞ്ചേശ്വരം
ഉപ്പയെ ഇപ്പോൾ കാണണമെന്ന ശാഠ്യം പിടിക്കുന്ന ഇളയമകൻ ഷാക്കിലിനു വീടിനു സമീപത്തു കൂടി പോകുന്ന അനൗൺസ്മെന്റ് വാഹനത്തിൽ നിറഞ്ഞിരിക്കുന്ന ചിത്രം കാണിച്ചു കൊടുക്കേണ്ട സ്ഥിതിയാണ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എ.കെ.എം.അഷ്റഫിന്റെ ഭാര്യ മറിയം ഫൈറൂസയുടേത്.
ചാനലുകളിൽ സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ ഫോൺ കോളുകളുടെ പ്രവാഹമായിരുന്നു. ഉപ്പയെ നേരാവണ്ണം മക്കൾ കാണാത്തത് ഒരു മാസത്തിലേറെയായി, ചില ദിവസം അതിരാവിലെ അല്ലെങ്കിൽ ഏഴോടെ വീട്ടിൽ നിന്നിറങ്ങുമ്പോഴേക്ക് മക്കൾ എഴുന്നേൽക്കില്ല. തിരിച്ചെത്തുമ്പോൾ രാത്രിയേറെ വൈകും.
തിരക്കാണെങ്കിലും ആരോഗ്യ ശ്രദ്ധിക്കണമെന്നു ഫോണിലൂടെ വിളിച്ചു പറയാറുണ്ട്. 2 കുപ്പികളിൽ ചൂടുവെള്ളവും ചൂട് കാപ്പിയും രാവിലെ തന്നെ വാഹനത്തിൽ വയ്ക്കാറുണ്ട്. ഒപ്പം ഡ്രൈവറോട് എടുത്ത് കൊടുക്കാൻ ഓർമപ്പെടുത്തും.
വീടിനു സമീപത്തെ പ്രദേശങ്ങളിലാണ് പ്രചാരണ പരിപാടിയെങ്കിലും സമയമുണ്ടെങ്കിൽ വീട്ടിൽ കയറി വസ്ത്രം മാറി പോകാറുണ്ട്. ബന്ധുക്കളോടും സുഹൃത്തുകളോടും തിരിക്കിനിടെ ഭർത്താവിനായി വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ച് ഫോൺ വിളിക്കാറുണ്ടെന്നു മറിയം പറഞ്ഞു. മറ്റു മക്കൾ ഷാമില്‍, ഷാസിൽ, ഷാഹിൽ, ഷാബിൽ.
ഇ.ചന്ദ്രശേഖരൻ എൽഡിഎഫ് സ്ഥാനാർഥി, കാഞ്ഞങ്ങാട്
തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് എത്ര വൈകിയെത്തിയാലും പുലർച്ചെ 5.30ന് ഉണരുന്ന ശീലമാണ് ചന്ദ്രശേഖരന്റേത്. പിന്നീട് പത്രവായന. ഇതിനിടയിൽ ഭാര്യ വി.സാവിത്രി പ്രഭാത ഭക്ഷണം ഒരുക്കി വയ്ക്കും. പിന്നീട് പരവനടുക്കത്തെ വീട്ടിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക്. മുൻകൂട്ടി തയാറാക്കിയ പരിപാടികൾ പ്രകാരം തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക്. കഴിഞ്ഞ 5 വർഷം മന്ത്രിയായതിനാൽ ആഴ്ചയിൽ 2 ദിവസമേ വീട്ടിലെത്താറുള്ളൂ. നേരത്തെ തയാറാക്കിയ പരിപാടികൾ ഉണ്ടാകുമെന്നതിനാൽ വീട്ടിൽ നിൽക്കുക അപൂർവം.
ഞായറായാഴ്ച വൈകിട്ട് തിരുവനന്തപുരത്തേക്ക് തിരിക്കും. വീട് ഉദുമ മണ്ഡലത്തിൽ പെട്ടതിനാൽ അവിടെയാണ് പ്രചാരണത്തിന് പോകുന്നതെന്ന് ഭാര്യ സാവിത്രി പറയുന്നു. പിണറായി വിജയൻ കാഞ്ഞങ്ങാട് മണ്ഡലത്തിൽ വന്ന ദിവസം കാഞ്ഞങ്ങാട്ടേക്ക് പോയിരുന്നു. മകൾ നീലി ചന്ദ്രൻ കേന്ദ്ര സർവകലാശാലയിൽ ഗവേഷണ വിദ്യാർഥിയാണ്. പി.വിഷ്ണുവാണ് നീലിയുടെ ഭർത്താവ്. ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ്.
കെ.ശ്രീകാന്ത് എൻഡിഎ സ്ഥാനാർഥി, കാസർകോട്
രാവിലെ ആറിനു ഭാര്യ കെ.ആർ.കമലശ്രീ നൽകുന്ന ചായ കുടിച്ച് തൃക്കണ്ണാട്ടെ വീട്ടിൽ നിന്നിറങ്ങുന്ന ശ്രീകാന്ത് രാത്രി കഴിയും വീട്ടിൽ തിരിച്ചെത്താൻ. കാസർകോട് മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ.ശ്രീകാന്തിന്റെ വീടിരിക്കുന്നത് ഉദുമ മണ്ഡലത്തിലാണ്. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമയിലെ സ്ഥാനാർഥി ആയിരുന്നു.
ബിജെപി ജില്ലാ പ്രസിഡന്റ് സ്ഥാനാർഥി കൂടി ആയതോടെ തിരക്കോടു തിരക്ക്. പാലക്കുന്നിൽ കംപ്യൂട്ടർ അക്കാദമിയിൽ കംപ്യൂട്ടർ ഇൻസ്ട്രക്ടറാണ് ശ്രീകാന്തിന്റെ ഭാര്യ സുള്ള്യ മണ്ടക്കോൽ സ്വദേശിനിയായ കമലശ്രീ. കഴിഞ്ഞ തവണ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ നിർബന്ധിച്ചതാണ്. ജോലിയിൽ വിട്ടു വീഴ്ച ചെയ്യാൻ തയാറായില്ല.
സുഹൃത്തുക്കളെയും ബന്ധുക്കളെയും മറ്റും ഫോണിൽ വിളിച്ചു വോട്ട് അഭ്യർഥിക്കുന്നു. അനിരുദ്ധ്, അനഘ എന്നിവരാണു മക്കൾ. ശ്രീകാന്തിന്റെ അമ്മ യശോദയ്ക്കു 2 വർഷമായി കണ്ണിനു കാഴ്ചയില്ല. എങ്കിലും മകന്റെ ചിത്രം സഹിതമുള്ള വിഡിയോ ക്ലിപ്പിൽ മകനു വോട്ട് ചെയ്യാൻ അഭ്യർഥന നടത്തുന്നു. തൃക്കണ്ണാട് ക്ഷേത്രത്തിലെ വാതിൽകാപ്പ് ആയിരുന്നു ശ്രീകാന്തിന്റെ പിതാവ് പരേതനായ വാസുദേവ അരളിത്തായ.
പി.വി.സുരേഷ് യുഡിഎഫ് സ്ഥാനാർഥി, കാഞ്ഞങ്ങാട്
തിരഞ്ഞെടുപ്പിന് മുൻപ് രാവിലെ എണീറ്റ് പച്ചക്കറികൾക്ക് വെള്ളമൊഴിക്കലും പരിപാലനവുമാണ് പതിവ്. പിന്നീട് 8ന് റേഷൻ കടയിലേക്ക്. പാർട്ടി പരിപാടികൾ ഉണ്ടെങ്കിൽ രാവിലെ നേരെ അങ്ങോട്ട് പോകും. എന്നാൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായതോടെ തിരക്ക് കൂടി. രാവിലെ 5.30ന് ഇപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങും. അപ്പോഴേക്കും ഭാര്യ പി.സൗമ്യ പ്രഭാത ഭക്ഷണം ഒരുക്കി നൽകും. പിന്നീട് തിരഞ്ഞെടുപ്പ് തിരക്കിലേക്ക്. രാത്രി 12 മണി കഴിയും വീട്ടിലെത്താൻ.
ചില ദിവസങ്ങളിൽ വീട്ടിലേക്ക് വരാൻ പോലും സമയമുണ്ടാകില്ല. വരുന്ന ദിവസങ്ങളിൽ സുരേഷ് വരുന്നത് വരെ സൗമ്യ കാത്തിരിക്കും. ഈ സമയങ്ങളിൽ ഫോണിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് വോട്ട് അഭ്യർഥിക്കും. പകൽ നേരങ്ങളിൽ ഭർത്താവിന് വേണ്ടി പ്രചാരണത്തിനും പോകാറുണ്ട്. ഭാഗ്യലക്ഷ്മിയും ഭാഗ്യശ്രീയുമാണ് മക്കൾ. കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികളാണ് ഇരുവരും.
എം.രാജഗോപാലൻ എൽഡിഎഫ് സ്ഥാനാർഥി, തൃക്കരിപ്പൂർ
കയ്യൂർ ടൗണിന് സമീപത്തുള്ള ഫിനിക്സ് എന്ന വീട്ടിലാണ് രാജഗോപാലന്റെ താമസം. ഭാര്യ ലക്ഷ്മിക്കുട്ടിയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം. മകൻ സിദ്ധാർഥ് നിയമ വിദ്യാർഥിയാണ്. മകൾ അനുനിന്ദിത ഡോക്ടറാണ്. ദിനേശ് ബീഡി ലേബലിങ് തൊഴിലാളിയായ ലക്ഷ്മികുട്ടി ഭർത്താവിന്റെ എല്ലാ കാര്യങ്ങളിലും ശക്തിയായി കൂടെ തന്നെയുണ്ട്. രാവിലെ പ്രചരണത്തിനിറങ്ങുന്ന രാജഗോപാലൻ വീട്ടിൽ തിരിച്ചെത്തുന്നത് ഏറെ വൈകിയാണ്. അതുവരെ കാത്തിരിക്കാൻ ലക്ഷ്മികുട്ടിക്കു മടിയില്ല. സിറ്റിങ് എംഎൽഎയെന്ന നിലയിലും പാർട്ടി പ്രവർത്തകനെന്ന നിലയിൽ അതിനു മുൻപും തിരക്കുകൾ കുടുംബത്തിനു പരിചിതമാണ്.
എം.പി.ജോസഫ് യുഡിഎഫ് സ്ഥാനാർഥി, തൃക്കരിപ്പൂർ
സ്ഥാനാർഥിയായതോടെ പതിവുകളെല്ലാം മാറി. എട്ടു മണിക്കൂറോളം സുഖമായി ഉറങ്ങുന്ന ശീലമുണ്ടായിരുന്നു. അതൊക്കെ മാറി 4 മണിക്കൂറായെങ്കിലും തനിക്കു പ്രശ്നമല്ല. ഊർജ സ്വലരായ പ്രവർത്തകരാണ് തനിക്ക് ഊർജമെന്നാണു തൃക്കരിപ്പൂർ സ്ഥാനാർഥി എം.പി.ജോസഫ് പറയുന്നത്. പുലർച്ചെ 5.30 മുതൽ രാത്രി വൈകുവോളം നീണ്ടു നിൽക്കുന്ന പ്രചാരണ പരിപാടികളാണിപ്പോൾ. പ്രഭാത ഭക്ഷണം മുൻപും നിർബന്ധമല്ല.
ഭാര്യ സാലി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ പ്രചാരണത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം തൃക്കരിപ്പൂരിലെത്തിയിരുന്നു. മകൻ പോൾ ജോസഫ് ഷാർജയിൽ ബിസിനസ് ചെയ്യുന്നു. മകൾ നിതി ജോസഫ് യുഎസിലാണ്.